നീണ്ട ഇടവേളയ്ക്ക് ശേഷം കോഹ്ലിയും രോഹിത്തുമിറങ്ങുന്നു; ഓസ്ട്രേലിയയില്‍ ഇന്ന് ഗ്ലാമര്‍ പോര്
Cricket
നീണ്ട ഇടവേളയ്ക്ക് ശേഷം കോഹ്ലിയും രോഹിത്തുമിറങ്ങുന്നു; ഓസ്ട്രേലിയയില്‍ ഇന്ന് ഗ്ലാമര്‍ പോര്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th October 2025, 7:33 am

സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും കളിക്കളത്തില്‍ വീണ്ടും കാണാനുള്ള കാത്തിരിപ്പിന് അവസാനമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് നടക്കുന്ന ഓസ്‌ട്രേലിയക്ക് എതിരെയുള്ള ഒന്നാം ഏകദിനത്തിലാണ് ഇരുവരും വീണ്ടും കളിക്കാനെത്തുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഇരുവരും അവസാനമായി ഇന്ത്യക്കായി കളിച്ചത്.

അതിന് ശേഷം ഇരുവരും കളിക്കുന്ന ആദ്യ പരമ്പരയ്ക്കാണ് ഇന്ന് ഓസ്ട്രേലിയയില്‍ തുടക്കമാവുന്നത്. ഇതുകൊണ്ട് തന്നെ ക്രിക്കറ്റ് ലോകത്തിന്റെ എല്ലാ കണ്ണുകളും ഇന്ന് പെര്‍ത്തിലെ ഓപ്റ്റസ് സ്റ്റേഡിലത്തിലേക്കാവും. കങ്കാരുക്കള്‍ക്കെതിരെ വിജയം സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുമ്പോള്‍ ഇവര്‍ തന്നെയായിരിക്കും ശ്രദ്ധകേന്ദ്രമെന്ന് ഉറപ്പ്.

കോഹ്ലിയുടെയും രോഹിത്തിന്റെയും സാന്നിധ്യത്തിന് പുറമെ, ഇന്ത്യന്‍ സംഘം പുതിയ നായകന് കീഴില്‍ ഇറങ്ങുന്നുവെന്നതും ഈ പരമ്പരയുടെ പ്രത്യേകതയാണ്. രോഹിത്തിന് പകരമെത്തിയ ശുഭ്മന്‍ ഗില്ലിന് ഏകദിന ക്യാപ്റ്റന്‍സിയില്‍ പെര്‍ത്തില്‍ അരങ്ങേറ്റമാണ്. പുതിയ റോളില്‍ ഗില്ലിന് ലഭിച്ചിരിക്കുന്നത് കരുത്തരായ എതിരാളികളെയാണ്.

അതിനാല്‍, ക്രിക്കറ്റില്‍ അതികായരായ ഓസ്ട്രേലിയക്കെതിരെ അവരുടെ മണ്ണില്‍ ഇന്ത്യയുടെ പുതിയ ക്യാപ്റ്റന്‍ എങ്ങനെ ടീമിനെ ഇറക്കുമെന്ന് കൂടിയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ടെസ്റ്റില്‍ ഇംഗ്ലണ്ടിനും വെസ്റ്റ് ഇന്‍ഡീസിനും എതിരെ എടുത്ത മികവ് ഗില്ലിന് ഓസീസിന് എതിരെയും പുറത്തെടുക്കാന്‍ കഴിയുമോയെന്നും ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ വീക്ഷിക്കുന്ന ഒന്നാണ് . തീര്‍ച്ചയായും ഈ മത്സരത്തില്‍ ക്യാപ്റ്റന്റെയും പ്രകടനങ്ങളും വിലയിരുത്തപ്പെടും.

ഈ താരങ്ങള്‍ക്കൊപ്പം കരുത്തുറ്റ ഒരു ടീമുമായാണ് ഇന്ത്യ ഓസ്‌ട്രേലിയ പര്യടനത്തിന് എത്തിയിരിക്കുന്നത്. ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, യശസ്വി ജെയ്‌സ്വാള്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്ന് തുടങ്ങുന്ന ഒരു വലിയ താരനിര തന്നെയാണ് ടീമില്‍ അണിനിരക്കുന്നത്. ഇത് മെന്‍ ഇന്‍ ബ്ലൂവിന്റെ ആത്മവിശ്വാസം കൂട്ടും.

ഇരുവരും അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്കായിരുന്നു ജയമെന്നതും ഗില്ലിനും സംഘത്തിനും പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍, അവരുടെ മണ്ണില്‍ ഇറങ്ങുമ്പോള്‍ കങ്കാരുക്കളെ സൂക്ഷിക്കേണ്ടതുണ്ട്. മൂന്ന് തവണ ഓസീസില്‍ പരമ്പരക്ക് ഇറങ്ങിയപ്പോള്‍ രണ്ട് തവണയും ആതിഥേയര്‍ക്കായിരുന്നു വിജയം. ഇതെല്ലാം ചേരുമ്പോള്‍ ഈ പരമ്പരയും ആരാധകര്‍ക്ക് ഒരു മികച്ച അനുഭവമായിരിക്കും നല്‍കുക.

Content Highlight: Three match ODI series between India and Australia begins today; Virat Kohli and Rohit Sharma will play after a long time