ഒറിജിനല്‍ കഞ്ചാവല്ലെന്നാണ് തോന്നുന്നത്; തിളക്കത്തിലെ അനുഭവം പങ്കുവെച്ച് നിഷാന്ത് സാഗര്‍
Malayalam Cinema
ഒറിജിനല്‍ കഞ്ചാവല്ലെന്നാണ് തോന്നുന്നത്; തിളക്കത്തിലെ അനുഭവം പങ്കുവെച്ച് നിഷാന്ത് സാഗര്‍
അശ്വിന്‍ രാജേന്ദ്രന്‍
Monday, 13th July 2026, 9:45 am

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടന്മാരില്‍ ഒരാളാണ് നിഷാന്ത് സാഗര്‍. 1997ല്‍ വിജയ് പി. നായര്‍ സംവിധാനം ചെയ്ത ഏഴുനിലപ്പന്തല്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ 1999ല്‍ ബിജു വര്‍ക്കി സംവിധാനം ചെയ്ത ദേവദാസി എന്ന ചിത്രത്തിലൂടെയാണ് നടന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. 2000ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കര്‍ചിത്രത്തിലെ നിഷാന്തിന്റെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിഷാന്ത് അവതരിപ്പിച്ച കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ പ്രേക്ഷകശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ് 2003ല്‍ ജയരാജ് സംവിധാനം ചെയത് പുറത്തിറങ്ങിയ തിളക്കത്തിലെ ഗോപിക്കുട്ടന്‍.

തിളക്കം. Photo: Chirimasala Malayalam Comedy/ Youtube.com

നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ കൈയടക്കത്തോടെയായിരുന്നു നിഷാന്ത് സാഗര്‍ അവതരിപ്പിച്ചിരുന്നത്. തിളക്കത്തില്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തുചിരിക്കുന്ന സീനുകളിലൊന്നാണ് ദിലീപ് അവതരിപ്പിച്ച ഉണ്ണിയുടെ പ്രാന്ത് ഇരട്ടിയാകാനായി സലിംകുമാര്‍ അവതരിപ്പിച്ച ഓമനകുട്ടന്‍ കഞ്ചാവ് വലിക്കാന്‍ നല്‍കുന്ന രംഗം. ഓമനെക്കുട്ടന് കഞ്ചാവ് നല്‍കിയത് ഗോപിക്കുട്ടനായിരുന്നു.

അടുത്തിടെ തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് ഒറിജിനല്‍സ് എന്റര്‍ടെയിന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിലെ രംഗത്തെ കുറിച്ച് നിഷാന്ത് സാഗര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. അഭിമുഖത്തില്‍ കൂടെയുണ്ടായിരുന്ന നടന്‍ അശോകന്‍ പറഞ്ഞ വാക്കുകളും പ്രേക്ഷകരില്‍ ചിരിപടര്‍ത്തി.

തിളക്കം. Photo: Malayalam Movie Channel

ആര്‍ട്ട് ഡയറക്ടര്‍ ഒരു പൊതി കൈയില്‍ തന്നിട്ട് ഇത് കൊടുക്കണം എന്ന് പറയുമ്പോഴും തനിക്ക് അത് കഞ്ചാവ് ആണെന്ന് മനസിലായിട്ടില്ലെന്ന് പറയുകയാണ് നിഷാന്ത് സാഗര്‍.  അതിനകത്ത് എന്താണെന്ന് താന്‍ തുറന്ന് നോക്കിയിട്ടില്ലെന്നും ഡയലോഗ് വായിച്ച ശേഷമാണ് അത് എന്താണെന്ന് മനസിലായതെന്നും താരം പറഞ്ഞു. അത് ഡമ്മി ആയിരുന്നില്ലേ എന്ന ചോദ്യത്തിന് ഡമ്മി ആയിരുന്നു എന്ന് തോന്നുന്നു എന്നാണ് ഒരു ചിരിയോടെ നിഷാന്ത് പറഞ്ഞത്. എന്നാല്‍ അത് ഡമ്മിയാണെന്ന് സമ്മതിച്ച് തരില്ലെന്നും അത് ഡമ്മിയായിരുന്നെങ്കില്‍ അത്രയും സ്വതസിദ്ധമായി അഭിനയിക്കാന്‍ സാധിക്കില്ലെന്നുമാണ് അശോകന്‍ പറഞ്ഞത്.

Content Highlight: Nishanth Sagar talks about his scene in Thilakakam Movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.