മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോന്‍. തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടാന്‍ നടിക്ക് എളുപ്പത്തില്‍ തന്നെ സാധിച്ചിരുന്നു. ബാലതാരമായി സിനിമാ മേഖലയില്‍ എത്തിയ നിത്യ 2008ല്‍ കെ.പി. കുമാരന്‍ സംവിധാനം ചെയ്ത ആകാശഗോപുരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ലീഡ് റോളില്‍ എത്തുന്നത്.
അതിനുശേഷം നിരവധി സിനിമകളുടെ ഭാഗമാകാന്‍ നടിക്ക് സാധിച്ചിരുന്നു. മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നാണ് ഉസ്താദ് ഹോട്ടല്‍. തമിഴിൽ മണിരത്നത്തിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഓക്കെ കണ്‍മണിയിലും നിത്യയായിരുന്നു നായിക. ഇപ്പോൾ മണിരത്നത്തെക്കുറിച്ച് സംസാരിക്കുകയാണ് നിത്യ മേനോൻ.
മണിരത്നത്തിൻ്റെ കൂടെ വർക്ക് ചെയ്തത് സ്വപ്നം പോലും കാണാത്ത സൗഭാഗ്യമാണെന്നും ആ സെറ്റിലെത്തിയപ്പോൾ താൻ പകച്ചുപോയെന്നും നിത്യ മേനോൻ പറയുന്നു.
പട്ടാളക്യാമ്പ് പോലെയായിരുന്നു സെറ്റെന്നും അഞ്ച് മണിക്കുതന്നെ സെറ്റിലെത്തണമെന്നും നിത്യ പറഞ്ഞു. ഒരു കലാകാരനിൽ നിന്ന് എങ്ങനെ മാക്സിമം ഔട്ട് പുട്ട് എടുക്കണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാമെന്നും ആർട്ടിസ്റ്റിന് ഫ്രീഡം തരുന്ന സംവിധായകനാണ് അദ്ദേഹമെന്നും നിത്യ അഭിപ്രായപ്പെട്ടു. ആർട്ടിസ്റ്റിൻ്റെ കഴിവ് പുറത്ത് കൊണ്ടുവന്ന് പകർത്തുന്നതാണ് മണിരത്നത്തിൻ്റെ രീതിയെന്നും അവർ കൂട്ടിച്ചേർത്തു.
‘നമ്മുടെ ആഗ്രഹത്തിനപ്പുറത്തായതിനാൽ ഞാൻ സ്വപ്നം പോലും കാണാത്ത സൗഭാഗ്യങ്ങളായിരുന്നു മണിരത്നത്തിൻ്റെ കൂടെ വർക്ക് ചെയ്തത്. ആ സെറ്റിലെത്തിയപ്പോൾ ആദ്യം ഞാൻ പകച്ചുപോയി. പട്ടാള ക്യാമ്പുപോലെയായിരുന്നു സെറ്റ്.
എല്ലാവരും രാവിലെ നാല് മണിക്ക് എഴുന്നേറ്റ് അഞ്ച് മണിക്കുതന്നെ സെറ്റിലെത്തണം, പിന്നെ രാവും പകലും ഷൂട്ടിങ്. ഒരു കലാകാരനിൽ നിന്ന് എങ്ങനെ മാക്സിമം ഔട്ട് പുട്ട് എടുക്കണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അദ്ദേഹം ആർട്ടിസ്റ്റിന് വലിയ ഫ്രീഡം തരും, അതിൽനിന്ന് നമ്മുടെ കഴിവ് പുറത്തുകൊണ്ടുവന്ന് പകർത്തും. അതായിരുന്നു അദ്ദേഹത്തിന്റെ രീതി,’ നിത്യ മേനോൻ പറയുന്നു.
Content Highlight: Nithya Menon Talking about Maniratnam