തിരിച്ചുവരവ് മോന്‍, ഇനി അവന്റെ നാളുകളാണ്; ബേബി ഗേളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍
Malayalam Cinema
തിരിച്ചുവരവ് മോന്‍, ഇനി അവന്റെ നാളുകളാണ്; ബേബി ഗേളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍
ഐറിന്‍ മരിയ ആന്റണി
Sunday, 11th January 2026, 10:28 am

സര്‍വ്വം മായയുടെ വിജയതിളക്കത്തിലാണ് നിവിന്‍ പോളി. അഖില്‍ സത്യന്റെ സംവിധാനത്തില്‍ ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം 127 കോടി കളക്ഷന്‍ സ്വന്തമാക്കി. കഴിഞ്ഞ കുറച്ച് കാലമായി ബോക്‌സ് ഓഫീസില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ നിവിന്റെ തിരിച്ചുവരവ് പ്രേക്ഷകര്‍ ഒന്നടങ്കം ആഘോഷിക്കുകയാണ്.

നിവിന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുമ്പോഴാണ് ഇന്നലെ ബേബിഗേളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വരുന്നത്. ബോബി സഞ്ജയുടെ തിരക്കഥയില്‍ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

തിരിച്ച് വരവ് മോന്‍, ഇനി അവന്റെ നാളുകളാണ് വരാന്‍ പോകുന്നത് എന്നീ കമന്റുകള്‍ പോസ്റ്റിന് താഴെ കാണാം. ഇത് നിന്റെ വര്‍ഷമാണ് നിവിന്‍, കട്ട വെയിറ്റിങ്, വരും വരണമല്ലോ, അടുത്ത 100 കോടി ലോഡിങ് എന്നിങ്ങനെയുള്ള കമന്റും പോസ്റ്റിന് താഴെ നിറയുന്നുണ്ട്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രം ജനുവരിയില്‍ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. മാജിക് ഫ്രെയിംസിന് വേണ്ടി ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ബേബി ഗേള്‍. സുരേഷ് ഗോപി നായകനായെത്തിയ ഗരുഡന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ബേബി ഗേളിന് ഉണ്ട്.

ട്രാഫിക്, നോട്ട് ബുക്ക്, അയാളും ഞാനും തമ്മില്‍ പോലുള്ള ചിത്രത്തിന്റെ തിരക്കഥാകൃത്തായ ബോബി സഞ്ജയ് തിരക്കഥ നിര്‍വഹിക്കുന്ന സിനിമ എന്നതും പ്രേക്ഷകരില്‍ ആകാംഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ചിത്രത്തില്‍ നിവിന്‍ പോളിക്ക് പുറമെ ലിജോമോള്‍, സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാല്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഫയസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന് ചിത്രത്തിന്റെ എഡിറ്റിങ് ഷൈജിത്ത് കുമാറാണ്.

Content Highlight: Nivin Pauly’s Baby Girl movie poster is gaining attention on social media

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.