വാഷിങ്ടണ്‍: ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച മുന്‍ മറൈന്‍ ഉദ്യോഗസ്ഥനെ സെനറ്റ് ഹിയറിങ്ങില്‍ നിന്ന് പുറത്താക്കി.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടിയില്‍ നിന്ന് സെനറ്റിലേക്ക് മത്സരിക്കുന്ന ബ്രയാന്‍ മക്ഗിന്നിസിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്താക്കിയത്. ബ്രയാനെ ബലമായി പിടിച്ചുപുറത്താക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്.
മൊണ്ടാനയില്‍ നിന്നുള്ള സെനറ്ററും യു.എസ് വെറ്ററനുമായ ടിം ഷീഹിയും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് മക്ഗിന്നിസിനെ പുറത്താക്കിയത്.
ബ്രയാന്റെ പ്രതിഷേധത്തെ തുടര്‍ന്ന് സെനറ്റ് ഹിയറിങ് തടസപ്പെടുകയും ചെയ്തു. ‘ഇവിടെ ആരും ഇസ്രഈലിന് വേണ്ടി പോരാടാന്‍ ആഗ്രഹിക്കുന്നില്ല’ എന്ന് മുദ്രാവാക്യം ഉയര്‍ത്തിയാണ് ബ്രയാന്‍ പ്രതിഷേധിച്ചത്.
അമേരിക്ക തങ്ങളുടെ പൗരന്മാരെ യുദ്ധത്തിന് അയക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പുറത്തുവന്ന വീഡിയോയില്‍ ബ്രയാന്‍ പറയുന്നു. സാഹചര്യം ശാന്തമാക്കാനാണ് വിഷയത്തില്‍ ഇടപെട്ടതെന്ന് ടിം ഷീഹി പ്രതികരിച്ചു.
പ്രതിഷേധത്തിന് പിന്നാലെ ബ്രയാന്‍ അറസ്റ്റിലായെന്നാണ് വിവരം. സെനറ്റ് ഹിയറിങ് തടസപ്പെടുത്തിയതിനും പൊലീസിനെ അതിക്രമിച്ചതിനും ബ്രയാനെതിരെ കേസെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ തന്റെ കൈ ഒടിഞ്ഞതായി ബ്രയാന്‍ മക്ഗിന്നിസ് പറഞ്ഞു. എന്നാല്‍ ബ്രയാന്‍ സ്വന്തം കൈ വാതിലില്‍ കുടുക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥരും ആരോപിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ബ്രയാനെ ബലമായി പുറത്താക്കിയെന്നാണ് യു.എസ് കാപ്പിറ്റോള്‍ പൊലീസിന്റെ പ്രതികരണം. കാപ്പിറ്റോളിനുള്ളിള്‍ പ്രതിഷേധങ്ങള്‍ക്ക് അനുവാദമില്ല. പുറത്ത് പ്രതിഷേധ പ്രകടനങ്ങള്‍ക്ക് അനുമതിയുള്ള നിരവധി സ്ഥലങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു.
നേരത്തെ പുറത്തുവന്ന ഒരു വീഡിയോയില്‍, എന്തിനാണ് അമേരിക്കയിലെ ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുന്നതെന്ന് ബ്രയാന്‍ ചോദിച്ചിരുന്നു.
അതേസമയം ഇറാനെതിരായ ആക്രമണം തുടരാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് യു.എസ് സെനറ്റിന്റെ അനുമതി ലഭിച്ചു. 47 നെതിരെ 53 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്.
Content Highlight: Nobody here wants to fight for Israel; Protest at US Senate hearing