| Monday, 17th March 2025, 8:34 am

അത്ര ഭീരുവല്ല എന്നും ഒന്നിനെയും ഞാനങ്ങനെ പേടിക്കില്ലെന്നും അന്നാണ് മനസിലായത്: നിത്യ മേനന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആകാശ ഗോപുരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് നിത്യ മേനന്‍. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും നിത്യ ശ്രദ്ധ നേടിയിട്ടുണ്ട്. മലയാളത്തില്‍ ബാച്ചിലര്‍ പാര്‍ട്ടി, ഉറുമി, ബാംഗ്ലൂര്‍ ഡേയ്സ് , 100 ഡേയ്സ് ഓഫ് ലൗ തുടങ്ങിയ സിനിമകളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ നിത്യ മേനന്‍ അവതരിപ്പിച്ചിട്ടുണ്ട്.

മലയാള സിനിമയില്‍ തന്നെ അധികം കാണാത്തതിനെ കുറിച്ച് സംസാരിക്കുകയാണ് നിത്യ മേനന്‍. താമസം ബെംഗളുരുവില്‍ ആയതുകൊണ്ടാകും മലയാളത്തില്‍ നിന്ന് താന്‍ അകലയാണെന്ന തോന്നലുണ്ടാകുന്നതെന്ന് നിത്യ മേനന്‍ പറയുന്നു. തെലുങ്കിലും ഹിന്ദിയിലും സിനിമകള്‍ ചെയ്യുന്ന സമയത്ത് മലയാളത്തിലെ പല ഓഫറുകളും ചെയ്യാനാകാതെ വന്നിട്ടുണ്ടെന്നും നിത്യ പറഞ്ഞു.

അവസാനമായി മലയാളത്തില്‍ അഭിനയിച്ചത് കോളാമ്പി എന്ന ചിത്രത്തില്‍ ആണെന്നും ആ സിനിമയുടെ ഷൂട്ടിങ് സമയത്താണ് താന്‍ അത്ര ഭീരുവല്ല എന്നും ഒന്നിനെയും അങ്ങനെ പേടിക്കില്ലെന്നും മനസിലായതെന്നും നിത്യ മേനന്‍ കൂട്ടിച്ചേര്‍ത്തു.

‘താമസം ബെംഗളുരുവില്‍ ആയതുകൊണ്ടാകും മലയാളത്തില്‍ നിന്ന് ഞാന്‍ ദൂരെയാണെന്ന് തോന്നുന്നത്. തെലുങ്കിലും ഹിന്ദിയിലും തിരക്കിട്ട് സിനിമ ചെയ്യുന്നതിനിടെ മലയാളത്തിലെ പല ഓഫറുകളും ചെയ്യാനാകാതെ വന്നിട്ടുണ്ട്. കോളാമ്പിയാണ് അവസാനമായി ഞാന്‍ ചെയ്ത മലയാള സിനിമ.

ടി.കെ. രാജീവ് സാര്‍ വിളിച്ചപ്പോള്‍ ‘കോളാമ്പി’ എന്ന് ഗൂഗിള്‍ ചെയ്തുനോക്കിയിട്ടാണ് വന്നത്. ചെറിയൊരു അഗ്രഹാരത്തിലായിരുന്നു ഷൂട്ടിങ്. വഴിയില്‍ തന്നെ രണ്ട് അമ്പലങ്ങളുണ്ട്. എല്ലാ ദിവസവും പ്രാര്‍ഥിച്ചിട്ടാണ് സെറ്റിലെത്തുക. അവിടെയുള്ളവര്‍ക്ക് സിനിമയെ കുറിച്ച് ഒന്നുമറിയില്ല. ഒരു ദിവസം ഞങ്ങള്‍ ചെല്ലുമ്പോള്‍ ഷൂട്ടിങ് ടീമിന് വേണ്ടി ബ്രേക്ഫാസ്റ്റ് ഒരുക്കിവച്ചിരിക്കുന്നു.

പുറമേ കാണുന്നതല്ല യഥാര്‍ഥ സ്‌നേഹമെന്ന് തിരിച്ചറിഞ്ഞ നിമിഷമാണത്. കൊവിഡും അങ്ങനെയൊരു കാലമായിരുന്നു. അത്ര ഭീരുവല്ല എന്നും ഒന്നിനെയും ഞാനങ്ങനെ പേടിക്കില്ലെന്നും അന്നാണ് മനസിലായത്. ‘ആറാം തിരുകല്‍പന’ എന്ന സിനിമയും മലയാളത്തില്‍ റിലീസാകാനുണ്ട്. അജയ് ദേവലോക സംവിധാനം ചെയ്യുന്ന രസമുള്ള ത്രില്ലറാണത്,’ നിത്യ മേനന്‍ പറയുന്നു.

Content highlight: Nithya Menen talks about malayalam cinema

We use cookies to give you the best possible experience. Learn more