മുബൈ: ഹിന്ദു ദേശീയ വാദിയായിരുന്ന സവര്‍ക്കരിന്റെ പാരമ്പര്യത്തിനെതിരായ ഒരു എതിര്‍പ്പും ഭാരതീയ ജനതാ പാര്‍ട്ടി വെച്ച് പൊറുപ്പിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.
ഉപമുഖ്യമന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റുമായ അജിത് പവാര്‍ സവര്‍ക്കറിന്റെ പ്രത്യയശാസ്ത്രത്തെ എതിര്‍ത്തിരുന്നുവെന്ന പ്രചാരണങ്ങളും അദ്ദേഹം തള്ളി.
‘ വീര്‍ സവര്‍ക്കറുടെ ചിന്തകളെ അജിത് പവാര്‍ എതിര്‍ക്കാന്‍ ഒരു കാരണവുമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ അറിവില്‍ അദ്ദേഹം അത്തരത്തില്‍ എതിര്‍പ്പ് അറിയിച്ചതായി ഞാന്‍ കണ്ടിട്ടില്ല,’ ഫഡ്‌നാവിസ് പറഞ്ഞു.
വരാനിരിക്കുന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഖ്യ കക്ഷികള്‍ തമ്മിലുള്ള വര്‍ദ്ധിച്ച് വരുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ആശിഷ് ഷേലാര്‍ എന്‍.സി.പി നേതൃത്വം സവര്‍ക്കറിന്റെ പാരമ്പര്യം അംഗീകരിക്കണമെന്നാവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ഇരു കക്ഷികളും തമ്മില്‍ സവര്‍ക്കര്‍ വിഷയത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുന്നത്.
‘ഞങ്ങളുടെ പാര്‍ട്ടി സ്വതന്ത്ര വീര്‍ സവര്‍ക്കറുടെ ഭക്തരാണ്. അതിനാല്‍ അജിത് പവാറിന്റെ പാര്‍ട്ടിയും ഈ വീക്ഷണങ്ങള്‍ അംഗീകരിക്കണം. നിങ്ങള്‍ ഞങ്ങളോടൊപ്പമുണ്ടെങ്കില്‍ ഞങ്ങള്‍ ഒരുമിച്ച് പോവും . നിങ്ങള്‍ ഞങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ ഞങ്ങള്‍ നിങ്ങളോട് പോരാടും,’ ഇതായിരുന്നു ഷേലാറിന്റെ മുന്നറിയിപ്പ്.
പുനെയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഭിന്നതകള്‍ ആരംഭിച്ചത്. പൂനെയിലെ വികസന പദ്ധതികളുടെ ക്രെഡിറ്റുമായി ബന്ധപ്പെട്ട് അജിത് പവാര്‍ ബി.ജെ.പിക്കെതിരെ രംഗത്തെത്തിയിരുന്നു.
കൂടാതെ ബി.ജെ,പിയുടെ ചില നയങ്ങളെയും പ്രദേശിക നേതൃത്വത്തെയും ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമര്‍ശിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇതിനെതിരെ ബി.ജെ.പി നേതാവ് രവീന്ദ്ര ചവാനും മുഖ്യമന്ത്രി ഫഡ്‌നാവിസും രംഗത്തെത്തിയിരുന്നു.
എന്നാല്‍ ബി.ജെ.പിയുടെ ഹിന്ദുത്വ ചായ്‌വുള്ള തത്വങ്ങളോടുള്ള എന്‍.സി.പിയുടെ വിയോജിപ്പും സവര്‍ക്കര്‍ വിഷയവും ഷേലാര്‍ അവതരിപ്പിക്കുകയായിരുന്നു. ഇതാണ് തദ്ദേശ വിഷയത്തിലുള്ള ഭിന്നത പ്രത്യയശാസ്ത്ര തര്‍ക്കത്തിലേക്ക് വഴിമാറുന്നതിന് കാരണമായി മാറിയത്.
ജല്‍ഗാവ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകള്‍ക്ക് പാര്‍ട്ടികള്‍ തയ്യാറെടുക്കുന്ന സമയത്താണ് വിവാദം.
എന്നാല്‍ വിഷയത്തില്‍ പവാര്‍ ജാഗ്രത പുലര്‍ത്തുന്ന നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. താന്‍ പ്രചാരണം നടത്തുന്ന നിര്‍ദിഷ്ട മുന്‍സിപ്പാലിറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാത്രം ചോദിക്കൂ എന്നായിരുന്നു വിവാദങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള പവാറിന്റെ മറുപടി.
എന്നാല്‍ ആശിഷ് ഷേലാര്‍ ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അത് എന്‍.സി.പിക്ക് സ്വീകാര്യമല്ലെന്നും എന്‍.സി.പി നേതാവ് അമോല്‍ മിത്കാരി പ്രതികരിച്ചിരുന്നു. ”ഞങ്ങള്‍ പുരോഗമനപരവും മതേതരവുമായ ഒരു പ്രത്യയശാസ്ത്രത്തോട് പ്രതിജ്ഞാബദ്ധരാണ്. ഞങ്ങള്‍ നിങ്ങളുടെ പ്രത്യയശാസ്ത്രത്തെ അംഗീകരിക്കുന്നില്ല,’ മിത്കാരി പറഞ്ഞു. അംബേദ്ക്കര്‍ പ്രത്യയശാസ്ത്രമാണ് പാര്‍ട്ടി ശക്തമായി പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.