തിരുവനന്തപുരം: ബി.ജെ.പിയുമായി ഒരിക്കലും സഹകരിച്ചിട്ടില്ലാത്ത ഒരാളാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായരെന്നും ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് തോന്നിയതിനാലാവാം ഐക്യ ചർച്ചയിൽ നിന്നും മാറി ചിന്തിച്ചതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
ഐക്യം ഉപേക്ഷിക്കാനുള്ള മുഖ്യകാരണമായി മനസിലാക്കാൻ സാധിക്കുന്നത് തുഷാർ വെള്ളാപ്പള്ളിയെ ഐക്യ ചർച്ചയ്ക്ക് അയക്കാൻ തീരുമാനിച്ചതാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തുഷാർ വെള്ളാപ്പള്ളി എസ്.എൻ. ഡി. പിയുടെ വൈസ് പ്രസിഡന്റ് ആണെങ്കിലും അദ്ദേഹം ബി.ജെ.പിയുടെ ഘടക കക്ഷിയായ ബി.ഡി.ജെ.എസിന്റെ ചെയർമാൻ കൂടിയാണെന്നും എൻ.ഡി.എയുടെ അംഗമാണെന്നും അദ്ദേഹം കൂട്ടിച്ചേത്തു.
തുഷാർ വെള്ളാപ്പള്ളി ചർച്ചയിലേക്ക് വരുമ്പോൾ പ്രൊ ബി.ജെ.പി ലൈനിലേക്ക് പോകുമോയെന്ന് സ്വാഭാവികമായും എൻ.എസ്.എസിന് തോന്നിക്കാണുമെന്നും അദ്ദേഹം പറഞ്ഞു.
മുന്നോക്ക സമുദായ സംഘടനയായിട്ടുപോലും സുകുമാരൻ നായർ എല്ലാ കാലത്തും ഒരു ആന്റി ബി.ജെ.പി സ്റ്റാൻഡ് എടുക്കുന്നയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്നം ജയന്തിക്കുപോലും ബി.ജെ.പിക്കാരെ അടുപ്പിക്കാറില്ലെന്നും അതുകൊണ്ടായിരിക്കാം ഐക്യം വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും മുരളീധരൻ പറഞ്ഞു.
സാമുദായിക സംഘടനകളുടെ യോജിപ്പിലും വിയോജിപ്പിലും തങ്ങൾ ഇടപെടാറില്ലെന്നും സാമുദായിക ഐക്യം നല്ലതെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും മുരളീധരൻ പറഞ്ഞു.
എന്നാൽ ഐക്യമുണ്ടാകുമ്പോൾ അത് മറ്റുള്ളവർക്ക് എതിരാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.എന്‍.ഡി.പിയുമായി ഐക്യത്തിനില്ലെന്ന് സുകുമാരന്‍ നായര്‍ അല്പസമയത്തിന് മുമ്പ് പറഞ്ഞിരുന്നു.
സമദൂരം എന്നുള്ള കാര്യം നടക്കില്ല. ഐക്യത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്ന് സംശയമുളളത് കൊണ്ടാണ് ഐക്യം വേണ്ടെന്ന് വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഐക്യ ചര്‍ച്ചയുടെ അധ്യായം ഇതോടെ പൂര്‍ണമായി അടയ്ക്കുകയാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: NSS withdrew from the unity talks because it felt it would go to the pro-BJP line: K Muraleedharan