| Tuesday, 17th June 2025, 4:41 pm

കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ല: നിവിൻ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു കാലത്ത് സൂപ്പർസ്റ്റാറുകളുടെ സിനിമകൾ പോലെ ബോക്‌സ് ഓഫീസ് നിറച്ച നടനാണ് നിവിൻ പോളി. വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്‌സ് ക്ലബ്ബ് എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ നിവിൻ പെട്ടെന്ന് തന്നെ സൗത്തിന്ത്യയിലെ തിരക്കുള്ള താരമായി മാറുകയായിരുന്നു.

ഒരിടവേളക്ക് ശേഷം ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ലോകേഷ് കനകരാജ് ഒരുക്കുന്ന ബെൻസ് എന്ന ചിത്രത്തിലെ വില്ലൻ വേഷം നിവിനാണ് ചെയ്യുന്നത്. ഇപ്പോൾ പഠിക്കുന്ന സമയം മുതൽ ഒരു ബിസിനസ് തുടങ്ങണം എന്നുള്ളത് തന്റെ വലിയ ആഗ്രഹമാണെന്ന് പറയുകയാണ് നിവിൻ പോളി. കൊച്ചിയിലെ കേരള സ്റ്റാർട്ട് അപ് മിഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരുപാട് വർഷത്തെ ആ​ഗ്രഹമാണ് സ്റ്റാർട്ട് അപ്പിനെ സപ്പോർട്ട് ചെയ്യാൻ എന്തെങ്കിലും ചെയ്യുക എന്നുള്ളത്. കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ലാത്ത കാര്യമാണ്. പക്ഷേ പഠിക്കുന്ന സമയം മുതലുള്ള എന്റെ വലിയ ആഗ്രഹമാണ് ഒരു ബിസിനസ് തുടങ്ങണം, സ്റ്റാർട്ട് അപ് തുടങ്ങണമെന്നൊക്കെ.

അതിന്റെ ഒരുപാട് ചർച്ചകളൊക്കെ സുഹൃത്തുക്കളുമായി നടത്തിയിരുന്നു. ചർച്ചകൾ നടന്നത് അല്ലാതെ പ്രാക്ടിക്കൽ ആയി ഒന്നും മുൻപോട്ട് പോയില്ല. ഭാ​ഗ്യം കൊണ്ട് സിനിമയിൽ വന്നു, പിന്നെ സിനിമയിൽ ഫുൾ തിരക്കായി.

സിനിമയിൽ ഞങ്ങൾ അഭിമുഖീകരിക്കുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. സിസ്റ്റമാറ്റിക് ആകേണ്ട ഒരുപാട് മേഖലകളുണ്ട്. ഞാനിത് നോട്ട് ചെയ്ത് വച്ചിട്ട് പലരോടും ഇതേക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഫിലിം പ്രൊഡക്ഷന് സഹായിക്കുന്ന തരത്തിലുള്ള എ.ഐ ടൂളുകളൊക്കെ നിർമിക്കാൻ ശ്രമിക്കുമായിരുന്നു,’ നിവിൻ പോളി പറയുന്നു.

Content Highlight: Nivin Pauly Says He Have A Dream Of Starting A business

We use cookies to give you the best possible experience. Learn more