ഒന്നല്ല, രണ്ട് പടങ്ങള്‍; ഷൂട്ട് കഴിഞ്ഞിട്ടും പെട്ടിയില്‍ തന്നെ കിടക്കുന്ന നിവിന്‍ പോളിയുടെ സിനിമകളെക്കുറിച്ച് സോഷ്യല്‍ മീഡിയ
Malayalam Cinema
ഒന്നല്ല, രണ്ട് പടങ്ങള്‍; ഷൂട്ട് കഴിഞ്ഞിട്ടും പെട്ടിയില്‍ തന്നെ കിടക്കുന്ന നിവിന്‍ പോളിയുടെ സിനിമകളെക്കുറിച്ച് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Monday, 13th July 2026, 7:15 pm

ഷൂട്ട് പൂര്‍ത്തിയായിട്ടും റിലീസാകാത്ത സിനിമകള്‍ പലതും സിനിമാപേജുകളില്‍ ചര്‍ച്ചയാകാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടാണ് ഇത്തരം ചിത്രങ്ങള്‍ ചര്‍ച്ചയാകാറുള്ളത്. വിക്രം- ജി.വി.എം കോമ്പോയിലെ ധ്രുവ നച്ചത്തിരം, വിജയ്‌യുടെ ജന നായകന്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. മലയാളികളുടെ സ്വന്തം നിവിന്റെ രണ്ട് സിനിമകളുമുണ്ട്.

ഷൂട്ട് കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും വെളിച്ചം കാണാത്ത ഏഴ് കടല്‍ ഏഴ് മലൈയാണ് ഇതില്‍ ആദ്യത്തേത്. തമിഴിലെ ക്ലാസിക് സംവിധായകന്‍ റാം സംവിധാനം ചെയ്ത ചിത്രം 2024ലാണ് ഷൂട്ട് പൂര്‍ത്തിയാക്കിയത്. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലടക്കം പല അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും പ്രദര്‍ശിപ്പിച്ച ഏഴ് കടല്‍ ഏഴ് മലൈ ഇതുവരെ തിയേറ്ററുകളിലെത്തിയിട്ടില്ല.

ഏഴ് കടല്‍ ഏഴ് മലൈ Photo: Theatrical poster

തമിഴ്‌നാട്ടിലും കേരളത്തിലും ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയെങ്കിലും എന്ന് പുറത്തിറങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. ചിത്രം നേരിട്ട് ഒ.ടി.ടിയിലെത്തുമെന്നും ഇടക്ക് അഭ്യൂഹങ്ങളുണ്ടായിരുന്നു. പല കാലങ്ങളിലായി തന്റെ പ്രണയിനിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന നായകന്റെ കഥയാണ് ചിത്രം പറയുന്നത്.

ഏഴ് കടല്‍ ഏഴ് മലൈ പോലെ പെട്ടിയില്‍ കിടക്കുന്ന നിവിന്റെ മറ്റൊരു ചിത്രമാണ് ഡിയര്‍ സ്റ്റുഡന്റ്‌സ്. നവാഗതനായ ജോര്‍ജ് ഫിലിപ് റോയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. 2024ല്‍ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയായതാണ്. കഴിഞ്ഞവര്‍ഷം ചിത്രത്തിന്റെ ആദ്യ ടീസറും പുറത്തുവന്നിരുന്നു.

ഡിയര്‍ സ്റ്റുഡന്റ്‌സ് Photo: Screen grab/ Pauly JR Pictures

ഫണ്‍ എന്റര്‍ടൈനറായിട്ടാണ് ഡിയര്‍ സ്റ്റുഡന്റ്‌സ് ഒരുങ്ങിയതെന്ന് ടീസറില്‍ വ്യക്തമാണ്. നിവിന്‍ പോളി തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം. നിവിനും നയന്‍താരക്കും പുറമെ ഒരുപിടി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജസ്റ്റിന്‍ വര്‍ഗീസാണ് ഡിയര്‍ സ്റ്റുഡന്റ്‌സിന്റെ സംഗീതം. ടീസറിന് ശേഷം ചിത്രത്തിന്റെ മറ്റൊരു അപ്‌ഡേറ്റും ഇതുവരെ പുറത്തുവന്നിട്ടില്ല.

സര്‍വ്വം മായയുടെ ഹിറ്റിന് പിന്നാലെ ഈ രണ്ട് സിനിമകളും തിയേറ്ററുകളിലെത്തുമെന്നായിരുന്നു കരുതിയത്. എന്നാല്‍ സര്‍വ്വം മായക്ക് ശേഷം വന്ന ബേബി ഗേളും പ്രതിച്ഛായയും നിരാശപ്പെടുത്തിയതോടെ നിവിന്റെ മാര്‍ക്കറ്റ് വീണ്ടും ഇടിഞ്ഞു. ഓണം റിലീസായെത്തുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ് ഹിറ്റായതിന് ശേഷം ഈ രണ്ട് സിനിമകളും തിയേറ്ററുകളിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Nivin Pauly’s unreleased films discussing in social media

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം