കൂടുമാറാനൊരുങ്ങി രാജസ്ഥാൻ റോയൽസ് സൂപ്പർ താരം; ചേക്കേറുന്നത് ഹോം ടീമിലേക്ക്?
Sports News
കൂടുമാറാനൊരുങ്ങി രാജസ്ഥാൻ റോയൽസ് സൂപ്പർ താരം; ചേക്കേറുന്നത് ഹോം ടീമിലേക്ക്?
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th June 2025, 8:22 pm

ആഭ്യന്തര സീസണിന് മുന്നോടിയായി ദൽഹിയിലേക്ക് കൂടുമാറാൻ ഉത്തർ പ്രദേശ് താരമായ നിതീഷ് റാണ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് റാണ തന്റെ ഹോം ടീമിലേക്ക് തിരിച്ച് പോകാൻ ഒരുങ്ങുന്നത് റിപ്പോർട്ട് ചെയ്തത്.

താരത്തിന്റെ ബാല്യകാല പരിശീലകൻ സഞ്ജയ് ഭരദ്വാജിനെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമം ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഈ സീസണിൽ ദൽഹിക്കായാണ് റാണ കളിക്കുന്നതെന്ന് അദ്ദേഹം ദേശീയ മാധ്യമത്തോട് പറഞ്ഞു. ദൽഹിയിലേക്ക് മടങ്ങുന്നത് നല്ലൊരു തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഒന്നും നിങ്ങളുടെ സ്വന്തം നാടിനടുത്ത് വരില്ല. അതെ, അവൻ ഈ സീസണിൽ ദൽഹിക്കായാണ് കളിക്കുന്നത്. അന്നും ഞാൻ അവനോട് ടീം മാറരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഉത്തർപ്രദേശിൽ അവന് മികച്ച സീസണായിരുന്നില്ല. ഒരു പ്രൊഫഷണൽ ക്രിക്കറ്റർ എന്ന നിലയിൽ നിങ്ങൾക്ക് വളരെയധികം സമ്മർദമുണ്ടാകും.

ദൽഹിയിലേക്ക് മടങ്ങുന്നത് നല്ലൊരു തീരുമാനമാണ്. ചെറുപ്രായം മുതൽ അവൻ എല്ലാ ഫോർമാറ്റിലും കളിച്ചത് ഇവിടെയാണ്. ദൽഹിക്ക് വേണ്ടി കളിക്കുമ്പോഴാണ് അവന് ആദ്യമായി ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചത്. ഇതൊരു മികച്ച നീക്കമാണ്,’ ഭരദ്വാജ് പറഞ്ഞു.

റാണ ആഭ്യന്തര ക്രിക്കറ്റിൽ 2023ലാണ് ദൽഹി വിട്ട് ഉത്തർപ്രദേശിലേക്ക് ചേക്കേറുന്നത്. ഈ രണ്ട് വർഷത്തിൽ യു.പിക്കായി വിക്കറ്റ് കീപ്പർ ബാറ്റർ 16 ടി – 20 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന ടീമിനായി ഏഴ് ലിസ്റ്റ് എ മത്സരങ്ങളിലും പത്ത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും താരം കളത്തിലിറങ്ങിയിട്ടുണ്ട്.

റെഡ് ബോൾ ക്രിക്കറ്റിൽ യു.പിക്കായി 31.93 ശരാശരിയിലാണ് താരം ബാറ്റേന്തിയത്. എന്നാൽ ടി – 20യിലും ഏകദിന ക്രിക്കറ്റിലും താരത്തിന് ടീമിനായി വലിയ രീതിയിൽ പ്രകടനം നടത്താനായിട്ടില്ല.

കഴിഞ്ഞ സീസണിൽ ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് താരമായ നിതീഷ് റാണ ടീമിനായി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. താരം പിങ്ക് ആർമിക്കായി 21.7 ശരാശരിയിൽ 217 റൺസ് എടുത്തിട്ടുണ്ട്.

Content Highlight: Nitish Rana set to leave Uttar Pradesh and return to Delhi ahead new domestic cricket season