സഖ്യ സര്‍ക്കാര്‍ വേണ്ട; കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി ഡി.എം.കെ
India
സഖ്യ സര്‍ക്കാര്‍ വേണ്ട; കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി ഡി.എം.കെ
നിഷാന. വി.വി
Monday, 12th January 2026, 7:55 am

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സഖ്യ സര്‍ക്കാര്‍ വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി ഡി.എം.കെ.

സഖ്യ കക്ഷികളുമായി അധികാരം പങ്കിടില്ലെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഈ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും തമിഴ്‌നാട് ഗ്രാമവികസന മന്ത്രിയും ഡി.എം.കെ നേതാവുമായ ഐ. പെരിയസ്വാമി പറഞ്ഞു.

പാര്‍ട്ടിയെന്ന നിലയില്‍ സഖ്യ സര്‍ക്കാരിനുള്ള ആവശ്യമുന്നയിക്കാന്‍ കോണ്‍ഗ്രസിന് അവകാശമുണ്ടെന്നും എന്നാല്‍ സഖ്യ സര്‍ക്കാരിനെ ഡി.എം.കെ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് അധികാരം പങ്കിടുമെന്ന ആവശ്യം കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയിരുന്നു അതിന് പിന്നാലെയാണ് പരാമര്‍ശം.

അധികാര പങ്കാളിത്തം ചര്‍ച്ച ചെയ്യേണ്ട സമയമാണിതെന്നായിരുന്നു കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോര്‍ നേരത്തെ പറഞ്ഞിരുന്നത്.

തമിഴ് കോണ്‍ഗ്രസിന്റെ ചുമതലയുള്ള ഗിരീഷ് ചോഡങ്കറും സഖ്യ സര്‍ക്കാര്‍ വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു.

പെരിയ സ്വാമിയുടെ നിലപാടുകള്‍ സാധൂകരിക്കുന്നതാണ് സംസ്ഥാന ഭരണത്തില്‍ ദീര്‍ഘകാലമായി തുടര്‍ന്ന് പോരുന്ന കീഴ്‌വഴക്കങ്ങള്‍.

1967 മുതല്‍ സഖ്യ കക്ഷികളുമായി ചേര്‍ന്ന് മത്സരിച്ചിരുന്നെങ്കിലും ഡി.എം.കെ.യും എ.ഐ.എ.ഡി എം.കെയും സ്വന്തമായി സര്‍ക്കാരുകള്‍ രൂപികരിക്കുകയായിരുന്നു.

1952-57ല്‍ മദ്രാസ് സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പ് മാത്രമാണ് ഇതിനൊരപവാദം. അന്ന് കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാല്‍ പിന്തുണച്ച മറ്റു പാര്‍ട്ടി നേതാക്കളെയും മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

എന്നാല്‍ 2006 ല്‍ ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇല്ലായിരുന്നുവെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള രാഷ്ട്രീയ പാര്‍ട്ടികളെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്താന്‍ ഡി.എം.കെ തയ്യാറായിരുന്നില്ല.

ആ സമയത്തും കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ വേണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു.

Content Highlight: No coalition government; DMK rejects Congress’ demand

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.