എന്ത് മനുഷ്യനാടോ... പോയന്റ് നേടിയിട്ടും റാക്കറ്റ് തല്ലിപ്പൊട്ടിക്കുന്നോ?; ഫ്രഞ്ച് ഓപ്പണിനിടെ റാക്കറ്റ് തല്ലിപ്പൊട്ടിച്ച് ജോക്കോവിച്ച്, വീഡിയോ
French Open 2018
എന്ത് മനുഷ്യനാടോ... പോയന്റ് നേടിയിട്ടും റാക്കറ്റ് തല്ലിപ്പൊട്ടിക്കുന്നോ?; ഫ്രഞ്ച് ഓപ്പണിനിടെ റാക്കറ്റ് തല്ലിപ്പൊട്ടിച്ച് ജോക്കോവിച്ച്, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 2nd June 2018, 11:03 am

പാരീസ്: കളിക്കളത്തില്‍ ഏറ്റവും കൂടുതല്‍ അഗ്രസ്സീവായി പെരുമാറുന്നവരാണ് ടെന്നീസ് താരങ്ങളും ഫുട്‌ബോള്‍ താരങ്ങളും. വിജയമോ പരാജയമോ ആകട്ടെ, താരങ്ങള്‍ പലരീതിയിലായിരിക്കും വികാരങ്ങളെ കളിക്കളത്തില്‍ പ്രകടിപ്പിക്കുക.

ഫ്രഞ്ച് ഓപ്പണില്‍ ഇന്നലെ നടന്ന മത്സരത്തില്‍ താരതമ്യേന കളിക്കളത്തില്‍ സൗമ്യനായ നൊവാക് ജോക്കോവിച്ചായിരുന്നു നിയന്ത്രണം വിട്ട് റാക്കറ്റ് അടിച്ചുപൊട്ടിച്ചത്. ഫ്രഞ്ച് ഓപ്പണ്‍ നാലാംറൗണ്ടില്‍ റോബര്‍ട്ടോ ബാറ്റിസ്റ്റ്യൂട്ടയ്‌ക്കെതിരെ മൂന്നുമണിക്കൂര്‍ നീണ്ട മാരത്തണ്‍ സെറ്റില്‍ രണ്ടാം സെറ്റിനിടെയായിരുന്നു ജോക്കോവിച്ച് തന്റെ റാക്കറ്റ് നിലത്തടിച്ച് പൊട്ടിച്ചത്.

ALSO READ:  കളിക്കിടെ ആരാധകനുനേരെ കഴുത്തറുക്കുമെന്ന് ഭീഷണിയുമായി തുര്‍ക്കി ക്യാപ്റ്റന്‍, വീഡിയോ

മികച്ച ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന മുന്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് നാലു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിലാണ് സ്‌പെയിനിന്റെ റോബര്‍ട്ടോ ബാറ്റിസ്റ്റ്യൂട്ടയെ കീഴടക്കിയത്. സ്‌കോര്‍ 6-1, 6-7(6), 6-6(4), 6-2). വെര്‍ദാസ്‌കോയാണ് പ്രീക്വാര്‍ട്ടറില്‍ ജോക്കോവിച്ചിന്റെ എതിരാളി.

എന്നാല്‍ ഇതെല്ലാം അപ്പോഴത്തെ വികാരപ്രകടനമായി മാത്രം  കണ്ടാല്‍ മതിയെന്നായിരുന്നു കളിക്കുശേഷമുള്ള ജോക്കോവിച്ചിന്റെ പ്രതികരണം. അത്രയും നിര്‍ണായകമായ മത്സരവും നിമിഷവുമായിരുന്നു അത്. ആ സമയം എന്റെ വികാരത്തെ നിയന്ത്രിക്കാനായില്ല- ജോക്കോവിച്ച് കൂട്ടിച്ചേര്‍ത്തു.

അതേസമയം മറ്റൊരു മത്സരത്തില്‍ നാലാം സീഡ് ഗ്രിഗോര്‍ ദിമിത്രോവ് തോറ്റു. സ്‌പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ദാസ്‌കോ 7-6(4), 6-2, 6-4ന് ദിമിത്രോവിനെ തോല്‍പിച്ച് പ്രീക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. മുന്‍പ് ആറു തവണ വെര്‍ദാസ്‌കോ പ്രീക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ടെങ്കിലും അതിനപ്പുറം മുന്നേറാനായിട്ടില്ല. രണ്ടാം സീഡ് അലക്‌സാണ്ടര്‍ സ്വെരേവ് അഞ്ചു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തില്‍ ബോസ്‌നിയയുടെ ഡാമിര്‍ സുംഹറിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലെത്തി (6-2, 3-6, 4-6, 7-6(3), 7-5).

വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ പതിമൂന്നാം സീഡ് മാഡിസണ്‍ കീ 6-1, 7-6(7)ന് ജപ്പാന്റെ നവോമി ഒസാകയെ കീഴടക്കി പ്രീക്വാര്‍ട്ടറിലെത്തി. നാലാം സീഡ് യുക്രെയ്‌ന്റെ എലീന സ്വിതോലിന 3-6, 5-7ന് റുമേനിയയുടെ മിഹേല ബുസാന്‍സ്‌കുവിനോടു തോറ്റു പുറത്തായി. മാഡിസണ്‍ കീയാ ബുസാന്‍സ്‌കുവിന്റെ അടുത്ത എതിരാളി. റഷ്യയുടെ ഡാരിയ കസറ്റ്കിന ഗ്രീസിന്റെ മരിയ സക്കാറിയെ മറികടന്ന് അവസാന പതിനാറില്‍ ഇടംപിടിച്ചു (6-1, 1-6, 6-3). ഫ്രാന്‍സിന്റെ പൗളിന്‍ പാമന്റീറിനെ 06, 36ന് തകര്‍ത്ത മുന്‍ ലോക ഒന്നാം നമ്പര്‍ താരം കാരൊളിന്‍ വൊസ്‌നിയാക്കിയാണ് കസ്റ്റ്കിനയുടെ പ്രീക്വാര്‍ട്ടര്‍ എതിരാളി.

ഇന്ത്യന്‍ താരങ്ങളായ യുകി ഭാംബ്രി, ഡിവിജ് സരണ്‍, രോഹന്‍ ബൊപ്പണ്ണ എന്നിവര്‍ പുറത്തായി. യുകി-സരണ്‍ സഖ്യം പുരുഷ ഡബിള്‍സ് രണ്ടാം റൗണ്ടില്‍ ഒലിവര്‍ മറാക് മേറ്റ് പാവിക് സഖ്യത്തോടു തോറ്റു. യുകി സിംഗിള്‍സില്‍ നേരത്തെ തോറ്റിരുന്നു. മിക്‌സഡ് ഡബിള്‍സില്‍ ബൊപ്പണ്ണ ടിമിയ ബബോസ് സഖ്യം ജോണ്‍ പീര്‍സ് ഷുവായ് ഷാങ് സഖ്യത്തോടു തോറ്റു. കഴിഞ്ഞ വര്‍ഷം ബൊപ്പണ്ണ കാനഡയുടെ ഗബ്രിയേല ഡബ്രോവ്‌സ്‌കിക്കൊപ്പം ഇവിടെ കിരീടം നേടിയിരുന്നു.

WATCH THIS VIDEO: