നിഖാബ് വിഷയത്തിൽ നിതീഷ്‌ കുമാർ ഖേദം പ്രകടിപ്പിക്കണം; വിവാദം അവസാനിപ്പിക്കണം: മായാവതി
India
നിഖാബ് വിഷയത്തിൽ നിതീഷ്‌ കുമാർ ഖേദം പ്രകടിപ്പിക്കണം; വിവാദം അവസാനിപ്പിക്കണം: മായാവതി
ശ്രീലക്ഷ്മി എ.വി.
Saturday, 20th December 2025, 4:44 pm

പാട്ന: നിഖാബ് വിവാദത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ ഖേദം പ്രകടിപ്പിക്കുകയും വിവാദം അവസാനിപ്പിക്കുകയും വേണമെന്ന് ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) അധ്യക്ഷ മായാവതി.

ബീഹാറിലെ വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുതാഴ്ത്തിയ സംഭവത്തിലാണ് നിതീഷ്‌ കുമാറിനെതിരെ വിമർശനവുമായി മായാവതി രംഗത്തെത്തിയത്.

ഉയർന്നുവരുന്ന വിവാദം അവസാനിപ്പിക്കണമെന്നും മായാവതി പറഞ്ഞു. നിഖാബ് വിവാദം ദുഖകരവും നിർഭാഗ്യകരവുമാണെന്ന് അവർ കൂട്ടിച്ചേർത്തു.

ആയുഷ് ഡോക്ടർമാർക്കുള്ള നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിലായിരുന്നു നിതീഷ് കുമാർ വനിതാ ഡോക്ടറുടെ നിഖാബ് വലിച്ച് താഴ്ത്താൻ ശ്രമിച്ചത്.

ഉത്തരവ് കൈമാറുന്നതിനിടെ നിഖാബ് മാറ്റാൻ നിതീഷ് കുമാർ ആംഗ്യം കാണിക്കുകയും യുവതി പ്രതികരിക്കും മുമ്പ് അദ്ദേഹം നിഖാബ് വലിച്ച് താഴ്ത്തുകയുമായിരുന്നു.

സ്ത്രീകളുടെ സുരക്ഷയും അന്തസുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പരിഹരിക്കണമെന്ന് മായാവതി പറഞ്ഞു.

‘സംഭവത്തെ മുഖ്യമന്ത്രി ശരിയായ വീക്ഷണകോണിൽ കാണുകയും ഖേദം പ്രകടിപ്പിക്കുകയും വളർന്നു വരുന്ന വിവാദം അവസാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് നല്ലത്,’ അവർ പറഞ്ഞു.

ബഹ്റൈച്ചിൽ നടന്ന വിവാദ പൊലീസ് സംഭവത്തെക്കുറിച്ചും മായാവതി ആശങ്കയറിയിച്ചു. സംസ്ഥാനത്തെയും പാർലമെന്റിലെയും നിയമസഭ സമ്മേളനങ്ങളുടെ പരാജയമാണിതെന്നും അവർ പറഞ്ഞു.

പൊലീസ് പരേഡിനിടെ ഒരു മതപ്രഭാഷകന് സല്യൂട്ട് നൽകി നിയമങ്ങളെ ലംഘിച്ചതിനെ തുടർന്ന് പൊലീസ് വിമർശനം നേരിട്ടത് വലിയ വിവാദമായിരുന്നു. ഇത് സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയെന്നും മായാവതി പറഞ്ഞു.

‘പൊലീസ് പരേഡുകൾക്കും സല്യൂട്ടുകൾക്കും അതിന്റേതായ പാരമ്പര്യവും പവിത്രതയും അച്ചടക്കവുമുണ്ട്. അതിൽ കൈകടത്താൻ പാടില്ല. സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിയിൽ നിന്നും വിശദീകരണം തേടിയത് നല്ല നടപടിയാണ്,’ അവർ പറഞ്ഞു.

ആളുകൾ ഈ നടപടിക്കായി കാത്തിരിക്കുകയാണെന്നും ഇത് ആവർത്തിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ ഇക്കാര്യം ഗൗരവമായി കാണണമെന്നും അവർ ആവശ്യപ്പെട്ടു.

Content Highlight: Nitish Kumar should express regret on niqab issue; end controversy: Mayawati

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.