പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം ടി-20യിലും സന്ദര്‍ശകര്‍ക്ക് പരാജയം. ആദ്യ മത്സരത്തില്‍ ഒമ്പത് വിക്കറ്റിന് പരാജയപ്പെട്ട പാകിസ്ഥാന്‍ യൂണിവേഴ്‌സിറ്റി ഓവലില്‍ നടന്ന രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.
മോശം കാലാവസ്ഥ മൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 136 റണ്‍സിന്റെ വിജയലക്ഷ്യം 11 പന്ത് ശേഷിക്കെ ന്യൂസിലാന്‍ഡ് മറികടക്കുകയായിരുന്നു.
ന്യൂസിലാന്‍ഡ് ഇന്നിങ്‌സിന്റെ മൂന്നാം ഓവറില്‍ സീഫെര്‍ട്ട് നാല് സിക്‌സറാണ് അടിച്ചെടുത്തത്. ആദ്യ ഓവര്‍ മെയ്ഡനാക്കിയതിന്റെ ആത്മവിശ്വാസവുമായി തന്റെ സ്‌പെല്ലിലെ രണ്ടാം ഓവര്‍ എറിയാനെത്തിയ അഫ്രിദിയെ സീഫെര്‍ട്ട് അക്ഷരാര്‍ത്ഥത്തില്‍ തല്ലിച്ചതച്ചു.
ആദ്യ രണ്ട് പന്തിലും സീഫെര്‍ട്ട് സിക്‌സര്‍ നേടി. മൂന്നാം പന്ത് ഡോട്ടായപ്പോള്‍ നാലാം പന്തില്‍ ഡബിളോടി സ്‌ട്രൈക്ക് നിലനിര്‍ത്തി. അഞ്ചാം പന്ത് ഡീപ് മിഡ് വിക്കറ്റിലൂടെയും അവസാന പന്ത് ഡീപ് സ്‌ക്വയര്‍ ലെഗിലൂടെയും ഗ്യാലറിയിലെത്തിച്ച് 26 റണ്‍സാണ് മൂന്നാം ഓവറില്‍ താരം സ്വന്തമാക്കിയത്.
ടീം സ്‌കോര്‍ 66ല്‍ നില്‍ക്കവെ സീഫെര്‍ട്ടിനെ മുഹമ്മദ് അലി പുറത്താക്കി. ഷഹീന്‍ അഫ്രിദിക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. അഞ്ച് സിക്‌സറും മൂന്ന് ഫോറും ഉള്‍പ്പടെ 22 പന്തില്‍ 45 റണ്‍സാണ് കിവീസ് ഓപ്പണര്‍ സ്വന്തമാക്കിയത്.
അധികം വൈകാതെ ഫിന്‍ അലനെയും പാകിസ്ഥാന്‍ പുറത്താക്കി. 16 പന്തില്‍ അഞ്ച് സിക്‌സറും ഒരു ഫോറും അടക്കം 237.50 സ്‌ട്രൈക്ക് റേറ്റില്‍ 38 റണ്‍സാണ് താരം അടിച്ചെടുത്തത്.
ഇരുവരും അടിത്തറയിട്ട ചെയ്‌സിങ് പിന്നാലെയെത്തിയവര്‍ പൂര്‍ത്തിയാക്കിയതോടെ ന്യൂസിലാന്‍ഡ് പരമ്പരയിലെ രണ്ടാം വിജയവും സ്വന്തമാക്കി.
ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 2-0 ന് മുമ്പിലാണ് കിവീസ്. മാര്‍ച്ച് 21നാണ് പരമ്പരയിലെ മൂന്നാം മത്സരം. ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കാണ് വേദി. മൂന്നാം മത്സരവും വിജയിച്ച് സീരിസ് സ്വന്തമാക്കാന്‍ ന്യൂസിലാന്‍ഡ് ഒരുങ്ങുമ്പോള്‍ പരമ്പര നഷ്ടപ്പെടാതെ കാക്കാനാകും പാകിസ്ഥാന്‍ ശ്രമിക്കുക.
Content Highlight: NZ vs PAK: New Zealand defeated Pakistan in 2nd T20