ഇസ്രഈലിന്റെ നെഞ്ചത്ത് തുളയിട്ട് നോര്‍വേ; അടിച്ചുകൂട്ടിയത് എതിരില്ലാത്ത അഞ്ചെണ്ണം
Sports News
ഇസ്രഈലിന്റെ നെഞ്ചത്ത് തുളയിട്ട് നോര്‍വേ; അടിച്ചുകൂട്ടിയത് എതിരില്ലാത്ത അഞ്ചെണ്ണം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 12th October 2025, 8:09 am

കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഇസ്രഈലിനെ പരാജയപ്പെടുത്തി നോര്‍വേ. യുല്ലേവാല്‍ സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ എര്‍ലിങ് ഹാലണ്ടിന്റെ ഹാട്രിക്ക് ഗോളിന്റെ കരുത്തിലാണ് നോര്‍വേ വിജയിച്ചുകയറിയത്. മത്സരം തുടങ്ങി 27ാം മിനിട്ടിലും 63ാം മിനിട്ടിലും 72ാം മിനിട്ടിലുമാണ് ഹാളണ്ട് ഇസ്രഈലിനെതിരെ നിറയൊഴിച്ചത്.

മത്സരത്തില്‍ ഇസ്രഈലിന്റെ അനാന്‍ ഖലൈലിയ, ഇദാന്‍ നക്മിയാസ് എന്നിവര്‍ക്ക് സ്വന്തം പോസ്റ്റില്‍ സെല്‍ഫ് ഗോളും വഴങ്ങേണ്ടി വന്നതോടെ നോര്‍വേ അഞ്ച് ഗോളുകളുടെ തകര്‍പ്പന്‍ വിജയവും സ്വന്തമാക്കുകയും ചെയ്തു. ആദ്യ പകുതിയില്‍ തന്നെ ഇരുവരുടേയും സെല്‍ഫ് ഗോള്‍ വീണിരുന്നു.

പിന്നീട് ഹാളണ്ടിന്റെ പടയോട്ടത്തില്‍ ഇസ്രഈലിന്റെ പൂര്‍ണ തകര്‍ച്ചയായിരുന്നു കണ്ടത്. മാത്രമല്ല ഈസ്രഈല്‍ പടയാളകളെ നോക്കുകുത്തിയാക്കിയാണ് നോര്‍വേ കളത്തില്‍ നിറഞ്ഞാടിയത്. 16 ഷോട്ടുകളില്‍ അഞ്ചെണ്ണം കൃത്യമായി എതിരാളികളുടെ പോസ്റ്റിലടിക്കാന്‍ നോര്‍വേക്ക് സാധിച്ചു.

അതേസമയം നാല് ഷോട്ടുകള്‍ മാത്രമാണ് ഇസ്രഈലിന് ലക്ഷ്യം വെക്കാന്‍ സാധിച്ചത്. മത്സരത്തില്‍ 55 ശതമാനവും പൊസഷന്‍ കീപ്പ് ചെയ്തത് നോര്‍വേയായിരുന്നു. മാത്രമല്ല പാസ് ആക്വറസിയിലും ബോള്‍ കൈവശം വെക്കുന്നതിലും നോര്‍വേ മുന്നിലായിരുന്നു. 11 ഫൗളുകള്‍ ഇസ്രഈലിന്റെ ഭാഗത്ത് നിന്ന് വന്നപ്പോള്‍ 10 എണ്ണമാണ് നോര്‍വേ രേഖപ്പെടുത്തിയത്. മത്സരത്തില്‍ ഒരു യെല്ലോ കാര്‍ഡ് മാത്രമാണ് റഫറി പുറത്തെടുത്തത്. അത് ഇസ്രഈലിനെതിരെയായിരുന്നു.

നിലവില്‍ ലോകകപ്പ് യോഗ്യതാ സ്റ്റാന്‍ഡിങ്‌സില്‍ ഗ്രൂപ്പ് ഐയില്‍ ആറ് മത്സരങ്ങളില്‍ ആറും വിജയിച്ച് 18 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് നോര്‍വേ. അതേസമയം ആറില്‍ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ട ഇസ്രഈല്‍ ഒമ്പത് പോയിന്റോടെ മൂന്നാം സ്ഥാനത്താണ്. അഞ്ച് മത്സരത്തില്‍ നാല് വിജയവുമായി 12 പോയിന്റോടെ ഇറ്റലിയാണ് രണ്ടമത്.

ഇതോടെ ഇസ്രഈലിനെതിരായ മത്സരത്തിന്റെ മുഴുവന്‍ ലാഭവിഹിതവും ഗസയ്ക്ക് നല്‍കാനാണ് നോര്‍വേ തീരുമാനിച്ചത്. ഗസയില്‍ ആളുകള്‍ ദുരിതമനുഭവിക്കുന്നത് നോക്കി നില്‍ക്കാന്‍ സാധിക്കില്ലെന്നും ഈ മത്സരത്തിന്റെ മുഴുവന്‍ ലാഭവിഹിതവും ഏതെങ്കിലും മാനുഷിക സംഘടനകള്‍ വഴി ഗസയ്ക്ക് നല്‍കുമെന്നും നോര്‍വേ ഫുട്ബോള്‍ ഫെഡറേഷന്‍ നേരത്തെ അറിയിച്ചിരുന്നു.

Content Highlight: Norway defeated Israel 5-0 in a World Cup qualifier