| Sunday, 31st August 2025, 7:45 pm

ഇങ്ങോട്ട് വന്ന് ചൊറിഞ്ഞാല്‍ ഒരുത്തനെയും ഞാന്‍ ചുമ്മാ വിടില്ല; കളിക്കളത്തിലെ വാക്കേറ്റത്തില്‍ റാണയ്ക്ക് പറയാനുള്ളത്

സ്പോര്‍ട്സ് ഡെസ്‌ക്

ദല്‍ഹി പ്രീമിയര്‍ ലീഗിലെ എലിമിനേറ്റര്‍ മത്സരത്തില്‍ വെസ്റ്റ് ദല്‍ഹി ലയണ്‍സ് നായകന്‍ നിതീഷ് റാണയും സൗത്ത് ദല്‍ഹി സൂപ്പര്‍ സ്റ്റാര്‍സ് താരവുമായ ദിഗ്വേഷ് രാഥിയും തമ്മില്‍ കളിക്കളത്തില്‍ വാക്കേറ്റമുണ്ടായിരുന്നു.

തന്റെ സ്വതസിദ്ധമായ രീതിയില്‍ നിതീഷ് റാണയെ ദിഗ്വേഷ് രാഥി സ്ലെഡ്ജ് ചെയ്യുകയും പകരമായി റാണ വാക്കുകൊണ്ടും ബാറ്റ് കൊണ്ടും മറുപടി നല്‍കുകയായിരുന്നു. മത്സരത്തിലെ രണ്ട് ഓവറില്‍ 39 റണ്‍സാണ് രാഥി വഴങ്ങിയത്.

ഇന്നിങ്സില്‍ തന്റെ ആദ്യ ഓവറില്‍ മൂന്ന് സിക്സര്‍ അടക്കം 22 റണ്‍സാണ് രാഥി വിട്ടുകൊടുത്തത്. അടുത്ത ഓവറില്‍ രണ്ട് സിക്സര്‍ അടക്കം 17 റണ്‍സും താരം വഴങ്ങി.

ഇപ്പോള്‍ ഈ വാക്കേറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് നിതീഷ് റാണ. ആരെങ്കിലും തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ താന്‍ തീര്‍ച്ചയായും മറുപടി നല്‍കുമെന്നാണ് റാണ പറഞ്ഞത്.

‘ഞാന്‍ എന്റെ ടീമിനായി മത്സരം വിജയിക്കാന്‍ വേണ്ടിയാണ് ഇവിടെയെത്തിയിട്ടുള്ളത്. അവന്റെ ടീമിന്റെ ജയം മാത്രം പ്രതീക്ഷിച്ചാണ് ദിഗ്വേഷും വന്നിട്ടുള്ളത്. എന്നാല്‍ ക്രിക്കറ്റിനെ ബഹുമാനിക്കുക എന്നത് എന്റെ കടമയാണ്. എന്റെ മാത്രമല്ല, അവന്റെയും.

അവനാണ് കാര്യങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ ആരെങ്കിലും ഷോ ഓഫിനോ എന്നെ പ്രകോപിപ്പിക്കാനോ ശ്രമിച്ചാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കുന്ന ഒരാളല്ല ഞാന്‍. ഞാന്‍ ജനിച്ചതും വളര്‍ന്നതും ദല്‍ഹിയിലാണ്.

ആരെങ്കിലും എന്നെ വെറുതെ ചൊറിഞ്ഞ് ഷോ ഓഫിന് ശ്രമിച്ചാല്‍, ഞാന്‍ തീര്‍ച്ചയായും അതേ നാണയത്തില്‍ തന്നെ പ്രതികരിക്കും,’ റാണ പറഞ്ഞു.

രാഥിയെ മാത്രമല്ല, സൗത്ത് ദല്‍ഹി സൂപ്പര്‍ സ്റ്റാര്‍സ് നിരയിലെ ഓരോ ബൗളര്‍മാരെയും ആക്രമിച്ച നായകന്‍ നിതീഷ് റാണയുടെ കരുത്തില്‍ ലയണ്‍സ് അനായാസ വിജയം സ്വന്തമാക്കി. സൂപ്പര്‍ സ്റ്റാര്‍സ് ഉയര്‍ത്തിയ 202 റണ്‍സിന്റെ വിജയലക്ഷ്യം 16 പന്തും ഏഴ് വിക്കറ്റും ശേഷിക്കെ ലയണ്‍സ് മറികടന്നു.

55 പന്തില്‍ പുറത്താകാതെ 134 റണ്‍സാണ് റാണ അടിച്ചെടുത്തത്. 15 സിക്സറും എട്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 243.64 സ്ട്രൈക് റേറ്റിലാണ് റാണ വെടിക്കെട്ട് പുറത്തെടുത്തത്.

സൂപ്പര്‍ സ്റ്റാര്‍സിനെതിരായ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ക്വാളിഫയറിലും വിജയിച്ച് ലയണ്‍സ് ഫൈനലിന് യോഗ്യത നേടി. ഈസ്റ്റ് ദല്‍ഹി റൈഡേഴ്സിനെ എട്ട് വിക്കറ്റിനാണ് ലയണ്‍സ് പരാജയപ്പെടുത്തിയത്.

Content Highlight: Nitish Rana explains his altercation with Digvesh Rathi

We use cookies to give you the best possible experience. Learn more