| Tuesday, 3rd June 2025, 7:30 pm

തമിഴിലെ രണ്ടാം വരവ് ഇത്തവണ വെറുതേയാകില്ല, എല്‍.സി.യുവിലെ പുതിയ വില്ലനായി നിവിന്‍?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷ് കനകരാജിലൂടെ തമിഴ് സിനിമയില്‍ രൂപം കൊണ്ട സിനിമാറ്റിക് യൂണിവേഴ്‌സാണ് എല്‍.സി.യു. കൈതി എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ വിക്രം എന്ന സിനിമയിലേക്കെത്തിച്ചത് പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരുന്നു. വിജയ് നായകനായ ലിയോയും ഈ യൂണിവേഴ്‌സില്‍ ഉള്‍പ്പെടുത്തിയതോടെ തമിഴ് സിനിമ കണ്ട ഏറ്റവും വലിയ യൂണിവേഴ്‌സായി എല്‍.സി.യു മാറി.

ഈ യൂണിവേഴ്‌സിലെ അടുത്ത ചിത്രമാണ് ബെന്‍സ്. ലോകേഷ് കനകരാജിന്റെ കഥയില്‍ ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. രാഘവ ലോറന്‍സാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ബെന്‍സിന്റെ ഓരോ അപ്‌ഡേറ്റും വലിയ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ കാസ്റ്റ് റിവീലിങ്ങ് പോസ്റ്റര്‍ സിനിമാലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടാന്‍ പോകുന്നത്. എന്നാല്‍ ആരാണ് വില്ലനെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുറംതിരിഞ്ഞ് നില്‍ക്കുന്ന ഒരാളുടെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

തോളില്‍ വലിയൊരു ചുറ്റികയുമായി നില്‍ക്കുന്നത് നിവിന്‍ പോളിയാണെന്നാണ് സൂചന. ‘യൂ ആര്‍ നോട്ട് റെഡി ഫോര്‍ ദിസ്’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിലെ ‘N’ പ്രത്യേകം എടുത്ത് പറഞ്ഞതിലൂടെയാണ് വില്ലന്‍ നിവിന്‍ പോളിയാണെന്ന് പലരും അനുമാനിക്കുന്നത്. നാളെ രാവിലെ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

എല്‍.സി.യുവിലെ അഞ്ചാമത്തെ മലയാളി സാന്നിധ്യമാണ് നിവിന്‍ പോളി. തമിഴിലെ തന്റെ രണ്ടാം വരവില്‍ ശക്തമായ വില്ലനെ അവതരിപ്പിക്കുമ്പോള്‍, അതും ഏറ്റവുമധികം ആരാധകരുള്ള സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാകുമ്പോള്‍ നിവിന്‍ പോളി തന്റെ റേഞ്ച് എന്താണെന്ന് സിനിമാലോകത്തിന് വ്യക്തമാക്കി കൊടുക്കുമെന്ന് ഉറപ്പാണ്.

തമിഴിലെ ഒരുകാലത്തെ ചോക്ലേറ്റ് ഹീറോയായിരുന്ന മാധവനും ബെന്‍സില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. തമിഴ് സിനിമയിലെ പുത്തന്‍ സെന്‍സേഷനായ സായ് അഭ്യങ്കറാണ് ചിത്രത്തിന്റെ സംഗീതം. ലോകേഷിന്റെ ഉടമസ്ഥതയിലുള്ള ജി സ്‌ക്വാഡാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Nivin Pauly as villain in Benz movie a part of LCU

We use cookies to give you the best possible experience. Learn more