തിരുവനന്തപുരം: ബി.ജെ.പിയുമായി ഒരിക്കലും സഹകരിച്ചിട്ടില്ലാത്ത ഒരാളാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായരെന്നും ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് തോന്നിയതിനാലാവാം ഐക്യ ചർച്ചയിൽ നിന്നും മാറി ചിന്തിച്ചതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
ഐക്യം ഉപേക്ഷിക്കാനുള്ള മുഖ്യകാരണമായി മനസിലാക്കാൻ സാധിക്കുന്നത് തുഷാർ വെള്ളാപ്പള്ളിയെ ഐക്യ ചർച്ചയ്ക്ക് അയക്കാൻ തീരുമാനിച്ചതാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തുഷാർ വെള്ളാപ്പള്ളി എസ്.എൻ. ഡി. പിയുടെ വൈസ് പ്രസിഡന്റ് ആണെങ്കിലും അദ്ദേഹം ബി.ജെ.പിയുടെ ഘടക കക്ഷിയായ ബി.ഡി.ജെ.എസിന്റെ ചെയർമാൻ കൂടിയാണെന്നും എൻ.ഡി.എയുടെ അംഗമാണെന്നും അദ്ദേഹം കൂട്ടിച്ചേത്തു.
തുഷാർ വെള്ളാപ്പള്ളി ചർച്ചയിലേക്ക് വരുമ്പോൾ പ്രൊ ബി.ജെ.പി ലൈനിലേക്ക് പോകുമോയെന്ന് സ്വാഭാവികമായും എൻ.എസ്.എസിന് തോന്നിക്കാണുമെന്നും അദ്ദേഹം പറഞ്ഞു.
മുന്നോക്ക സമുദായ സംഘടനയായിട്ടുപോലും സുകുമാരൻ നായർ എല്ലാ കാലത്തും ഒരു ആന്റി ബി.ജെ.പി സ്റ്റാൻഡ് എടുക്കുന്നയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.