| Friday, 21st November 2025, 8:26 pm

20 വര്‍ഷത്തിനിടെ ആഭ്യന്തരമില്ലാത്ത മുഖ്യമന്ത്രിയായി നിതീഷ്; താക്കോല്‍ സ്ഥാനങ്ങളെല്ലാം പിടിച്ചെടുത്ത് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബീഹാര്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ആഭ്യന്തര മന്ത്രിസ്ഥാനം കയ്യിലില്ലാതെയാണ് ഇത്തവണ നിതീഷ് മുഖ്യമന്ത്രി സ്ഥാനത്തെത്തിയിരിക്കുന്നത്.

ഉപമുഖ്യമന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ സാമ്രാട്ട് ചൗധരിയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുക. രണ്ട് ദശാബ്ദത്തിനിടെ ഇതാദ്യമായാണ് നിതീഷ് കുമാര്‍ ആഭ്യന്തരമന്ത്രി സ്ഥാനം വിട്ടുനല്‍കുന്നത്.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചതോടെ സുപ്രധാന വകുപ്പുകള്‍ക്കായി ബി.ജെ.പി വിലപേശിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ബീഹാറിനെ അടക്കി ഭരിക്കാന്‍ നിതീഷിനെ സഹായിച്ചിരുന്ന ആഭ്യന്തരം അദ്ദേഹം വിട്ടുനല്‍കിയത് പൂര്‍ണമനസോടെയല്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതേചൊല്ലി ജെ.ഡി.യുവും ബി.ജെ.പിയും തമ്മില്‍ ആഭ്യന്തരത്തെ ചൊല്ലി തര്‍ക്കം ഉടലെടുത്തിരുന്നെന്നും അതുകൊണ്ടുതന്നെ വകുപ്പുകളില്‍ തീരുമാനമെടുക്കാന്‍ എന്‍.ഡി.എ സഖ്യത്തിന് ഏറെ സമയമെടുത്തുമെന്നുമാണ് റിപ്പോര്‍ട്ട്.

26 മന്ത്രിമാരാണ് വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 4 മന്ത്രിമാര്‍ ബി.ജെ.പിയില്‍ നിന്നും എട്ട് മന്ത്രിമാര്‍ ജെ.ഡി.യുവില്‍ നിന്നും എല്‍.ജെ.പിക്ക് രണ്ട് മന്ത്രിസ്ഥാനവും എച്ച്.എ.എം, ആര്‍.എല്‍.എം തുടങ്ങിയ എന്‍.ഡി.എ സഖ്യകക്ഷികള്‍ക്ക് രണ്ട് വീതം മന്ത്രിസ്ഥാനവുമാണുള്ളത്.

മറ്റൊരു ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ വിജയ് സിന്‍ഹയ്ക്കാണ് റവന്യൂ വകുപ്പ്.

ബീഹാറിലെ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ജെയ്‌സ്വാള്‍ വ്യവസായ മന്ത്രിയായും മറ്റൊരു ബി.ജെ.പി എം.എല്‍.എയായ മംഗള്‍ പാണ്ഡെ ആരോഗ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
പിന്നോക്കക്ഷേമം-രാമ നിഷാദ്, ദുരന്തനിവാരണം-നാരായണ പ്രസാദ്, തൊഴില്‍-സഞ്ജയ് സിങ് ടൈഗര്‍ റാം കൃപാല്‍ യാദവ്-കൃഷി

എസ്.സി ആന്റ് എസ്.ടി വെല്‍ഫെയര്‍ -ലഖേന്ദ്ര റൗഷന്‍, ടൂറിസം -അരുണ്‍ ശങ്കര്‍ പ്രസാദ്, ഫിഷറീസ് ആന്‍ഡ് അനിമല്‍ റിസോഴ്സസ്-സുരേന്ദ്ര മെഹത, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം പ്രമോദ് കുമാര്‍ എന്നിങ്ങനെ നിര്‍ണായകമായ വകുപ്പുകളെല്ലാം ബി.ജെ.പി കൈവശപ്പെടുത്തിയിരിക്കുകയാണ്.

നിതിന്‍ നബിനാണ് റോഡ് കണ്‍സ്ട്രക്ഷന്‍ മന്ത്രി. ശ്രേയസി സിങ് ഐ.ടി, സ്‌പോര്‍ട്‌സ് മന്ത്രിയായും അധികാരമേറ്റു. ശ്രേയസിയാണ് നിതീഷ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞമന്ത്രിയും.

ഉപേന്ദ്ര കുശ്‌വാഹയുടെ മകന്‍ ദീപക് പ്രകാശ് പഞ്ചായത്ത് രാജ് മന്ത്രിയായി സര്‍പ്രൈസ് എന്‍ട്രിയാണ് നടത്തിയത്. മന്ത്രിമാരെ സംബന്ധിച്ച ചര്‍ച്ചകളിലൊന്നും ഉയര്‍ന്നുകേള്‍ക്കാത്ത പേരായിരുന്നു ദീപക്കിന്റേത്.

18 മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചെങ്കിലും എട്ട് ജെ.ഡി.യു മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

243 സീറ്റുകളിലേക്ക് നടന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ 202 സീറ്റുകളില്‍ വിജയിച്ചിരുന്നു. 89 സീറ്റുകളില്‍ വിജയിച്ച് ബി.ജെ.പി ബീഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. 85 സീറ്റുകളിലായിരുന്നു ജെ.ഡി.യുവിന്റെ വിജയം. എല്‍.ജെ.പി ആര്‍.വി 19 സീറ്റുകളിലും വിജയിച്ചിരുന്നു.

Content Highlight: Nitish becomes CM without home affairs in 20 years; BJP grabs all key positions

We use cookies to give you the best possible experience. Learn more