പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും പരാജയപ്പെട്ട് സന്ദര്‍ശകര്‍ പരമ്പര അടിയറവ് വെച്ചിരിക്കുകയാണ്. ബുധനാഴ്ച ഹാമില്‍ട്ടണില്‍ നടന്ന മത്സരത്തില്‍ 84 റണ്‍സിന്റെ പരാജയമാണ് പാകിസ്ഥാന് നേരിടേണ്ടി വന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പര്‍ മിച്ചല്‍ ഹേയുടെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 78 പന്ത് നേരിട്ട് പുറത്താകാതെ 99 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഏഴ് സിക്‌സറും അത്ര തന്നെ ഫോറും അടങ്ങുന്നതായിരുന്നു ഹേയുടെ ഇന്നിങ്‌സ്.
മുഹമ്മദ് അബ്ബാസ് (66 പന്തില്‍ 41) നിക്ക് കെല്ലി (23 പന്തില്‍ 31) എന്നിവരുടെ ഇന്നിങ്‌സുകളും കിവീസ് നിരയില്‍ നിര്‍ണായകമായി.
ന്യൂസിലാന്‍ഡ് ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ പുറത്താകാതെ 99 റണ്‍സ് സ്വന്തമാക്കിയതോടെ മിച്ചല്‍ ഹേ ഒരു അപൂര്‍വ ലിസ്റ്റിലും ഇടം നേടിയിരുന്നു. ഒരു ഏകദിന മത്സരത്തില്‍ 99 റണ്‍സില്‍ പുറത്താകാതെ നിന്ന രണ്ടാമത് ന്യൂസിലാന്‍ഡ് താരമെന്ന നേട്ടമാണ് ഹേ സ്വന്തമാക്കിയത്.
1981ല്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ 136 പന്ത് നേരിട്ട് പുറത്താകാതെ 99 റണ്‍സ് നേടിയ ബ്രൂസ് എഡ്ഗറാണ് ഈ നേട്ടത്തിലെത്തിയ ആദ്യ കിവീസ് താരം.
ഈ റെക്കോഡിലെത്തുന്ന ആദ്യ ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പര്‍ കൂടിയാണ് മിച്ചല്‍ ഹേ. എന്നാല്‍ 99 റണ്‍സില്‍ പുറത്താകാതെ നില്‍ക്കവെ ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടി വന്ന വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയെടുക്കുമ്പോള്‍ ഹേ ഒറ്റയ്ക്കല്ല. ഷെവ്‌റോണ്‍സ് ഇതിഹാസ താരം ആന്‍ഡ് ഫ്‌ളവറും യു.എ.എ താരം സ്വപ്‌നില്‍ പാട്ടീലുമാണ് നേരത്തെ ഈ ലിസ്റ്റിലുണ്ടായിരുന്നത്.
With a blistering unbeaten 99 from just 78 balls, including 7 fours and 7 sixes, to anchor the batting innings – the ANZ Player of the Match – Mitch Hay 🏅 #NZvPAK#CricketNationpic.twitter.com/20iDdDUtFP
മത്സരത്തിന്റെ അവസാന ഓവര്‍ സ്‌ട്രൈക്കില്‍ നില്‍ക്കവെ 72 പന്തില്‍ 77 റണ്‍സാണ് ഹേയുടെ പേരിലുണ്ടായിരുന്നത്. 2, 0, 6, 6, 4, 4 എന്നിങ്ങനെ സ്‌കോര്‍ ചെയ്തതോടെയാണ് താരം 99ലെത്തിയത്.
മത്സരത്തില്‍ പാകിസ്ഥാനായി സോഫിയാന്‍ മഖീമും മുഹമ്മദ് വസീം ജൂനിയറും രണ്ട് വിക്കറ്റ് വീതവും ഫഹീം അഷ്‌റഫ്, ആകിഫ് ജാവേദ്, ഹാരിസ് റൗഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തുടക്കം പാളി. ഒമ്പത് റണ്‍സിനിടെ മൂന്ന് വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. അബ്ദുള്ള ഷഫീഖ് 11 പന്തില്‍ ഒരു റണ്ണിനും അമാം ഉള്‍ ഹഖ് 12 പന്തില്‍ മൂന്ന് റണ്‍സിനും പുറത്തായി. നേരിട്ട മൂന്നാം പന്തില്‍ ജേകബ് ഡഫിക്ക് വിക്കറ്റ് സമ്മാനിച്ച് ഒരു റണ്ണുമായി ബാബര്‍ അസവും പുറത്തായി.
മുഹമ്മദ് റിസ്വാനും ആഘാ സല്‍മാനും ഒറ്റയക്കത്തിന് മടങ്ങിയപ്പോള്‍ ഫഹീം അഷ്‌റഫ്, നസീം ഷാ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് പാകിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
Pace man impact early! Will O’Rourke, Jacob Duffy and Ben Sears with early breakthroughs to have Pakistan five down inside 12 overs. Follow play LIVE and free in NZ on TVNZ DUKE, TVNZ+ 📺 Sport Nation NZ and The ACC 📻 LIVE scoring | https://t.co/6hz577JVob 📲 #NZvPAK… pic.twitter.com/slqGVy3GCR
കിവീസിനായി ബെന്‍ സീര്‍സ് അഞ്ച് വിക്കറ്റുമായി തിളങ്ങി. ജേകബ് ഡഫി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വില്‍ ഒ റൂര്‍കും നഥാന്‍ സ്മിത്തും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ഏപ്രില്‍ അഞ്ചിനാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. മൗണ്ട് മംഗനൂയിയിലെ ബേ ഓവലാണ് വേദി.
Content Highlight: NZ vs PAK: Mitchell Hay becomes the second from New Zealand to be 99 not out in an ODI