ഓസ്ലോ: സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം വെനസ്വേലന്‍ പ്രതിപക്ഷ നേതാവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ മരിയ കൊറീന മച്ചാഡോയ്ക്ക്. നൊബേല്‍ പുരസ്‌കാരം നേടുന്ന ഇരുപതാമത്തെ വനിതയാണ് മരിയ.
സ്വേച്ഛാധിപത്യത്തിന് എതിരായ പതിറ്റാണ്ടുകളുടെ പോരാട്ടമാണ് മരിയയെ പുരസ്‌കാരത്തിന് അര്‍ഹയായത്. വെനസ്വലയെ വെടിയുണ്ടയില്‍ നിന്നും ബാലറ്റിലേക്ക് നയിച്ചു. ജനാധിപത്യത്തിന്റെ നിര്‍ഭയമായ പ്രതിരോധത്തിനും ധീരമായ പോരാട്ടത്തിനും വേണ്ടി നിലനിന്നതിനാണ് പുരസ്‌കാരമെന്നും നൊബേല്‍ പുരസ്‌കാര സമിതി പ്രഖ്യാപിച്ചു.
അതേസമയം, നിക്കോളാസ് മഡുറോയുടെ ഇടതുപക്ഷ സര്‍ക്കാരിന് എതിരെ നിലകൊള്ളുകയും അവിടെ ‘ജനാധിപത്യത്തിന്’ വേണ്ടി വാദിക്കുകയും ചെയ്തുവെന്നതാണ് മരിയയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയതെന്ന വാദം ശക്തമായിരിക്കുകയാണ്.
വെനസ്വേലയിലെ ഇടതുപക്ഷ സര്‍ക്കാരിനെതിരെ യു.എസ് സര്‍ക്കാരും പാശ്ചാത്യശക്തികളും മുതലാളിത്ത ശക്തികളും എതിര്‍പ്പുയര്‍ത്തുന്ന സാഹചര്യത്തില്‍, പ്രതിപക്ഷ നേതാവിന് നൊബേല്‍ പുരസ്‌കാരം നല്‍കിയതാണ് വിവാദത്തിലായിരിക്കുന്നത്.
വെനസ്വേലയിലെ മഡുറോ സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമാണെന്നും എല്ലാ അവകാശങ്ങളെയും ധ്വംസിക്കുകയാണെന്നും പ്രതിപക്ഷമാണ് യാഥാര്‍ത്ഥ മനുഷ്യാവകാശത്തിന് വേണ്ടി നിലകൊള്ളുന്നതെന്ന് വാദിക്കുകയും ചെയ്തിരുന്നു.
ഈ വാദത്തില്‍ അടിയുറച്ച് നിന്നിരുന്ന മരിയ കൊറീനയ്ക്ക് പുരസ്‌കാരം ലഭിച്ചതോടെ ഇത് അമേരിക്കന്‍ ചേരിക്ക് ലഭിച്ച പുരസ്‌കാരമായി തന്നെ കണക്കാക്കാനാകുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
വെനസ്വലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ രാഷ്ട്രീയ എതിരാളിയായ മരിയ കൊറീന 14 മാസമായി ഒളിവില്‍ കഴിയുകയാണ്. മഡുറോ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ കീഴടങ്ങാന്‍ ആവശ്യപ്പെട്ടതോടെയാണ് മരിയ കൊറീന മച്ചാഡോ ഒളിവില്‍ പോയത്.
നേരത്തെ, നൊബേല്‍ പുരസ്‌കാരം തനിക്ക് ലഭിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആത്മവിശ്വാസം പ്രകടപ്പിച്ചിരുന്നു. ഒടുവില്‍ ട്രംപ് പിന്തുണയ്ക്കുന്ന വ്യക്തിയായ മരിയ കൊറീനയ്ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 1967ല്‍ വെനസ്വലയില്‍ ജനിച്ച മരിയ, 1992 തെരുവില്‍ വളരുന്ന കുട്ടികള്‍ക്കായി അഥീന ഫൗണ്ടേഷന്‍ സ്ഥാപിച്ചാണ് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമായത്.
Content Highlight:Nobel Peace Prize goes to Venezuelan Iron Lady Maria Corina Machado