| Thursday, 11th April 2024, 4:19 pm

ചിരിയുടെ പൊടിപൂരവുമായി നിവിന്‍; വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ സെക്കന്റ് ഹാഫില്‍ നിറഞ്ഞാടുന്ന കഥാപാത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം തീയേറ്ററുകളില്‍ മികച്ച അഭിപ്രായാമാണ് നേടുന്നത്. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിലെ നിവിന്‍ പോളിയുടെ കാഥാപാത്രമാണ് തീയേറ്റര്‍ പ്രതികരണങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. സെക്കന്റ് ഹാഫില്‍ എത്തുന്ന നിവിന്റെ കഥാപാത്രം സിനിമയിലെ ഷോ സ്റ്റീലര്‍ ആയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അടിമുടി ചിരി പരത്തുന്ന കഥാപാത്രമായാണ് നിവിന്‍ സ്‌ക്രീനില്‍ എത്തുന്നത്.

സിനിമക്കുള്ളിലെ സിനിമയും അതിന്റെ പിന്നണിയുമാണ് വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ പ്രമേയം. ഇതില്‍ ഒരു സിനിമാ താരമാണ് നിവിന്റെ കഥാപാത്രം. ഏഴ് സിനിമകള്‍ തുടര്‍ച്ചയായി പൊട്ടിയ നായക നടനായ നിതിന്‍ മോളി ആണ് നിവിന്റെ അവതരിപ്പിക്കുന്ന കഥാപാത്രം.. നിവിന്റെ കഥാപാത്രം എത്തുന്നതോടെ സിനിമയിലെ ചിരിയുടെ ഗിയര്‍ വീണ്ടും മുകളിലേക്ക് ഉയരുന്നു. സെല്‍ഫ് ട്രോള്‍ ഗണത്തില്‍ വരുന്ന തമാശകള്‍ തീയേറ്ററില്‍ നിരവധി തവണ കയ്യടി നേടുന്നുണ്ട്.

ഹ്യൂമര്‍ റോളുകള്‍ മുന്‍പും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുള്ള നടനാണ് നിവിന്‍ പോളി. അത്തരം മുഹൂര്‍ത്തങ്ങളാണ് വര്‍ഷങ്ങള്‍ക്ക് ശേഷത്തിലും നിവിന്‍ കൊണ്ടുവരുന്നത്. തമാശയിലൂടെ തന്നെ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയാനും ഈ കഥാപാത്രത്തിലൂടെ നിവിന് കഴിയുന്നുണ്ട്. മലയാള സിനിമാ രംഗത്ത് നിവിന്‍ നേരിട്ടിട്ടുള്ള ബോഡി ഷെയ്മിങിന്  ഈ കഥാപാത്രം കൃത്യമായ മറുപടി പറയുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ പ്രൊമോഷന്‍ കണ്ടന്റുകളില്‍ നിവിന്റെ കഥാപാത്രത്തെ പിന്നണി പ്രവര്‍ത്തകര്‍ അധികം റിവീല്‍ ചെയ്തിരുന്നില്ല. ആ കഥാപാത്രം തീയേറ്ററില്‍ സൃഷ്ഠിക്കുന്ന സര്‍പ്രൈസ് നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണിതെന്ന് സംവിധായന്‍ വിനീത് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. ആ തീരുമാനം ശരിവക്കുന്ന തരത്തിലായിരുന്നു ആദ്യ ദിവസത്തെ ഷോ കഴിഞ്ഞിറങ്ങിയ പ്രേക്ഷക പ്രതികരണം. നിവിന്‍ പോളിയുടെ കഥാപാത്രത്തെ മാത്രം വച്ചുകൊണ്ട് ഒരു സിനിമക്ക് സാധ്യതയുണ്ടെന്നാണ് ചലര്‍ അഭിപ്രായപ്പെട്ടത്.

Content Highlight: Nivin Pauly’s caharacter gets appreciation in Varshangalkku Sesham

We use cookies to give you the best possible experience. Learn more