ന്യൂദല്‍ഹി: ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള തീരുമാനം അധികാരം തിരിച്ചുപിടിക്കാനല്ലെന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനാണെന്നും മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലായിരുന്നു ഹസീനയുടെ പ്രതികരണം.
ഡിസംബറോടെ സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് ഹസീന പറഞ്ഞു. തന്റെ മടക്കത്തെ ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങളുമായും കൈമാറ്റ നടപടികളുമായും ബന്ധിപ്പിക്കുന്നതിനെയും ഹസീന ചോദ്യം ചെയ്തു.
‘എനിക്ക് ജീവിതകാലം മുഴുവന്‍ ഇന്ത്യയില്‍ കഴിയാനാകുമോ? സ്വന്തം രാജ്യത്തേക്കും സ്വന്തം ജനങ്ങളിലേക്കും മടങ്ങണം,’ ഹസീന പറഞ്ഞു.
തന്റെ മടക്കം അധികാരത്തിനായുള്ള നീക്കമല്ലെന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള തീരുമാനമാണെന്നും ഹസീന കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശില്‍ ജനാധിപത്യം, മതനിരപേക്ഷത, വികസനം എന്നിവ ഉറപ്പാക്കുന്ന സ്ഥിരതയുള്ള ഭരണമാണ് ആവശ്യമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഹസീനയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ത്യയില്‍ സമ്മര്‍ദം തുടരുന്നതിനിടെയാണ് പുതിയ പ്രതികരണം.
കൈമാറ്റ വിഷയം രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും നിയമപരവും നയതന്ത്രപരവുമായ നടപടികള്‍ അതത് രീതിയില്‍ മുന്നോട്ടുപോകുമെന്നും ഹസീന പറഞ്ഞു.
ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിനെതിരായി നിലവിലെ ബംഗ്ലാദേശ് ഭരണകൂടത്തിന്റെ ക്രൂരമായ നടപടികളും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ബംഗ്ലാദേശില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിച്ച് ജനാധിപത്യപരമായ അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന ആവശ്യവും ബംഗ്ലാദേശില്‍ ഉയരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2024ല്‍ ബംഗ്ലാദേശില്‍ നടന്ന ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്നാണ് ഹസീനയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്. പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമര്‍ത്തിയ ഹസീനയെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു.
ശേഷം ഹസീന ഇന്ത്യയിലേക്ക് കടന്നു. നിലവില്‍ രണ്ടര വര്‍ഷത്തോളമായി ഹസീന ഇന്ത്യയില്‍ തുടരുകയാണ്.
ഇന്ത്യയില്‍ തുടരുന്നതിനിടെ ബംഗ്ലാദേശിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരുന്ന ഹസീന രാജ്യത്തെ ജനങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ താന്‍ തയ്യാറല്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: ‘Not for power, but to stand with the people’: Sheikh Hasina to return to Bangladesh by December.
