പ്രേക്ഷകര്‍ക്ക് തന്നെ ഇഷ്ടമാണ് എന്നറിയാമായിരുന്നുവെന്നും പക്ഷേ അത് ഇത്രത്തോളം ആഴമുള്ളതും വൈകാരികവുമാണെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും നടന്‍ നിവിന്‍ പോളി. സര്‍വ്വം മായ സിനിമയുടെ വിജയത്തില്‍ മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പരിചയമുള്ളവരും ഇല്ലാത്തവരുമായവര്‍ അയയ്ക്കുന്ന മെസേജുകളും മറ്റും വായിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് എന്നോടുള്ള സ്‌നേഹം ഞാന്‍ തിരിച്ചറിയുന്നു. എന്റെ ജീവിതത്തില്‍ ഏറ്റവും കടുപ്പമേറിയ ചില ദിവസങ്ങള്‍ ഉണ്ടായിരുന്നു. എനിക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങളുമായി ഒരാള്‍ വന്ന സമയം. കലൂരിലെ വീട്ടിലേക്കു പോകുമ്പോള്‍, സ്‌കൂട്ടറില്‍ വന്ന ഒരു കുടുംബം എന്റെ കാറിനു വട്ടം വച്ചു നിര്‍ത്തി.
അവര്‍ ഭാര്യയും ഭര്‍ത്താവും ഒരേ സ്വരത്തില്‍ എന്നോടു പറഞ്ഞു ‘ഞങ്ങളുണ്ട് കൂടെ ഇതിലൊന്നും തളരരുത്. ധൈര്യമായി മുന്നോട്ടു പോകണം’ എന്ന്. എന്റെ കണ്ണു നിറഞ്ഞു പോയി. എന്റെ ആരാണവര്‍? അവര്‍ക്കു വണ്ടി ഓടിച്ചു നേരെ വീട്ടില്‍ പോയാല്‍ പോരെ? പക്ഷേ, ഞാന്‍ ചെയ്ത ചില സിനിമകള്‍ അവരെ സന്തോഷിപ്പിച്ചിട്ടുണ്ടാവും. അതുകൊണ്ടാവും വണ്ടി നിര്‍ത്തി അടുത്തേക്കു വരാന്‍ തോന്നിയത്,’ നിവിന്‍ പറയുന്നു.
നിവിന്‍ പോളി Photo: Nivin pauly / facebook.com
‘സര്‍വ്വം മായ’ തിയറ്ററില്‍ പോയി കണ്ടിറങ്ങിയതിന് ശേഷം അമ്മ തന്നെ വിളിച്ചിരുന്നുവെന്നും ”മോനേ, നിന്നെ ജനം ഇത്രയും സ്‌നേഹിക്കുന്നുണ്ടോ, എനിക്കു പോലും വിശ്വസിക്കാനാവുന്നില്ല.’ എന്നാണ് പറഞ്ഞതെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.
ഇതൊന്നും ചെറിയ കാര്യമായി കരുതാനാവില്ലെന്നും പ്രേക്ഷകരുടെ ഈ വലിയ സ്‌നേഹത്തിനും കരുതലിനും മുന്നില്‍ ഒരു സാധാരണ മനുഷ്യനായി താന്‍ കൈകൂപ്പി നില്‍ക്കുന്നുവെന്നും നിവിന്‍ പറഞ്ഞു. ഇനി അവരെ സന്തോഷിപ്പിക്കുന്ന സിനിമകള്‍ ചെയ്ത് അവര്‍ക്കൊപ്പം മുന്നോട്ടു പോകണമെന്നും അതാണ് ആഗ്രഹമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. പ്രേക്ഷകരെ മറന്ന് ഒരു കളിക്കും താനില്ലെന്നും നിവിന്‍ പറഞ്ഞു.
അഖില്‍ സത്യന്റെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ സര്‍വ്വം മായ മികച്ച പ്രതികരണങ്ങള്‍ നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം
100 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി.
പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമക്ക് ശേഷം അഖില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന് പുറമെ റിയ ഷിബു,അജു വര്‍ഗീസ്, പ്രീതി മുകുന്ദന്‍, ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
Content Highlight: Nivin Pauly says he never thought the love of people would be this deep and emotional