മലയാള സിനിമയിലെ പൊലീസ് കഥാപാത്രങ്ങളുടെ അവതരണത്തിൽ നിർണായകമായ മാറ്റം കൊണ്ടുവന്ന ചിത്രമായിരുന്നു നിവിൻ പോളി കേന്ദ്രകഥാപാത്രമായി എത്തിയ ആക്ഷൻ ഹീറോ ബിജു. ഹീറോയിസത്തിനേക്കാൾ റിയലിസത്തിന് പ്രാധാന്യം നൽകിയ സിനിമയായിരുന്നു ആക്ഷൻ ഹീറോ ബിജു.
അത്തരമൊരു സിനിമ മലയാള സിനിമ മേഖലയിൽ വലിയ മാറ്റം കൊണ്ടുവന്നു എന്ന് പറയുകയാണ് നിവിൻ പോളി. സിനിമയുടെ റിലീസിന് ശേഷം സിനിമകളെ കാണുന്ന രീതിയും, സിനിമയിൽ പറയുന്ന കഥകളും മാറിയതായി നിവിൻ പറഞ്ഞു.
ഒരു കേസ്, ഒരു ഹീറോയിക് പൊലീസ് ഓഫീസർ, ഒടുവിൽ വില്ലനെ പിടികൂടുന്ന പതിവ് മാതൃകയിൽ നിന്നായിരുന്നു സിനിമകൾ മുന്നോട്ട് പോയത്. എന്നാൽ ‘ആക്ഷൻ ഹീറോ ബിജു’ വന്നതോടെ ആ ധാരണ തകർന്നുവെന്ന് നിവിൻ പറഞ്ഞു. പേർളി മാണി ഷോയിൽ സംസാരിക്കുകയായിരുന്നു താരം.
‘എബ്രിഡ് ഷൈൻ എന്റെ അടുത്ത് വന്ന് സ്റ്റോറി പറഞ്ഞപ്പോൾ ആദ്യം തന്നെ തീരുമാനിച്ചിരുന്നു സ്ഥിരം പൊലീസ് സിനിമകളിൽ നിന്നും വ്യത്യസ്തമായിരിക്കണമെന്ന്. ഒരു പക്ഷെ ഈ സിനിമ വിജയിക്കും ചിലപ്പോൾ വിജയകരമാവില്ല എന്നും ഷൈൻ പറഞ്ഞു. ചെയ്യുകയാണെങ്കിൽ എന്തെങ്കിലും ഡിഫറൻറ് ആയിട്ട് ചെയ്യണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് ഈ പാറ്റേൺ നറേറ്റിവ് ഉണ്ടാക്കുന്നത്. പിന്നീട് ഈ സിനിമ ഇറങ്ങി കഴിഞ്ഞുള്ള എല്ലാ സിനിമകളും ഈ പാറ്റേണിലേക്ക് മാറി’ നിവിൻ പറഞ്ഞു.
ആക്ഷൻ ഹീറോ ബിജുവിന് ശേഷം മലയാള സിനിമ മേഖലയിൽ റിയലിസ്റ്റിക് ആയി ചിത്രീകരിച്ച ഒരുപാട് സിനിമകൾ ഉണ്ട്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും, റോന്ത്, നായാട്ട് തുടങ്ങിയവ അത്തരം സിനിമകൾക്ക് ഉദാഹരണമാണ്.
ഒരു പൊലീസ് ഓഫീസറുടെ ദിനചര്യ, സ്റ്റേഷനിലെ ചെറിയ സംഭവങ്ങൾ, മനുഷ്യബന്ധങ്ങൾ ,മാനസിക സംഘർഷങ്ങൾ തുടങ്ങിയവ ഒരേ സിനിമയിൽ കാണിക്കാൻ കഴിയുമെന്ന് ആക്ഷൻ ഹീറോ ബിജു സിനിമയിൽ തെളിയിച്ചെന്നും നിവിൻ പറഞ്ഞു.
ആളുകൾക്ക് പെട്ടന്ന് ആക്സ്പെക്ട് ചെയ്യാൻ കഴിയാത്ത സിനിമയായി ആദ്യ ആഴ്ച ആക്ഷൻ ഹീറോ ബിജു മാറിയെങ്കിലും പിന്നീട് വൻ വിജയമായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.
Content Highlight: Nivin Pauly talks about the Action hero Biju movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.