ഭുവനേശ്വർ: അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന ഭരണഘടനാപരമായ മാനദണ്ഡങ്ങൾ പൊലീസ് ലംഘിച്ചതിനാൽ ബലാത്സംഗക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് ഒറീസ ഹൈക്കോടതി. അറസ്റ്റുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിന് സംസ്ഥാന സർക്കാരിന് മാർഗനിർദേശങ്ങൾ നൽകിക്കൊണ്ട് ജസ്റ്റിസ് ഗൗരിശങ്കർ സതപതിയാണ് ജാമ്യം അനുവദിച്ചത്.
നബരംഗ്‌പൂർ ജില്ലയിൽ നിന്നുള്ള തൊഴിലാളികളെ ആന്ധ്രാപ്രദേശിലെ ഇഷ്ടികച്ചൂളകളിലേക്ക് അയച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ 2024 മാർച്ച് 14 ന് റായ്‌ഘർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിക്കാണ് ജ്യാമ്യം ലഭിച്ചത്.
അന്വേഷണത്തിനിടെ പോലീസ് 25 വയസ്സുള്ള ഒരു യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രതി തന്ന പീഡിപ്പിച്ചുവെന്നും ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയ ശേഷം വിവരം പുറത്തുപറഞ്ഞാൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകി.
റായ്‌ഘർ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച് പോലീസ് സംഘം മാർച്ച് 14 രാത്രി ഒഡീഷയിൽ നിന്ന് പുറപ്പെടുകയും മാർച്ച് 16 ന് ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലുള്ള വേദരുകുപ്പത്തിൽ എത്തിച്ചേരുകയും ചെയ്തു.
മാർച്ച് 16 ന് വൈകുന്നേരം ഏകദേശം 4 മണിയോടെ പ്രതിയെ പിടികൂടുകയും അന്ന് രാത്രി 9 മണിക്ക് പോലീസ് സംഘം ആന്ധ്രാപ്രദേശിൽ നിന്ന് തിരിക്കുകയും ചെയ്തു. മാർച്ച് 18 ന് രാവിലെ 7 മണിയോടെ ഇവർ റായ്‌ഘർ പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നു. മാർച്ച് 18-ന് ഉച്ചയ്ക്ക് 2 മണിക്കാണ് പ്രതിയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയതെങ്കിലും മാർച്ച് 19 ന് രാവിലെ 10 മണിക്ക് മാത്രമാണ് കോടതിയിൽ ഹാജരാക്കിയത്.
ബി.എൻ.എസ് 58-ാം വകുപ്പും ഭരണഘടനയുടെ 22(2)-ാം അനുച്ഛേദവും പരിഗണിക്കുമ്പോൾ 2024 മാർച്ച് 16 ന് വൈകുന്നേരം 4 മണിക്ക് ഹരജിക്കാരനെ കസ്റ്റഡിയിലെടുത്ത സമയമാണ് കണക്കിലെടുക്കേണ്ടത് എന്ന് ജസ്റ്റിസ് സതപതി നിരീക്ഷിച്ചു.
യാത്രാസമയം ഒഴിവാക്കിയാലും കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് പ്രതി 32 മണിക്കൂർ കസ്റ്റഡിയിൽ കഴിഞ്ഞുവെന്നും ഇത് നിയമപരമായി അനുവദനീയമായ 24 മണിക്കൂർ പരിധിക്ക് പുറത്താണെന്നും കോടതി നിരീക്ഷിച്ചു.
പ്രതിയെ ആന്ധ്രാപ്രദേശിലെ ഏറ്റവും അടുത്തുള്ള മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയോ, അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ ഡയറിയിൽ രേഖപ്പെടുത്തുന്നതിനായി പ്രാദേശിക പോലീസ് സ്റ്റേഷനിൽ കൊണ്ടുപോവുകയോ ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ വീഴ്ച പ്രതിയുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് സതപതി ജാമ്യം അനുവദിക്കുകയായിരുന്നു.
Content Highlight: Odisha High Court grants bail to accused in rape case, who was not produced within 24 hours