ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിലെ ഇറ്റാ നഗറില്‍ ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവയടെ സൈന്‍ ബോര്‍ഡില്‍ നിന്ന് ചില പ്രത്യേക മാംസങ്ങളുടെ പേര് ഒഴിവാക്കണമെന്ന നിര്‍ദേശവുമായി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍.
പന്നിയിറച്ചി, കോഴിയിറച്ചി, ബീഫ്, മട്ടന്‍ തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം.
പൊതുമര്യാദ, മൃഗസംരക്ഷണ നിയമങ്ങള്‍, നിലവിലുള്ള സാമൂഹിക വികാരം, എന്നിവ പരിഗണിച്ചാണ് ഈ നീക്കമെന്നാണ് അധികൃതരുടെ വിശദീകരണം.
ഹോട്ടലുകളുടെയും റെസ്‌റ്റോറന്റുകളുടെയും ട്രേഡ് ലൈസന്‍സുകളിലും ഇത്തരം പേരുകള്‍ ഉപയോഗിക്കരുതെന്നും നിലവിലുള്ള ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷങ്ങളില്‍ അത്തരം പേരുകളുണ്ടെങ്കില്‍ പുതുക്കി നല്‍കില്ലെന്നും ഉത്തരവില്‍ പറയുന്നു.
മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണറായ ദത്തം ഗാഡിയാണ് ഇത്തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഭക്ഷണശാലകള്‍ക്ക് സൈന്‍ബോര്‍ഡുകളും ബാനറുകളും അപ്‌ഡേറ്റ് ചെയ്യാന്‍ പത്ത് ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ഇത് പാലിക്കാത്തവര്‍ക്കെതിരെ നിയമാനുസൃതമായി നടപടിയെടുക്കുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.
2019ലെ അരുണാചല്‍ പ്രദേശ് കോര്‍പ്പറേഷന്‍ ആക്റ്റ് പ്രകാരമാണ് നടപടി.
എന്നാല്‍ ഈ നീക്കം വ്യക്തി സ്വാതന്ത്രത്തിന് മേലുളള കടന്ന് കയറ്റവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
നടപടി ചില ഭക്ഷണങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും ഉപഭോകൃത തെരഞ്ഞെടുപ്പിനെ ബാധിക്കുന്നതാണെന്നും പ്രദേശവാസികളും വ്യാപാരികളും പറഞ്ഞു.
ഹോട്ടല്‍ ബോര്‍ഡുകളില്‍ ഇറച്ചിയുടെ പേര് നല്‍കുന്നത് ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷണം എവിടെ ലഭിക്കുമെന്ന് എളുപ്പത്തില്‍ മനസിലാക്കാന്‍ സഹായിക്കുന്നു. പേര് മാറ്റുന്നത് സസ്യഭുക്കുകളായ ആളുകള്‍ അബദ്ധത്തില്‍ ഇത്തരം ഹോട്ടലുകളില്‍ കയറാന്‍ കാരണമാകുമെന്നും, ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
ഉത്തരവ് നടപ്പിലാക്കിയാല്‍ പ്യൂവര്‍ വെജ് ബോര്‍ഡുകള്‍ക്ക് എതിരെയും നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എപ്രില്‍ 9ന് നടക്കുന്ന യോഗത്തില്‍ തീരുമാനം പുനപരിശോധിക്കുമെന്ന് ചില ജന പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്.
മുമ്പും ഇത്തരത്തില്‍ ബീഫ് എന്ന പേര് മാറ്റാന്‍ ജില്ലാ ഭരണകൂടം ഹോട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
Content Highlight: No beef or pork; Municipal Corporation bans meat names on hotel boards in Itanagar
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.