സീരിയലുകളിലും സിനിമകളിലും അഭിനയിച്ച് മലയാളികള്‍ക്ക് പരിചിതനായ നടനാണ് നിതിന്‍ ജേക്ക് ജോസഫ്. ഫ്‌ളവേഴ്സില്‍ സംപ്രേഷണം ചെയ്ത മഞ്ഞള്‍ പ്രസാദം എന്ന പരമ്പരയിലൂടെയാണ് അദ്ദേഹം സീരിയലുകളില്‍ അഭിനയിച്ച് തുടങ്ങുന്നത്.
പിന്നീട് ഏഷ്യാനെറ്റിലെ നീലക്കുയില്‍ എന്ന സീരിയലിലൂടെയാണ് നിതിന്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ശേഷം മഴവില്‍ മനോരമയിലെ ജീവിത നൗക, സൂര്യ ടി.വിയിലെ കളിവീട് എന്നീ സീരിയിലുകളിലും അദ്ദേഹം അഭിനയിച്ചു.
അനുരാഗ കരിക്കിന്‍ വെള്ളം, ദി ഗ്രേറ്റ് ഫാദര്‍ എന്നീ സിനിമകളിലും നടന്‍ അഭിനയിച്ചിട്ടുണ്ട്. മഷിപ്പച്ചയും കല്ലുപെന്‍സിലും എന്ന ഫീച്ചര്‍ ഫിലിമില്‍ നായകനായി എത്തിയതും നിതിന്‍ ജേക്ക് ജോസഫ് ആയിരുന്നു.
ആ ചിത്രത്തിന് 2024ലെ സോഷ്യല്‍ മെസേജിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചിരുന്നു. ഈ അവാര്‍ഡ് ലഭിച്ചതിനെ കുറിച്ചും നടന്‍ മമ്മൂട്ടിയുടെ കോളിനെ കുറിച്ചും പറയുകയാണ് നിതിന്‍. മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘അത് വിഷുവിന്റെ സമയമായിരുന്നു. ഞാന്‍ സാധാരണ ഫോണ്‍ സൈലന്റാക്കിയിട്ടാണ് വെക്കാറുള്ളത്. അതുകൊണ്ട് രാവിലെ കോള്‍ വന്നാലൊന്നും ഞാന്‍ അറിയില്ല. വീട്ടിലുള്ള ദിവസങ്ങളില്‍ നേരം വൈകിയാണ് ഞാന്‍ എഴുന്നേല്‍ക്കാറുള്ളത്.
അന്നത്തെ ദിവസം എന്നത്തേയും പോലെ വീട്ടിലായത് കൊണ്ട് ഞാന്‍ വൈകിയാണ് എഴുന്നേറ്റത്. ഫോണില്‍ നോക്കുമ്പോള്‍ കുറേ മിസ് കോളുകളാണ് കാണുന്നത്. അതില്‍ പലതും അറിയാത്ത നമ്പറുകള്‍ ആയിരുന്നു. ടി.വിയില്‍ നോക്കുമ്പോള്‍ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചതായി കണ്ടു.
അതോടെ ഇതില്‍ എന്തെങ്കിലും ഒരു അവാര്‍ഡ് നമുക്ക് കിട്ടാതെയിരിക്കില്ല എന്ന് തോന്നി. ഞാന്‍ വെറുതെ നെറ്റില്‍ സെര്‍ച്ച് ചെയ്ത് നോക്കി. അപ്പോള്‍ നമ്മുടെ സിനിമക്ക് അവാര്‍ഡ് എന്നാണ് കാണുന്നത്. ഞാന്‍ ആദ്യം തന്നെ വിളിച്ചത് ഈ സിനിമയുടെ എഴുത്തുകാരനായ ഉണ്ണിച്ചേട്ടനെ (ഉണ്ണികൃഷ്ണന്‍ തേവള്ളി) ആയിരുന്നു.
അറിഞ്ഞപ്പോള്‍ മുതല്‍ക്ക് അദ്ദേഹത്തിനെ പലരും വിളിക്കുന്നുണ്ട് എന്നായിരുന്നു ചേട്ടന്‍ പറഞ്ഞത്. എന്നെ വിളിച്ചവരുടെ കൂട്ടത്തില്‍ മമ്മൂക്കയും ഉണ്ടായിരുന്നു. ഞാന്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ അദ്ദേഹത്തിന് മെസേജ് അയച്ചിരുന്നു. ‘ഞാന്‍ നായകനായി അഭിനയിച്ച പടമാണ്’ എന്ന് പറഞ്ഞായിരുന്നു മെസേജ് അയച്ചത്. അതിന് മമ്മൂക്ക എനിക്ക് ഒരു തംസപ്പ് അയച്ചു.
അപ്പോള്‍ ഞാന്‍ കരുതിയത് അതൊരു തംസപ്പില്‍ ഒതുങ്ങി എന്നായിരുന്നു. ഞാന്‍ എന്നെ വിളിച്ച ഓരോരുത്തരെ ആയി തിരിച്ചു വിളിച്ചു തുടങ്ങിയപ്പോള്‍ ആയിരുന്നു ആ വന്ന കോളില്‍ ഒന്ന് മമ്മൂക്കയുടേത് ആയിരുന്നുവെന്ന് മനസിലാകുന്നത്. അദ്ദേഹം മറ്റൊരാളുടെ നമ്പറില്‍ നിന്നായിരുന്നു എന്നെ വിളിച്ചത്,’ നിതിന്‍ ജേക്ക് ജോസഫ് പറയുന്നു.
Content Highlight: Nithin Jake Joseph Talks About Mammootty And Mashipachayum Kallupencilum Movie