പുറത്തുപോകുമ്പോൾ സ്ത്രീകൾ വന്ന് ഒന്നും പറയാതെ എന്നെ കെട്ടിപ്പിടിച്ച് കരയാറുണ്ട് ചിലപ്പോൾ ഞാനും കരഞ്ഞുപോകും: അനുമോൾ
Malayalam Cinema
പുറത്തുപോകുമ്പോൾ സ്ത്രീകൾ വന്ന് ഒന്നും പറയാതെ എന്നെ കെട്ടിപ്പിടിച്ച് കരയാറുണ്ട് ചിലപ്പോൾ ഞാനും കരഞ്ഞുപോകും: അനുമോൾ
നന്ദന. ടി
Friday, 17th July 2026, 2:51 pm

ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ തമിഴ് മെഡിക്കൽ ഡ്രാമ വെബ് സീരീസാണ് ഹാർട്ട് ബീറ്റ്. ആർ.കെ മൾട്ടിസ്പെഷ്യാലിറ്റി എന്ന ആശുപത്രിയിലെ സർജിക്കൽ ഇന്റേൺസ്, റെസിഡന്റ്സ്, ഡോക്ടർമാർ എന്നിവരുടെ കരിയറിലെയും വ്യക്തിജീവിതത്തിലെയും തീക്ഷ്ണമായ നിമിഷങ്ങളിലൂടെയാണ് ഈ പരമ്പര കടന്നുപോകുന്നത്. ഹോളിവുഡ് പരമ്പര ഗ്രേസ് അനാട്ടമി യോട് ഉപമിക്കാവുന്ന തരത്തിലുള്ള മെയ്ക്കിങ് ഈ പരമ്പരയെ തമിഴിലും മലയാളത്തിലും ഉൾപ്പെടെ വലിയ ജനപ്രിയമാക്കിയത്. ഇതിനോടകം തന്നെ 100 എപ്പിസോഡുകൾ വീതമുള്ള രണ്ട് സീസണുകൾ വിജയകരമായി പൂർത്തിയാക്കിയ ഈ സീരീസിന്റെ മൂന്നാം സീസൺ ഈ മാസം അവസാനം, ജൂലൈ 30-ന് പ്രേക്ഷകരിലേക്ക് എത്തുകയാണ്.

അനുമോൾ.photo.Facebook

പരമ്പരയിൽ ‘ഡോ. രതി ത്യാഗരാജൻ’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇവൻ മേഘരൂപൻ, അകം, ജമ്‌നാ പ്യാരി  എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മലയാളി താരം അനുമോളാണ്. ഇപ്പോഴിതാ, ഈ സീരീസിന് പിന്നാലെ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന വൈകാരിക പ്രതികരണങ്ങളെക്കുറിച്ച് പറയുകയാണ് താരം. ഈ മാസം 24-ന് തിയേറ്ററുകളിൽ എത്തുന്ന തന്റെ പുതിയ ചിത്രമായ ലർക്കിന്റെ പ്രൊമോഷന്റെ ഭാഗമായി മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനുമോൾ.

‘എന്റെ അയലി എന്ന വെബ് സീരീസ് കണ്ടിട്ടാണ് അവർ എന്നെ ഹാർട്ട് ബീറ്റിലേക്ക് വിളിക്കുന്നത്. സത്യം പറഞ്ഞാൽ ഞാൻ ചെയ്യില്ല എന്ന് പറഞ്ഞ് ഒഴിവാക്കിയ ഒരു പ്രൊജക്റ്റ് ആയിരുന്നു അത്. ആറുമാസമൊക്കെ ഒരുമിച്ച് മാറ്റിവെക്കേണ്ടി വരുമ്പോൾ ഇടയ്ക്ക് വെച്ച് എനിക്ക് മടുത്തുപോയാലോ എന്നൊരു പേടി ഉള്ളതുകൊണ്ടായിരുന്നു ആദ്യം ഒഴിഞ്ഞുമാറിയത്. എന്നാൽ നാല് മാസത്തോളം അവർ എന്റെ പിന്നാലെ നടന്ന് നിർബന്ധിച്ചതുകൊണ്ടാണ് ഞാൻ അത് ചെയ്യാമെന്ന് സമ്മതിക്കുന്നത്. ഇന്ന് ആലോചിക്കുമ്പോൾ അന്ന് ഞാൻ ആ അവസരം ഒഴിവാക്കിയിരുന്നെങ്കിൽ വലിയ കുറ്റബോധം തോന്നിയേനെ. കാരണം ഞാൻ ചെയ്ത രതി എന്ന ആ കഥാപാത്രത്തിന് എല്ലാ ലെയേഴ്സും ഉണ്ട്.

ഇപ്പോൾ പുറത്തൊക്കെ പോവുകയാണെങ്കിൽ ഒരുപാട് സ്ത്രീകൾ വന്ന് ഒന്നും പറയാതെ എന്നെ കെട്ടിപ്പിടിച്ച് കരയാറുണ്ട്. ചിലപ്പോഴൊക്കെ ഞാനും അവരുടെ കൂടെ കരഞ്ഞുപോകാറുണ്ട്. അപ്പോൾ അവർ കാണുന്നത് അനുമോളെയല്ല, രതിയെയാണ്. ആ കഥാപാത്രം പ്രേക്ഷകരിൽ അത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ചിലരൊക്കെ വന്ന് മാലയിടുകയും പൂവൊക്കെ തരികയും ചെയ്യാറുണ്ട്. അതുമാത്രമല്ല, ചുറ്റും ഒരുപാട് സ്ത്രീകൾ വന്നിട്ട് അവരുടെ ജീവിതം മാറിയ കഥകൾ പറയാറുണ്ട്.

രതി അങ്ങനെ ചെയ്യുന്നുണ്ടല്ലോ, അപ്പോൾ നമ്മൾക്ക് ചെയ്താൽ എന്താ’ എന്ന് ചിന്തിച്ച് അവർ ഒറ്റയ്ക്ക് ജീവിക്കാനും ഒറ്റയ്ക്ക് യാത്ര ചെയ്യാനും തുടങ്ങി. കഴിഞ്ഞ ദിവസം ഒരു സ്ത്രീ ആദ്യമായി ഫ്ലൈറ്റിൽ കയറിയ സന്തോഷം പങ്കുവെച്ച് എനിക്ക് ഫോട്ടോ അയച്ചു തന്നിരുന്നു. പണ്ടൊക്കെ ഞാൻ വിചാരിക്കാറുണ്ട്, നമ്മൾ ചെയ്യുന്ന ഒരു കഥാപാത്രം ആരെയെങ്കിലും ചിന്തിപ്പിക്കുകയോ പ്രചോദിപ്പിക്കുകയോ ചെയ്യുക എന്നത് വലിയൊരു കാര്യമാണെന്ന്, ഇപ്പോൾ ഞാൻ അത് നേരിട്ട് അനുഭവിച്ചറിയുകയാണ്. അത് കാണുമ്പോൾ വലിയ സന്തോഷമുണ്ട്,’ അനുമോൾ പറഞ്ഞു.

ഹാർട്ട് ബീറ്റ്.photo.Hulu

Content Highlight: Anumol talks about  audience responses to her tamil series Heart Beat

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം