| Tuesday, 1st July 2025, 9:19 am

എനിക്ക് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കി തന്ന സിനിമയാണ് ഒരു അഡാര്‍ ലവ്: നൂറിന്‍ ഷെരീഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒമര്‍ ലുലു സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ ചങ്ക്സ് എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് നൂറിന്‍ ഷെരീഫ്. സിനിമയില്‍ നായകനായ ബാലു വര്‍ഗീസിന്റെ സഹോദരി ആയിട്ടാണ് നടി അഭിനയിച്ചത്. പിന്നീട് ഒമര്‍ ലുലു തന്നെ സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാഥ എന്ന കഥാപാത്രത്തിലൂടെയാണ് നൂറിന്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

അഡാര്‍ ലവ് എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നൂറിന്‍ ഷെരീഫ്. ആ സിനിമയെ കുറിച്ച് പലര്‍ക്കും പല അഭിപ്രായങ്ങളും ഉണ്ടാകാമെന്നും എന്നാല്‍ എല്ലാവരും അഡാര്‍ ലവ് കണ്ടിട്ടുണ്ടാകുമെന്നും നൂറിന്‍ പറയുന്നു. ആ സിനിമ തനിക്ക് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കി തന്നിട്ടുണ്ടെന്നും നടി പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നൂറിന്‍ ഷെരീഫ്.

‘മിസ് കേരള ടൈറ്റില്‍ ഞാന്‍ വിജയിക്കുന്നതും അഡാര്‍ ലവ്വിന്റെ ഭാഗമാകുന്നതെല്ലാം ഒരുതരത്തിലുള്ള ഭാഗ്യമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ സിനിമയുടെ റിസള്‍ട്ട് എന്തും ആയിക്കൊള്ളട്ടെ, പലരും പല അഭിപ്രായങ്ങളും പറയുന്നുണ്ട്. പക്ഷെ ആ സിനിമ എനിക്ക് ഒരുപാട് നേട്ടങ്ങള്‍ കൊണ്ടുതന്നിട്ടുണ്ട്.

അഡാര്‍ ലവ്വില്‍ അഭിനയിച്ചതുകൊണ്ടുമാത്രം എന്നെ ഒരുപാട് ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്, അതിന്റെ പേരില്‍ എന്റെ ഇന്‍സ്റ്റഗ്രാം വളര്‍ന്നിട്ടുണ്ട്. അവിടുന്ന് ഞാന്‍ സമ്പാദിക്കാന്‍ തുടങ്ങി. അതുകാരണം എനിക്കെന്റെ കുടുംബത്തെ തന്നെ സാമ്പത്തികമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞു. അതൊക്കെ എനിക്ക് ലഭിച്ച അനുഗ്രഹമാണെന്നാണ് ഞാന്‍ കരുതുന്നത്.

കാരണം അതിനുവേണ്ടിയെല്ലാം ഞാന്‍ പണിയെടുത്തിണ്ടോയെന്ന് ചോദിച്ചാല്‍ എനിക്കിപ്പോഴും സംശയമാണ്. എന്നേക്കാള്‍ എല്ലാരീതിയിലും കഷ്ടപ്പെടുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. അവരെയൊക്കെ വെച്ച് നോക്കുമ്പോഴും ഞാന്‍ വളരെ ഭാഗ്യവതിയാണെന്ന കാര്യം എനിക്കറിയാം. അത് എന്റെ പങ്കാളിയുടെ കാര്യത്തിലായാലും അങ്ങനെത്തന്നെയാണ്,’ നൂറിന്‍ ഷെരീഫ് പറയുന്നു.

Content highlight: Noorin Shereef Talks About Oru Adar Love Movie

Latest Stories

We use cookies to give you the best possible experience. Learn more