ഇന്ത്യ ഒരു 'ചീപ്പ് രാജ്യം'; അധിക്ഷേപിച്ച് മുൻ യു.എസ് അംബാസിഡറുടെ മകൻ
World
ഇന്ത്യ ഒരു 'ചീപ്പ് രാജ്യം'; അധിക്ഷേപിച്ച് മുൻ യു.എസ് അംബാസിഡറുടെ മകൻ
മുഹമ്മദ് നബീല്‍
Saturday, 31st January 2026, 7:57 pm

വാഷിങ്ടൺ: ഇന്ത്യ ഒരു ചീപ്പ് രാജ്യമാണെന്ന് ഐക്യ രാഷ്ട്ര സഭയുടെ മുൻ യു.എസ് അംബാസിഡർ നിക്കി ഹാലിയുടെ മകൻ നളിൻ ഹാലി.

എക്സിലൂടെയായിരുന്നു നളിൻ ഹാലി ഇന്ത്യക്കെതിരെ പ്രതികരിച്ചത്.

ഇന്ത്യ അമേരിക്കയ്ക്ക് മികച്ച ഒരു പങ്കാളിയായിരുന്നില്ലെന്ന് പറഞ്ഞ ഹാലി, സഖ്യകക്ഷികളുമായുള്ള ബന്ധം അമേരിക്ക പുനപരിശോധിക്കണമെന്നും പറഞ്ഞു.

‘അമേരിക്കയിലേക്ക് വിലകുറഞ്ഞ തൊഴിലാളികളെ അയക്കുകയും ഇറാനിൽനിന്ന് വിലകുറഞ്ഞ എണ്ണയും റഷ്യയിൽനിന്ന് വിലകുറഞ്ഞ ആയുധങ്ങളും വാങ്ങുന്ന ഇന്ത്യയിൽ ഒരു വിലകുറഞ്ഞ ഗവൺമെന്റാണുള്ളത്,’ ഹാലി എക്‌സിൽ പ്രതികരിച്ചു.

മാസങ്ങൾ നീണ്ടുനിന്ന ചർച്ചയ്ക്ക് ഒടുവിൽ ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിൽ ഒപ്പിടാനിരിക്കെയാണ് ഇന്ത്യൻ വംശജൻകൂടിയായ നളിൻ ഹാലിയുടെ ഈ പ്രതികരണം.

അമേരിക്കൻ വ്യവസായിയും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ വിവേക് രാമസ്വാമി 2023 ൽ എക്‌സിൽ പങ്കുവച്ച വീഡിയോയ്ക്ക് മറുപടിയായാണ് ഹാലിയുടെ പോസ്റ്റ്.

ചൈനയുമായി ബന്ധം വിച്ഛേദിക്കുന്ന അമേരിക്ക ഇന്ത്യയുമായി അടുക്കുന്നു എന്നതരത്തിലായിരുന്നു വിവേക് രാമസ്വാമിയുടെ വീഡിയോ

.

അതേസമയം, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്കെതിരെ നിരന്തരം ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ ഭാഗമായി അമേരിക്ക ഇന്ത്യക്കുമുകളിൽ ആദ്യം 50 ശതമാനവും പിന്നീട് 100 ശതമാനവും പകരച്ചുങ്കം ഏർപ്പെടുത്തി.

പിന്നാലെ അമേരിക്കയെ അനുനയിപ്പിക്കാൻ റഷ്യയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പകുതിയായി കുറച്ച സാഹചര്യത്തിലാണ് നളിൻ ഹാലിയുടെ പ്രതികരണം.

Content Highlight: ‘Not A Good Ally To US’: Nalin Goes On Anti-India Rant On X

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം