ഉത്തരേന്ത്യക്കാര്‍ ക്രിസ്തുവിനേക്കാള്‍ വലിയ സഹനം സഹിക്കുന്നു; സുരേഷ് ഗോപിയെ വേദിയിലിരുത്തി കോണ്‍ഗ്രസ് കൗണ്‍സിലര്‍
Kerala
ഉത്തരേന്ത്യക്കാര്‍ ക്രിസ്തുവിനേക്കാള്‍ വലിയ സഹനം സഹിക്കുന്നു; സുരേഷ് ഗോപിയെ വേദിയിലിരുത്തി കോണ്‍ഗ്രസ് കൗണ്‍സിലര്‍
രാഗേന്ദു. പി.ആര്‍
Thursday, 25th December 2025, 8:27 am

തൃശൂര്‍: ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങളില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ വേദിയിലിരുത്തി വിമര്‍ശനവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പാവപ്പെട്ടവരും അമ്മമാരും സഹോദരിമാരും ക്രിസ്തുവിനേക്കാള്‍ വലിയ സഹനം സഹിക്കുന്നുവെന്ന് കൗണ്‍സിലര്‍ ബൈജു വര്‍ഗീസ് പറഞ്ഞു.

തൃശൂരിലെ റെസിഡന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിലായിരുന്നു വിമര്‍ശനം. നടനും ബി.ജെ.പി നേതാവുമായ ദേവനും സംഗീത സംവിധായകന്‍ ഔസേപ്പച്ചനും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

‘സത്യത്തില്‍ ക്രിസ്തുവാണ് ഏറ്റവും വലിയ സഹനവും പ്രയാസവും നേരിട്ടതെന്നാണ് നമ്മള്‍ മനസിലാക്കിയിരിക്കുന്നത്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പാവപ്പെട്ടവരും അമ്മമാരും സഹോദരിമാരുമാണ് ക്രിസ്തുവിനേക്കാള്‍ വലിയ സഹനം സഹിക്കുന്നത്. അതെല്ലാം കേള്‍ക്കുമ്പോള്‍ മനസൊന്ന് പിടഞ്ഞ് പോകുന്ന സാഹചര്യമാണ്,’ എന്നാണ് ബൈജു വർഗീസ് പറഞ്ഞത്.

ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ നമുക്കെല്ലാം ക്രിസ്മസ് ആഘോഷിക്കാൻ കഴിയുന്നുണ്ടല്ലോ എന്നതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിന്നാലെ കോണ്‍ഗ്രസ് കൗണ്‍സിലറുടെ വിമര്‍ശനത്തിന് മറുപടിയുമായി സുരേഷ് ഗോപിയും രംഗത്തെത്തി.

‘ഉത്തരേന്ത്യയില്‍ ആരാണ് നാടകം കളിക്കുന്നതെന്നും എന്തിനാണ് നാടകം കളിക്കുന്നതെന്നും കോണ്‍ഗ്രസിനോട് ചോദിക്കൂ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. എല്ലാത്തിനും ഒരു കാരണമുണ്ടാകും. ആ കാരണം ആര് സൃഷ്ടിച്ചു. അതില്‍ ലാഭം കൊയ്യാമെന്ന് ആര് ചിന്തിച്ചു. അവരുടെ വിക്രിയങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

ക്രിസ്മസ് ദിനത്തില്‍ അലങ്കരിച്ച തന്റെ തിരുവനന്തപുരത്തെ വീട് വീഡിയോ കോളില്‍ കാണിക്കാമെന്നും മന്ത്രി വെല്ലുവിളിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിനായി തൃശൂരില്‍ എത്തിയപ്പോള്‍, മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യം എന്നത് പാലയൂര്‍ പള്ളി പൊളിക്കാന്‍ പോകുകയാണോ എന്നാണ്. അതൊരു കുപ്രചാരണമാണ്. അങ്ങനെ ആരും പറഞ്ഞിട്ടില്ല.

‘പാലയൂര്‍ പള്ളി പൊളിക്കണമെന്ന് ഉള്ളവര്‍ വരട്ടെ, നെഞ്ചുവിരിച്ച് ഞാന്‍ മുന്നണിലുണ്ടാകും. ഈ നെഞ്ച് പൊളിച്ച ശേഷം പള്ളി പൊളിച്ചോളൂ,’ എന്നായിരുന്നു അന്ന് മറുപടി നല്‍കിയിരുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

Content Highlight: North Indians endure more suffering than Christ; Congress councillor puts Suresh Gopi on stage

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.