| Monday, 10th February 2025, 3:57 pm

പ്രേമത്തിനുശേഷം ചെയ്യാൻ പറ്റിയ സിനിമയല്ല അതെന്ന് പറഞ്ഞ് വിനീതെന്നെ നിരുത്സാഹപ്പെടുത്തി: നിവിൻ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു കാലത്ത് സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ പോലെ ബോക്സ് ഓഫീസ് നിറച്ച നടനാണ് നിവിൻ പോളി. വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ നിവിൻ പെട്ടെന്ന് തന്നെ സൗത്തിന്ത്യയിലെ തിരക്കുള്ള താരമായി.

നേരം, തട്ടത്തിൻ മറയത്ത്, പ്രേമം തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടർച്ചയായി ഹിറ്റ്‌ ചാർട്ടിൽ കയറ്റിയിരുന്ന നടനായിരുന്നു നിവിൻ പോളി. എന്നാൽ കുറച്ചുനാളായി നല്ലൊരു  ബോക്സ് ഓഫീസ് വിജയം അദ്ദേഹത്തിനില്ല.

കഴിഞ്ഞ വർഷമിറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ നിമിഷ നേരം കൊണ്ടാണ് നിവിന് പ്രേക്ഷകരെ കയ്യിലെടുത്തത്. നിവിന്റെ കരിയറിൽ വലിയ പങ്കുള്ള വ്യക്തിയാണ് വിനീത് ശ്രീനിവാസൻ. ഇരുവരും ഒന്നിച്ച സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ജേക്കബിന്റെ സ്വർഗ്ഗരാജ്യം.

ഒരു വടക്കൻ സെൽഫി എന്ന സിനിമയുടെ സമയത്താണ് ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിന്റെ കഥ താൻ കേൾക്കുന്നതെന്നും അന്ന് തന്നെ ആ സിനിമ ചെയ്യാൻ അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്നും നിവിൻ പറയുന്നു. അജുവർഗീസിനെക്കൊണ്ടും ഷാൻ റഹ്മാനെക്കൊണ്ടും റെക്കമെൻഡ് ചെയ്യിപ്പിച്ചാണ് താൻ വിനീത് ശ്രീനിവാസനിൽ നിന്ന് ആ കഥാപാത്രം വാങ്ങിയെടുത്തതെന്നും എന്നാൽ പ്രേമത്തിന് ശേഷം തനിക്ക് ചെയ്യാൻ പറ്റിയ വേഷമല്ല അതെന്ന് വിനീത് പറഞ്ഞിരുന്നുവെന്നും നിവിൻ പോളി പറയുന്നു.

‘ഒരു വടക്കൻ സെൽഫിയുടെ ഷൂട്ടിങ്ങിനിടയിലാണ് ജേക്കബിന്റെ കഥ വിനീത് എന്നോട് പറഞ്ഞത്. അത് വിനീതിന് തന്നെ ചെയ്യാനുള്ള പരിപാടിയായിരുന്നു. കഥ കേട്ടപ്പോൾത്തന്നെ എനിക്ക് അതിൽ കൊതി തോന്നി. ഒരുപാട് ഇമോഷണൽ സാധ്യതയുള്ള ചിത്രം. പിന്നീട് എവിടെപ്പോയാലും എനിക്ക് ആ കഥയെക്കുറിച്ചായി ചിന്ത. അന്ന് ഞാനൊന്നും പറഞ്ഞില്ല. കുറച്ച് ദിവസം കഴിഞ്ഞ് ഞാൻ വിനീതിനെ വിളിച്ചു. ‘നീ ഈ ചിത്രം ചെയ്യുന്നില്ലെങ്കിൽ അത് എനിക്ക് ചെയ്‌താൽ കൊള്ളാമെന്നുണ്ട്’എന്ന് ഞാൻ ആഗ്രഹം പറഞ്ഞു.

പിന്നീട് അജുവിനെക്കൊണ്ടും ഷാൻ റഹ്മാനെക്കൊണ്ടും ഞാൻ റെക്കമെൻഡ് ചെയ്യിപ്പിച്ചു. ‘പ്രേമത്തിനുശേഷം തനിക്ക് ചെയ്യാൻ പറ്റിയ ചിത്രമല്ലിത് എന്ന് പറഞ്ഞ് വിനീത് എന്നെ നിരുത്സാഹപ്പെടുത്തി. ഞാൻ പിന്മാറിയില്ല. ഒടുവിൽ വിനീത് സമ്മതിച്ചു. കഥ കേട്ടപ്പോൾ തന്നെ ഞാൻ ജെറിയായിക്കഴിഞ്ഞിരുന്നു. പിന്നെ എന്നെ വിട്ട് പോയില്ല. അതുകൊണ്ട് തന്നെയാണ് ഞാനത് ചോദിച്ച് വാങ്ങിയത്. അത്രയും ആകർഷിച്ച കഥാപാത്രം അതിന് മുമ്പ് ഉണ്ടായിട്ടില്ല,’നിവിൻ പോളി പറയുന്നു.

Content Highlight: Nivin Pauly About Jeckobinte Sworgarajyam Movie

Latest Stories

We use cookies to give you the best possible experience. Learn more