സഞ്ജുവിന്റെ പടയാളി അടിച്ചുകൂട്ടിയത് 15 സിക്‌സടക്കം 134 റണ്‍സും; ദിഗ്‌വേശിന് കിടിലന്‍ മറുപടിയും!
Cricket
സഞ്ജുവിന്റെ പടയാളി അടിച്ചുകൂട്ടിയത് 15 സിക്‌സടക്കം 134 റണ്‍സും; ദിഗ്‌വേശിന് കിടിലന്‍ മറുപടിയും!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th August 2025, 12:30 pm

ദല്‍ഹി പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സൗത്ത് ദല്‍ഹി സൂപ്പര്‍ സ്റ്റാര്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് വെസ്റ്റ് ദല്‍ഹി ലയണ്‍സ് സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ദല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടി വെസ്റ്റ് ദല്‍ഹി വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിനിടയില്‍ വെസ്റ്റ് ദല്‍ഹി ലയണ്‍സിന്റെ ക്യാപ്റ്റന്‍ നിതീഷ് റാണയും സൗത്ത് ദല്‍ഹി ബൗശര്‍ ദിഗ്‌വേശ് സിങ് റാഥിയും തമ്മിലുണ്ടായ കശപിശ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ചര്‍ച്ച ചെയ്തിരുന്നു.

മത്സരത്തില്‍ ദിഗ്‌വേശ് റാണക്കെതിരെ എറിഞ്ഞ ഓവറിലാണ് പ്രശ്‌നം ഉണ്ടായത്. സ്വീപ്പ് ഷോട്ട് കളിക്കാന്‍ തയ്യാറെടുത്ത റാണക്ക് മുന്നില്‍ പന്തറിയാന്‍ വന്ന താരം പെട്ടെന്ന് ആക്ഷന്‍ നിര്‍ത്തി. ശേഷം വീണ്ടും ഡെലിവറി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ റാണ ബാറ്റ് ചെയ്യുന്നതും നിര്‍ത്തി.

ഇതോടെ അടുത്ത പന്ത് എറിഞ്ഞപ്പോള്‍ റാണ റിവേഴ്‌സ് സിപ്പില്‍ അത് സിക്‌സര്‍ പറക്കുകയായിരുന്നു. ശേഷം തന്റെ രോഷം പ്രകടിപ്പിക്കുകയായിരുന്നു റാണ. തുടര്‍ന്ന് ഇരുവരും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഫീല്‍ഡ് അമ്പയര്‍മാരും താരങ്ങളും ചേര്‍ന്ന് ഇവരെ പിന്തിരിപ്പിക്കുകയുമായിരുന്നു.

മത്സരത്തില്‍ വെസ്റ്റ് ദല്‍ഹിക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയതും ക്യാപ്റ്റന്‍ നിതീഷ് റാണയായിരുന്നു. 55 പന്തില്‍ 15 സിക്‌സറും എട്ട് ഫോറും ഉള്‍പ്പെടെ 134 റണ്‍സാണ് താരം അടിച്ചെടുത്തത്. അമ്പരപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത റാണ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ്. താരത്തിന് പുറമേ ഓപ്പണര്‍ കൃഷി യാദവ് 31 റണ്‍സ് നേടിയിരുന്നു.

സൗത്ത് ദല്‍ഹിക്ക് വേണ്ടി അന്മോള്‍ ശര്‍മ 39 പന്തില്‍ നിന്ന് 55 റണ്‍സ് നേടി. ക്യാപ്റ്റന്‍ തേജസ്വി ദാസിയ 33 പന്തില്‍ 60 റണ്‍സും അടിച്ചെടുത്തു. സുമിത്ത് മാത്തൂര്‍ 26 പന്തില്‍ 48 റണ്‍സ് നേടി മികവുപുലര്‍ത്തി.

വെസ്റ്റ് ദല്‍ഹിക്ക് വേണ്ടി ഹൃത്തിക് ഷൊക്കീന്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ശുഭം ദുബെ, ശിവന്‍ക് വശിഷ്ട്, അനിരുദ്ധ് ചൗധരി എന്നിവര്‍ ഓരോ വിക്കറ്റും നേടി. അതേസമയം ടൂര്‍ണമെന്റില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഈസ്റ്റ് ദല്‍ഹി റൈഡേഴ്‌സ് വെസ്റ്റ് ദല്‍ഹി ലയണ്‍സിനെ നേരിടും.

Content Highlight: Nitish Rana’s Great Performance In DPL And Clash Against Digvesh Rathi