| Wednesday, 7th May 2025, 7:36 am

സ്വന്തം കാര്യ മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ ജീവിതത്തില്‍ കാണേണ്ടി വരും: നിവിന്‍ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വന്തം കാര്യ മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരെയും നമ്മള്‍ കാണേണ്ടി വരുമെന്ന് പറയുകയാണ് നടന്‍ നിവിന്‍ പോളി. പരസ്പരം സ്‌നേഹത്തിലും സമാധാനത്തിലും നല്ല ഹൃദയമുള്ള ആളുകളായി ജീവിക്കാന്‍ പറ്റിയാല്‍ വളരെ നല്ല കാര്യമാണെന്നും അങ്ങനെ ജീവിക്കുന്നവരെയും അങ്ങനെ അല്ലാത്തവരെയും നമ്മള്‍ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും നിവിന്‍ പോളി പറയുന്നു.

ഭീഷണിയുടെ സ്വരം മുഴക്കുന്നവരോട് തനിക്ക് പറയാനുള്ളത് നല്ല ഹൃദയത്തിനും മനസിനും ഉടമകളാകുകയെന്നതാണെന്നും കഴിഞ്ഞ വര്‍ഷം തനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ തന്റെ കൂടെ നിന്നത് പ്രേക്ഷകരാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ശ്രീമഹാദേവര്‍ ക്ഷേത്രോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു നിവിന്‍ പോളി.

‘നമുക്കെല്ലാവര്‍ക്കും പരസ്പരം സ്‌നേഹത്തിലും സമാധാനത്തിലും നല്ല ഹൃദയമുള്ള ആളുകളായി ജീവിക്കാന്‍ പറ്റിയാല്‍ വളരെ നല്ല കാര്യമാണ്. അങ്ങനെ ജീവിക്കുന്നവരെയും അങ്ങനെ അല്ലാത്തവരെയും നമ്മള്‍ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരും.

സ്വന്തം കാര്യ മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരെയും നമ്മള്‍ കാണേണ്ടി വരും. അവരോട് എല്ലാവരോടും എനിക്ക് പറയാനുള്ളത്, നല്ല ഹൃദയത്തിനും മനസിനും ഉടമകളാകുക, പരസ്പരം സ്‌നേഹത്തിലും സന്തോഷത്തിലും മുന്നോട്ട് പോകാനായിട്ട് നമുക്ക് എല്ലാവര്‍ക്കും സാധിക്കും.

കഴിഞ്ഞ വര്‍ഷം എനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ എന്റെ കൂടെ നിന്നത് നിങ്ങള്‍ പ്രേക്ഷകരാണ്, ജനങ്ങളാണ്. ഞാന്‍ ഏത് വേദിയില്‍ വന്നാലും നന്ദി പറയുന്നത് പ്രേക്ഷകരോടാണ്. ഒരു സംശയവും തോന്നാതെ നിങ്ങള്‍ എന്റെ കൂടെ നിന്നു,’ നിവിന്‍ പോളി പറയുന്നു.

കഴിഞ്ഞ ദിവസം നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പേര് വെളിപ്പെടുത്താതെ ഒരു പ്രമുഖ നടനെതിരെ രംഗത്തെത്തിയിരുന്നു. പ്രമുഖ നടന്‍ നിവിന്‍ ആണെന്നും ആരോപണങ്ങള്‍ അദ്ദേഹത്തെ ലക്ഷ്യമാക്കിയുള്ളതാണെന്ന് വിലയിരുത്തലുകളും പിന്നാലെ എത്തി. വിവാദത്തിന് പിന്നാലെ താന്‍ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നത് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ വീണ്ടും രംഗത്തെത്തിയിരുന്നു. നിവിന്‍ പോളിയുടെ വാക്കുകള്‍ ഈ വിവാദത്തിലുള്ള പ്രതികരണമാണെന്ന തരത്തിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നത്.

Content Highlight: Nivin Pauly’s  Speech at an event

We use cookies to give you the best possible experience. Learn more