റിപ്പബ്ലിക്ക് ദിനത്തില്‍ മത്സ്യവും മാംസവും വേണ്ട; ഒഡീഷയിലെ നോണ്‍വെജ് നിരോധനത്തിനെതിരെ പ്രദേശവാസികള്‍
India
റിപ്പബ്ലിക്ക് ദിനത്തില്‍ മത്സ്യവും മാംസവും വേണ്ട; ഒഡീഷയിലെ നോണ്‍വെജ് നിരോധനത്തിനെതിരെ പ്രദേശവാസികള്‍
നിഷാന. വി.വി
Sunday, 25th January 2026, 7:40 am

ഭുവനേശ്വര്‍: റിപ്പബ്ലിക്ക് ദിനത്തില്‍ മത്സ്യം, മാംസം, മുട്ട തുടങ്ങിയവയുടെ വില്‍പ്പന നിരോധിച്ച് കൊണ്ടുള്ള ഒഡീഷയിലെ കോരാപുത് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍.

റിപ്പബ്ലിക്ക് ദിനത്തോടുള്ള ആദരസൂചനകമായി സസ്യാഹാരം മാത്രം കഴിക്കണമെന്നായിരുന്നു ഭരണകൂടം ആവശ്യപ്പെട്ടത്.

ഈ നടപടി ഭരണഘടനാപരമായ അവകാശ ലംഘനവും ഭരണപരമായ അതിരുകടക്കലാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.

ശനിയാഴ്ച്ചയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കോരാപുത് ജില്ലാ കലക്ടര്‍ മനോജ് സത്യബന്‍ മഹാജന്‍ പുറപ്പെടുവിച്ചത്.

ജില്ലയിലെ എല്ലാ തഹസില്‍ദാര്‍മാര്‍ക്കും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍ക്കും എക്‌സിക്യൂട്ട് ഓഫീസര്‍മാര്‍ക്കും കളക്ടര്‍ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരോധനം കര്‍ശനമായി നടപ്പിലാക്കാന്‍ നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജില്ലാ ഭരണകൂടത്തിന്റെ മാംസ നിരോധനം സ്വതന്ത്ര സങ്കല്‍പ്പത്തിന് എതിരാണെന്ന് കോരാപുതിലെ കോണ്‍ഗ്രസ് എം.എല്‍.എ ചന്ദ്ര കദം പറഞ്ഞു.

‘ജില്ലാ ഭരണകൂടത്തിന്റെ ഭക്ഷണ ശീലങ്ങള്‍ നിയന്ത്രിക്കേണ്ടത് ജില്ലാ കലക്ടറല്ല. ജില്ല ഭരിക്കാനാണ് അദ്ദേഹത്ത നിയമിച്ചിരുന്നത്, അദ്ദേഹം അത് ശ്രദ്ധിക്കണം, കദം പറഞ്ഞു.

മതത്തിന്റെ പേരിലുളള വിവേചനം തടയുകയും തുല്യത ഉറപ്പാക്കുകയും ചെയ്യുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,15 എന്നിവയുടെ ലംഘനമാണ് ഈ നിര്‍ദേശമെന്ന് കോരാപുതില്‍ നിന്നുള്ള അഭിഭാഷകനായ സത്യപാദി മൊഹാപത്ര പറഞ്ഞു.

റിപ്പബ്ലിക് ദിനം ദേശീയ ഉത്സവമാണെന്നും മതപരമായ ആഘോഷമല്ലെന്നും ചൂണ്ടികാട്ടി വിഷയത്തില്‍ നിരവധി പേര്‍ പ്രതിഷേധം അറിയിച്ചു.

ദൈനംദിന വില്‍പ്പനയെ ആശ്രയിച്ച് ജീവിക്കുന്ന കച്ചവടക്കാരെ നിരോധനം ബാധിക്കുമെന്നും പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നതിന് പകരം ഭരണകൂടത്തിന് സമയം നിയന്ത്രിക്കാമായിരുന്നുവെന്നും പ്രദേശ വാസിയായ ബിദ്യൂത് ഖര പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇത്തരത്തില്‍ 2025 മെയ് മാസത്തില്‍ അയോധ്യയെയും ഫൈസാബാദിനെയും ബന്ധിപ്പിക്കുന്ന 14 കിലോമീറ്റര്‍ രാം പാതയില്‍ മദ്യവും മാംസവും നിരോധിച്ചുകൊണ്ട് അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉത്തരവിറക്കിയിരുന്നു.

Content Highlight: No fish, meat on Republic Day; Locals protest non-veg ban in Odisha

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.