2026 ഫിഫ ലോകകപ്പിന്റെ യോഗ്യതാ മത്സരത്തില്‍ മോള്‍ഡോവയ്‌ക്കെതിരെ പത്ത് ഗോളിന്റെ കൂറ്റന്‍ വിജയവുമായി നോര്‍വേ. സ്വന്തം തട്ടകമായ ഓസ്‌ലോയിലെ ഉല്ലേവാല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ 11 ഗോളടിച്ചാണ് നോര്‍വീജിയന്‍ കരുത്തര്‍ ജയം സ്വന്തമാക്കിയത്. ഇതോടെ ഗ്രൂപ്പ് ഐ-യില്‍ കളിച്ച അഞ്ച് മത്സരത്തില്‍ അഞ്ചിലും വിജയിച്ച് നോര്‍വേ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
Kampen er slutt. Det ble 11-1-seier og en norsk jubelkveld mot Moldova på Ullevaal. pic.twitter.com/K6YJv00rqu
മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് നോര്‍വേ കളത്തിലിറങ്ങിയത്. മറുവശത്ത് പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയ മോള്‍ഡോവ 5-4-1 എന്ന ഫോര്‍മേഷനും കൈക്കൊണ്ടു.
ആദ്യ വിസില്‍ മുഴങ്ങി ആറാം മിനിട്ടില്‍ തന്നെ നോര്‍വേ വലകുലുക്കി. എര്‍ലിങ് ഹാലണ്ടിന്റെ അസിസ്റ്റില്‍ മിഡ്ഫീല്‍ഡര്‍ ഫെലിക്‌സ് ഹോം മിഹ്രെയാണ് ഗോള്‍ കണ്ടെത്തിയത്. മത്സരത്തിന്റെ തുടക്കത്തിലേ ആധിപത്യമുറപ്പിച്ച നോര്‍വീജയന്‍ കരുത്തര്‍ തുടര്‍ന്നങ്ങോട്ട് ആ ആധിപത്യം നിലനിര്‍ത്തി.
നോര്‍വേയുടെ ആദ്യ ഗോളിനായി അവസരമൊരുക്കിയ ഹാലണ്ട് 11ാം മിനിട്ടില്‍ തന്റെ പേരില്‍ മത്സരത്തിലെ ആദ്യ ഗോള്‍ എഴുതിച്ചേര്‍ത്തു. മിഹ്രെയാണ് ഗോളിന് വഴിയൊരുക്കിയത്.
ആദ്യ പകുതിയില്‍ രണ്ട് തവണ കൂടി ലക്ഷ്യം കണ്ട ഹാലണ്ട് 43ാം മിനിട്ടില്‍ ഹാട്രിക്കും പൂര്‍ത്തിയാക്കി. നോര്‍വീജയന്‍ ജേഴ്‌സിയില്‍ താരത്തിന്റെ അഞ്ചാം ഹാട്രിക്കാണിത്. 36, 43 മിനിട്ടുകളിലായിരുന്നു ഹാലണ്ടിന്റെ ഗോളുകള്‍.
ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ മാര്‍ട്ടിന്‍ ഒദേഗാര്‍ഡും വലകുലുക്കിയതോടെ അഞ്ച് ഗോളിന്റെ ലീഡുമായി നോര്‍വേ ആധിപത്യം തുടര്‍ന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മോള്‍ഡോവ മാറ്റങ്ങള്‍ വരുത്തിയിരുന്നു. എന്നാല്‍ നോര്‍വേയുടെ ഗോളടിമേളം അവസാനിപ്പിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു. മത്സരത്തിന്റെ 54ാം മിനിട്ടില്‍ ഹാലണ്ടിലൂടെ മത്സരത്തിലെ ആറാം ഗോളും പിറന്നു. ഡേവിഡ് വോള്‍ഫാണ് ഗോളിന് വഴിയൊരുക്കിയത്.
64ാം മിനിട്ടില്‍ മിഹ്രെയെ അടക്കം പിന്‍വലിച്ചുകൊണ്ട് നോര്‍വേ രണ്ട് മാറ്റങ്ങള്‍ വരുത്തി. തെലോ ആസ്ഗാര്‍ഡും ഓസ്‌കാര്‍ ബോബുമാണ് കളത്തിലിറങ്ങിയത്. ഗ്രൗണ്ടിലിറങ്ങി മൂന്നാം മിനിട്ടില്‍ തന്നെ ആസ്ഗാര്‍ഡ് കരുത്തറിയിച്ചു. ആസ്ഗാര്‍ഡിന്റെ ഗോളില്‍ നോര്‍വേ തങ്ങളുടെ ലീഡ് ഏഴായി ഉയര്‍ത്തി.
74ാം മിനിട്ടില്‍ മോള്‍ഡോവയുടെ പേരിലും ഗോളെഴുതിച്ചേര്‍ക്കപ്പെട്ടു. ലിയോ ഓസ്റ്റിഗാര്‍ഡിന്റെ സെല്‍ഫ് ഗോളിലാണ് മോള്‍ഡോവ മത്സരത്തില്‍ അക്കൗണ്ട് തുറന്നത്.
83ാം മിനിട്ടില്‍ ഹാലണ്ട് തന്റെ അഞ്ചാം ഗോളും 90+1ാം മിനിട്ടില്‍ ആസ്ഗാര്‍ഡ് തന്റെ നാലാം ഗോളും അടിച്ചെടുത്തതോടെ പത്ത് ഗോളിന്റെ ലീഡുമായി നോര്‍വേ മത്സരം വിജയിച്ചുകയറി.
ഈ വിജയത്തോടെ നോര്‍വേ 2026 ലോകകപ്പിലേക്കുള്ള തങ്ങളുടെ സാധ്യതയും സജീവമാക്കിയിരിക്കുകയാണ്. ഓരോ ഗ്രൂപ്പിലെയും ആദ്യ സ്ഥാനക്കാര്‍ക്ക് നേരിട്ട് ലോകകപ്പിനെത്താന്‍ സാധിക്കുമെന്നതിനാല്‍ നിലവിലിലെ ഡോമിനേഷന്‍ അതുപോലെ തുടരാനാകും ടീം ശ്രമിക്കുക.
രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയേക്കാള്‍ ഒരു മത്സരം അധികം കളിച്ചിട്ടുണ്ടെങ്കിലും ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ആറ് പോയിന്റ് വ്യത്യാസത്തിലാണ് ടീം ഒന്നാമത് നില്‍ക്കുന്നത്.
ഒക്ടോബര്‍ 11നാണ് നോര്‍വേയുടെ അടുത്ത യോഗ്യതാ മത്സരം. ഇസ്രഈലാണ് എതിരാളികള്‍. ഇതടക്കം നാല് മത്സരങ്ങള്‍ കൂടിയാണ് നോര്‍വേയ്ക്ക് ക്വാളിഫയേഴ്‌സില്‍ കളിക്കാനുണ്ടാവുക.