ന്യൂദല്‍ഹി: വിലക്ക് മറികടന്ന് ജന്തര്‍ മന്തറില്‍ കയറി ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിച്ച സംഭവത്തില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സി.ജെ.പി നേതാക്കള്‍ അശുതോഷ് രങ്കയ്ക്കും സൗരവ് ദാസിനും സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് (എസ്.ഇ.എം) ജാമ്യം നിഷേധിച്ചു. സി.ജെ.പി നേതാക്കളുടെ ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടാന്‍ എസ്.ഇ.എം ഉത്തരവിട്ടതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ജന്തര്‍ മന്തറില്‍ അതിക്രമിച്ച് കയറിയെന്ന കേസില്‍ സി.ജെ.പി നേതാക്കളെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഈ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്ന് (ഒക്ടോബര്‍ 19, തിങ്കള്‍) സൗരവിനെയും അശുതോഷിനെയും മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ വെച്ച് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് റിമാന്‍ഡ് കാലാവധി രണ്ട് ദിവസത്തേക്ക് കൂട്ടാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു.

മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സൗരവിന്റെയും അശുതോഷിന്റെയും ചിത്രം സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ജന്തര്‍ മന്തറില്‍ വെച്ച് ത്രിവര്‍ണ്ണ പതാക വീശിയതായിരുന്നു അശുവിന്റെയും സൗരവിന്റെയും ആദ്യത്തെ കുറ്റമെന്ന് ചിത്രത്തിനൊപ്പം നല്‍കിയ കാപ്ഷനില്‍ ദീപ്‌കെ കുറിച്ചു. തങ്ങളുടെ നിലപാടില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ചു എന്നതാണ് അവരുടെ രണ്ടാമത്തെ കുറ്റമെന്നും ദീപ്‌കെ പറഞ്ഞു. അഞ്ച് ദിവസം ജയിലില്‍ കിടന്നിട്ടും, ഒട്ടും തളരാത്ത മനോവീര്യത്തോടെ, മുഖത്ത് പുഞ്ചിരിയുമായാണ് അവര്‍ കോടതിയിലേക്ക് നടന്നുകയറിയതെന്നും അദ്ദേഹം പറഞ്ഞു.

ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തെത്തുടര്‍ന്ന് ഒക്ടോബര്‍ 13നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ പുറത്തിറങ്ങുന്നതില്‍ നിന്ന് തടയാന്‍ ജാമ്യ നടപടികള്‍ മനപൂര്‍വം വൈകിപ്പിക്കുകയാണെന്ന് ദീപ്‌കെയും സി.ജെ.പി ലീഗല്‍ ഹെഡ് രത്‌ന സിങും പറഞ്ഞിരുന്നു. ഞായറാഴ്ച ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതായിരുന്നെങ്കിലും അത് മാറ്റിവെച്ചതിനെത്തുടര്‍ന്നായിരുന്നു സി.ജെ.പി നേതാക്കളുടെ പ്രതികരണം.

സി.ജെ.പി സഹ കണ്‍വീനര്‍മാരുടെ ജാമ്യാപേക്ഷ ഇന്നലെ പരിഗണിക്കേണ്ടിയിരുന്ന സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ അജ്ഞാതരായ ചിലര്‍ ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു. ഈ ഭീഷണിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കാരണം കോടതി നടപടികള്‍ നീണ്ടെന്നും ജാമ്യാപേക്ഷ പരിഗണിച്ചില്ലെന്നുമായിരുന്നു രത്‌ന സിങ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.

കോടതി നടപടികള്‍ വൈകിപ്പിക്കാനും അശുതോഷിനെയും സൗരവിനെയും മോചിപ്പിക്കുന്നത് തടയാനും ഭരണകൂടം ശ്രമിക്കുകയാണെന്നാണ് ദീപ്കെ ഇന്നലെ എക്സ് പോസ്റ്റില്‍ പറഞ്ഞത്. സാധ്യമായ എല്ലാ തെറ്റായ മാര്‍ഗങ്ങളും ഉപയോഗിച്ചുകൊണ്ട് ഭരണകൂടം ഇവരുടെ നിയമവിരുദ്ധമായ തടങ്കല്‍ ബോധപൂര്‍വം നീട്ടിക്കൊണ്ടുപോകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

അശുതോഷിനെയും സൗരവിനെയും തടവില്‍ വെക്കാന്‍ യാതൊരു നിയമപരമായ ന്യായീകരണവുമില്ല. ഇവരെ അവിടെത്തന്നെ തുടരാന്‍ നിര്‍ബന്ധിതരാക്കാന്‍ ഭരണകൂടം നടപടികള്‍ മനപൂര്‍വ്വം വൈകിപ്പിക്കുന്ന തന്ത്രം പ്രയോഗിക്കുകയാണെന്നും ദീപ്‌കെ കുറിച്ചു.

സൗരവിന്റെയും അശുതോഷിന്റെയും ജാമ്യ ഹരജിയില്‍ വാദം കേള്‍ക്കുന്നത് ഞായറാഴ്ച വൈകിയിരുന്നതായി രത്‌ന സിങ് നേരത്തെ എക്‌സ് പോസ്റ്റില്‍ പറഞ്ഞിരുന്നു. നിശ്ചയിച്ച സമയത്ത് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് (എസ്.ഇ.എം) ഹാജരാകാത്തതാണ് ഇതിന് കാരണമായത്. വ്യക്തമല്ലാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നാല് ജാമ്യക്കാരെ അധികൃതര്‍ തള്ളിക്കളഞ്ഞതായും രത്‌ന പറഞ്ഞിരുന്നു.

ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തുന്നത് കുറ്റകരമല്ല. നടപടിക്രമങ്ങളിലെ കാലതാമസം കാരണം ഇവര്‍ കസ്റ്റഡിയില്‍ തുടരേണ്ടി വരുന്നത് ശരിയല്ലെന്നും രത്‌ന പറഞ്ഞിരുന്നു.

Content Highlight: No bail for CJP leaders Saurav Das and Ashutosh Ranka: judicial custody extended by two days