എയിംസ് അടക്കമുള്ള കേരളത്തിന്റെ 50 ശതമാനം ആവശ്യങ്ങളും പരിഗണിക്കാതെയാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ യൂണിയന്‍ ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങള്‍ക്ക് 50 ശതമാനം ഗ്രാന്റ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രം തള്ളി. 41 ശതമാനം ഗ്രാന്റാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബഡ്ജറ്റിലെ സുപ്രധാനമായ അതിവേഗ റെയില്‍ ഇടനാഴികളിലും കേരളത്തെ പരിഗണിച്ചിട്ടില്ല.
പകരം തീരദേശ ടൂറിസം പദ്ധതിയാണ് കേരളത്തിനായി വകയിരുത്തിയിരിക്കുന്നത്. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദാരബാദ്-ബെംഗളൂരു, ഹൈദാരബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരൂ, ദല്‍ഹി-വാരാണസി, വാരണാസി-സിലിഗുരി എന്നിവയാണ് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹൈസ്പീഡ് അതിവേഗ റെയിലുകള്‍.
കേരളത്തെ ഉള്‍പ്പെടുത്തി അപൂര്‍വ ധാതു ഇടനാഴിയും കടലാമകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ വിഴിഞ്ഞം തുറമുഖം, മെട്രോ എന്നിവയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നും തന്നെ ബഡ്ജറ്റിലില്ല. മൂന്ന് ആയുര്‍വേദ എയിംസുകള്‍ പ്രഖ്യാപിച്ചെങ്കിലും കേരളത്തിലുണ്ടോ എന്ന് വ്യക്തമാക്കിയിട്ടില്ല.
നാളികേരം, കൊക്കോ, കശുവണ്ടി കര്‍ഷകര്‍ക്കായി പ്രത്യേകം പദ്ധതി തയ്യാറാക്കുമെന്നാണ് കേന്ദ്ര ബഡ്ജറ്റിലെ മറ്റൊരു പ്രഖ്യാപനം. രാജ്യത്തെ ബയോ ഫാര്‍മ ഉത്പാദന ഹബ്ബാക്കി മാറ്റുമെന്നും മന്ത്രി അറിയിച്ചു. ഈ പദ്ധതികളില്‍ കേരളത്തിന് പ്രതീക്ഷ വെക്കാമെന്നാണ് വിലയിരുത്തല്‍.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിന് വലിയ പരിഗണനയാണ് ഈ ബഡ്ജറ്റില്‍ ലഭിച്ചിരിക്കുന്നത്.
ബഡ്ജറ്റ് പ്രഖ്യാപനത്തിൽ, പുതിയ ആദായനികുതി നിയമം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം ജൂലൈ 31 വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.
വാഹനാപകട ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം ആദായനികുതിയില്‍ നിന്നും ഒഴിവാക്കിയതായും മന്ത്രി പറഞ്ഞു. നികുതി സ്ലാബുകളിലോ നിരക്കുകളിലോ മാറ്റമില്ല. ആദായനികുതി ഫയലിങ് ആയാസരഹിതമാക്കുമെന്നും മന്ത്രി അറിയിച്ചു.
Content Highlight: No AIIMS this time too; Central Budget gives a big boost to Bengal while neglecting Kerala