Malayalam Cinema
ആ സിനിമകളൊക്കെ തുടങ്ങിയ ശേഷം അവസാനിപ്പിക്കേണ്ടി വന്നു, ഞാനല്ല പിന്മാറിയത്: നിവിന്‍ പോളി
മലയാള സിനിമയിൽ അപ്രതീക്ഷിതമായി വന്ന ഇടവേളകളെക്കുറിച്ചും നടക്കാതെ പോയ പ്രൊജക്ടുകളെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് നടൻ നിവിൻ പോളി.
പല സിനിമകളും പ്രഖ്യാപിച്ച ശേഷം ഷൂട്ടിങ് ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ അവസാനിപ്പിക്കേണ്ട സാഹചര്യമുണ്ടണ്ടായെന്നും നിവിൻ വ്യക്തമാക്കി. എന്നാൽ അതൊന്നും തന്റെ പിന്മാറ്റം കൊണ്ടല്ലെന്നും താരം പറഞ്ഞു.

നിവിൻ പോളി, അജു വർഗീസ്, Photo: Nivin pouly / Facebook
‘ഒന്നുരണ്ട് സിനിമകൾ തുടങ്ങിയ ശേഷം അവസാനിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. കഥാപാത്രം മുൻനിർത്തിയുള്ള ഫോട്ടോഷൂട്ടുകൾ വരെ നടത്തിയെങ്കിലും നിർമ്മാണ വിഭാഗം പിൻമാറിയതിനെ തുടർന്ന് സിനിമ വേണ്ടെന്ന് വെക്കുകയായിരുന്നു. എന്റെ ഭാഗത്തുനിന്നുള്ള പ്രശ്നമല്ല. തിരക്കഥയിലുള്ള അതൃപ്തിയാണ് നിർമാതാക്കളെ പിന്തിരിപ്പിച്ചത്,’ നിവിൻ പറഞ്ഞു.
താൻ തെരഞ്ഞെടുക്കുന്ന സിനിമകളിൽ കഥയ്ക്കും കഥാപാത്രത്തിനും വലിയ പ്രാധാന്യമുണ്ടെന്നും, അതുകൊണ്ടുതന്നെ സമയമെടുത്ത് മാത്രമേ പുതിയ പ്രോജക്ടുകളിലേക്ക് കടക്കാറുള്ളുവെന്നും നിവിൻ പറഞ്ഞു.
‘സമാന വേഷങ്ങൾ ആവർത്തിക്കപ്പെടരുതെന്ന നിർബന്ധം തുടക്കം മുതലേ ഉണ്ടായിരുന്നു. പാട്ടും നൃത്തവും തമാശയുമായി എന്റർടൈൻമെൻറ് സിനിമകൾ മാത്രമേ ചെയ്യുന്നുള്ളോ എന്ന ചോദ്യം പല ഭാഗങ്ങളിൽ നിന്നുയർന്നപ്പോൾ, മാറ്റിപിടിക്കാൻ തീരുമാനിക്കുകയായിരുന്നു,’ നിവിൻ പറഞ്ഞു.
സിനിമകളുടെ എണ്ണം കുറഞ്ഞാലും, പ്രേക്ഷകർക്ക് പുതുമ നൽകുന്ന കഥാപാത്രങ്ങൾ കൊണ്ടുവരാൻ ആണ് ശ്രമിക്കുന്നതെന്നും താരം വ്യക്തമാക്കി. ഏതു തരം സിനിമകളാണ് പ്രേക്ഷകർ സ്വീകരിക്കുകയെന്ന് മുൻകൂട്ടി പറയാൻ സാധിക്കില്ലെന്നും പ്രേക്ഷകർക്കിഷ്ട്ടപെടുന്ന കഥാപാത്രങ്ങൾ തെരഞ്ഞെടുത്ത് മുന്നോട്ടു പോകുമെന്നും നിവിൻ കൂട്ടിച്ചേർത്തു.
നിവിൻ അജു വർഗീസ് കൂട്ടുകെട്ടിൽ ക്രിസ്മസിന് റിലീസിനൊരുങ്ങുന്ന സർവ്വം മായയാണ് നിവിന്റെ അടുത്ത ചിത്രം. ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന ഈ ചിത്രം അഖിൽ സത്യനാണ് സംവിധാനം നിർവഹിച്ചത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സർവ്വം മായ.
Content Highlight: Nivin Pauly talks about the break he had to take in Malayalam cinema
നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.