മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നല്ല വര്‍ഷമാണ് 2026. തൊട്ടടുത്തുള്ള ഫിലിം ഇന്‍ഡസ്ട്രികള്‍ പലതും പരാജയത്താല്‍ പൊറുതിമുട്ടിയപ്പോള്‍ ഒട്ടനവധി വലിയ വിജയങ്ങളാണ് ഈ വര്‍ഷം മലയാളത്തിന് ലഭിച്ചത്. സ്വീക്വലുകളായി എത്തിയവയായിരുന്നു വലിയ വിജയം നേടിയ ചിത്രങ്ങളില്‍ ഭൂരിഭാഗവും. പ്രേക്ഷക പ്രതീക്ഷയ്‌ക്കൊത്ത് ഇവയെല്ലാം ഉയര്‍ന്നപ്പോള്‍ വലിയ ബിസിനസായിരുന്നു മലയാളത്തില്‍ നടന്നത്. ഏറെ കാത്തിരിപ്പിനൊടുവില്‍ എത്തിയ ആട് 3 നൂറ് കോടിയിലധികം നേടിക്കൊണ്ടാണ് ഈ വര്‍ഷത്തെ കോടി ക്ലബ്ബിന് തുടക്കമിട്ടത്.

പിന്നാലെയെത്തിയ വാഴ 2 ഇന്‍ഡ്‌സട്രി ഹിറ്റടിക്കുകയും ഒപ്പമെത്തിയ ഭരതനാട്യം 2 മോഹിനിയാട്ടം അമ്പത് കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തപ്പോള്‍ വമ്പന്‍ കളക്ഷനുമായിട്ടായിരുന്നു മോഹന്‍ലാലിന്റെ ദൃശ്യം 3 തിയേറ്റര്‍ വിട്ടത്. ഈ കൂട്ടത്തിലേക്കാണ് നിവിന്‍ പോളി നായകനായ ബെത്‌ലഹേം കുടുംബ യൂണിറ്റ് എത്തിയത്. പ്രേമലു എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ ഗിരീഷ് എ.ഡിയും നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസും വീണ്ടും ഒന്നിച്ചപ്പോള്‍ മറ്റൊരു ടോപ് ക്ലാസ് റോം കോം എന്റര്‍ടെയിനറായിരുന്നു മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ലഭിച്ചത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ഓണം റിലീസായ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ ടിക്കറ്റ് കിട്ടാനില്ലാത്ത വിധത്തിലാണ് തിയേറ്ററുകളില്‍ ബെത്‌ലഹേം മുന്നേറുന്നത്. കേരളത്തിലെ ഓണം അവധിയ്ക്ക് പരമാവധി ആളുകളെ തിയേറ്ററുകളിലേക്കെത്തിക്കാനും ബെത്‌ലഹേമിന് സാധിച്ചിരുന്നു. നിവിന്‍ പോളി-മമിത കൂട്ടുകെട്ടും സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, റോഷന്‍ ഷാനവാസ്, വിനയ് ഫോര്‍ട്ട്, ശ്യാം മോഹന്‍ തുടങ്ങിയവരുടെ പ്രകടനവും ചിത്രത്തെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയപ്പെട്ടതാക്കുകയായിരുന്നു.

ഇപ്പോഴിതാ ബോക്‌സ് ഓഫീസിലെ മറ്റൊരു റെക്കോര്‍ഡിന് ഉടമയായിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്ത രണ്ടാമത്തെ ആഴ്ച്ച കേരളത്തിലെ ബോക്‌സ് ഓഫീസില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം എന്ന നേട്ടവുമായാണ് ബെത്‌ലഹേം തിളങ്ങുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയായ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയെ പിന്തള്ളിക്കൊണ്ടാണ് ബെത്‌ലഹേം ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ കളക്ഷന്‍ 200 കോടി പിന്നിട്ട ബെത്‌ലഹേം പ്രദര്‍ശനത്തിനെത്തി രണ്ടാമത്തെ ആഴ്ച 64 കോടിയോളമാണ് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും മാത്രമായി നേടിയിട്ടുള്ളത്.

ലോകഃ റിലീസ് ചെയ്ത രണ്ടാമത്തെ ആഴ്ചയില്‍ 63.90 കോടി രൂപയായിരുന്നു നേടിയത്. മൂന്നാം സ്ഥാനത്തുള്ളത് ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രമായ വാഴ 2 ആണ്. കേരത്തില്‍ നിന്നും 123 കോടിയോളം നേടിയ വാഴ 2 രണ്ടാമത്തെ ആഴ്ചയില്‍ സ്വന്തമാക്കിയത് 45 കോടിയോളമാണ്. അതേസമയം വാഴ 2വിന്റെ ഇന്‍ഡസ്ട്രി ഹിറ്റ് റെക്കോര്‍ഡ് ബെത്‌ലഹേമിന് തകര്‍ക്കാന്‍ പറ്റുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഐ ആം ഗെയിം സെപ്റ്റംബര്‍ മൂന്നിന് തിയേറ്ററുകളിലേക്കെത്തുന്നത് ചിത്രത്തിന്റെ കളക്ഷനെ കാര്യമായി ബാധിച്ചേക്കാം. അതേസമയം 78 കോടിയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് ഇതുവരെ തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിട്ടുള്ളത്.

Content Highlight: Nivin Pauly starrer Bethlehem surpasses Lokah in second week collection