| Monday, 20th January 2025, 12:30 pm

ആ സംവിധായകന്റെ പിന്നാലെ നടന്ന് ചോദിച്ച് വാങ്ങിയ റോളായിരുന്നു, ഒടുവിൽ സിനിമ സൂപ്പർ ഹിറ്റ്: നിവിൻ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു കാലത്ത് സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ പോലെ ബോക്സ് ഓഫീസ് നിറച്ച നടനാണ് നിവിൻ പോളി. വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ നിവിൻ പെട്ടെന്ന് തന്നെ സൗത്തിന്ത്യയിലെ തിരക്കുള്ള താരമായി.

നേരം, തട്ടത്തിൻ മറയത്ത്, പ്രേമം തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടർച്ചയായി ഹിറ്റ്‌ ചാർട്ടിൽ കയറ്റിയിരുന്ന നടനായിരുന്നു നിവിൻ പോളി. എന്നാൽ കുറച്ചുനാളായി നല്ലൊരു  ബോക്സ് ഓഫീസ് വിജയം അദ്ദേഹത്തിനില്ല. വിനീത് ശ്രീനിവാസനെ കുറിച്ച് സംസാരിക്കുകയാണ് നിവിൻ.

വിനീതുമായി ഒന്നിക്കുമ്പോൾ വലിയ എനർജിയാണെന്നും ക്യാമറക്ക് മുന്നിലെത്തുമ്പോൾ ആ കെമിസ്ട്രി നന്നായി വർക്കാവുമെന്നും നിവിൻ പറയുന്നു. കഥാപാത്രങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുള്ള സംവിധായകനാണ് വിനീതെന്നും വിനീതിനെ പരിചയപ്പെടാൻ വേണ്ടി മാത്രമാണ് താൻ മലർവാടിയുടെ ഒഡീഷനിൽ പോയതെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു.

‘ഒന്നിച്ച് ചേരുമ്പോൾ പോസിറ്റീവ് എനർജിയാണ്. പരസ്‌പരം അടുത്തറിയാവുന്ന സുഹൃത്തുക്കൾ കഥാപാത്രങ്ങളായി ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ കെമിസ്ട്രി വർക്കൗട്ടാകും. കഥാപാത്രത്തെക്കുറിച്ചും സീനുകളെക്കുറിച്ചും കൃത്യമായ ധാരണയുള്ള വ്യക്തിയാണ് വിനീത്. വിനീതിനെ പരിചയപ്പെടാൻവേണ്ടി മാത്രമാണ് മലർവാടി സിനിമയുടെ ഓഡിഷന് പോയത്.

സിനിമയിൽ ആദ്യമായി അവസരം തന്നതും തട്ടത്തിൻ മറയത്തിലൂടെ കരിയർ ബ്രേക്ക് സമ്മാനിച്ചതും വിനീതാണ്. ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിന്റെ കഥ കേട്ടതുമുതൽ വിനീതിനുപുറകേ കൂടി ആ വേഷം ചോദിച്ചുവാങ്ങുകയായിരുന്നു. നന്ദിയോടെയും സ്നേഹത്തോടെയും മാത്രമേ വിനീതിതിനെ കുറിച്ച് പറയാൻ കഴിയൂ.

അജുവും ഞാനും ഒരേ സ്‌കൂളിലാണ് പഠിച്ചതെങ്കിലും വ്യത്യസ്‌ത ഡിവിഷനിലായിരുന്നു. അതുകൊണ്ടുതന്നെ സ്‌കൂൾകാലത്ത് പരിചയമുണ്ടെന്ന് മാത്രമേ പറയാനാകൂ. പിന്നീട് മലർവാടിക്കുവേണ്ടിയാണ് ഒന്നിക്കുന്നത്. ഞങ്ങൾ തമ്മിലുള്ള കോമ്പിനേഷൻ ആസ്വദിച്ചഭിനയിക്കുകയാണ് പതിവ്. പല സംഭാഷണങ്ങളും ക്യാമറയ്ക്കുമുമ്പിലാണ് പിറക്കുന്നത്,’നിവിൻ പോളി പറയുന്നു.

Content Highlight: Nivin Pauly About Vineeth Sreenivasan

We use cookies to give you the best possible experience. Learn more