സുരക്ഷാ ഭീഷണികളില്ല; നയതന്ത്രജ്ഞരുടെ കുടുംബാംഗങ്ങളെ പിന്‍വലിച്ച ഇന്ത്യന്‍ നടപടിയില്‍ പ്രതികരിച്ച് ബംഗ്ലാദേശ്
World
സുരക്ഷാ ഭീഷണികളില്ല; നയതന്ത്രജ്ഞരുടെ കുടുംബാംഗങ്ങളെ പിന്‍വലിച്ച ഇന്ത്യന്‍ നടപടിയില്‍ പ്രതികരിച്ച് ബംഗ്ലാദേശ്
നിഷാന. വി.വി
Thursday, 29th January 2026, 8:56 am

ധാക്ക: ബംഗ്ലാദേശില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ ഇന്ത്യ തിരിച്ച് വിളിച്ചതിനുപിന്നാലെ പ്രതികരണവുമായി ബംഗ്ലാദേശ്.

രാജ്യത്ത് അത്തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും ഇന്ത്യ തിരിച്ചുവിളിച്ചിട്ടുണ്ടെങ്കില്‍ അതവരുടെ ഇഷ്ടമാണെന്നും ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് എം.ഡി തൗഹീദ് ഹുസൈന്‍ പറഞ്ഞു.

‘ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ കുടുംബാംഗങ്ങളെ തിരിച്ച് വിളിക്കാനുള്ള ഒരു സാഹചര്യവും രാജ്യത്തില്ല, തിരിച്ച് വിളിച്ചത് അവരുടെ ഇഷ്ടമാണ് അതില്‍ ഞങ്ങള്‍ക്ക് ആശങ്കയില്ല,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളെ കുറിച്ച് ബംഗ്ലാദേശ് സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും തൗഹീദ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ബംഗ്ലാദേശിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ കുടുംബാംഗങ്ങളോട് രാജ്യത്തേക്ക് മടങ്ങാന്‍ ഇന്ത്യ നിര്‍ദേശിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ബംഗ്ലാദേശിന്റെ പ്രതികരണം.

സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി ദി സ്റ്റേറ്റ്മെന്‍ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബംഗ്ലാദേശിലെ നയതന്ത്ര കാര്യാലയങ്ങള്‍ സാധാരണമായി പ്രവര്‍ത്തിക്കുമെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കില്ലെന്നും കേന്ദ്രം അറിയിച്ചു.

ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അടക്കമുള്ള ബംഗ്ലാദേശിലെ മുഴുവന്‍ പോസ്റ്റുകളും പ്രവര്‍ത്തനക്ഷമമായിരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. അതേസമയം വിദേശകാര്യ മന്ത്രാലയം ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ബംഗ്ലാദേശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം.
ഫെബ്രുവരി 12നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിന് കാരണമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥി നേതാവ് ഷെയ്ഖ് ഉസ്മാന്‍ ബിന്‍ ഹാദി വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ വന്‍ പ്രക്ഷോഭം അരങ്ങേറിയിരുന്നു.

ഇതേതുടര്‍ന്ന് ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമസംഭവങ്ങളും ഉണ്ടായി. ജനക്കൂട്ടം യുവാവിനെ കൊന്ന് കത്തിച്ചതടക്കമുള്ള സംഭവങ്ങള്‍ക്ക് ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചു. ഇത്തരമൊരു സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

രാജ്യത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളുടെ സംരക്ഷണം ബംഗ്ലാദേശിലെ യൂനുസ് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്രം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കുള്ള കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം.

Content Highlight: No security threats; Bangladesh responds to India’s move to withdraw diplomats’ family members

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.