ഭാഗം ആറ്
ഇന്ത്യന്‍ വിദേശകാര്യ നയത്തിലെ ഉള്ളുകള്ളികള്‍ വെളിപ്പെടുത്തുന്ന കൂടുതല്‍ വിക്കിലീക്‌സ് രേഖകള്‍ ” ദ ഹിന്ദു” പുറത്തുവിട്ടു. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി നിരുപം സെന്നിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ മറ്റൊരു വിദേശകാര്യവിദഗ്ധനെ നിയോഗിച്ചിരുന്നു എന്നതാണ് ഏറ്റവും രസകരമായ വസ്തുത.
നിരുപം സെന്നിന്റെ നിലപാടുകളെക്കുറിച്ച് വിദേശകാര്യമന്ത്രാലയത്തിന് ഏറെ സംശയങ്ങളുണ്ടായിരുന്നു എന്ന നിഗമനത്തിലേക്കാണ് പുറത്തായ രേഖകള്‍ സൂചന നല്‍കുന്നത്. അജയ് മല്‍ഹോത്രയെയാണ് സെന്നിന്റെ അമേരിക്കന്‍ നിലപാടുകളെക്കുറിച്ചും നടപടികളെക്കുറിച്ചും വിദേശകാര്യമന്ത്രാലയത്തിന് വിവരം നല്‍കാനുള്ള ” ചാരനായി ” നിയോഗിച്ചത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അയച്ച ആളാണ് താനെന്ന കാര്യം മല്‍ഹോത്ര അമേരിക്കന്‍ ഉപ പ്രതിനിധി അലക്‌സാന്‍ഡ്രോ വോള്‍ഫിനോട് വ്യക്തമാക്കിയിരുന്നതായും വിക്കിലീക്‌സ് രേഖകള്‍ സൂചിപ്പിക്കുന്നു.
അമേരിക്കന്‍ സര്‍ക്കാറിന്റെ നയങ്ങളെ വിമര്‍ശിച്ചിരുന്ന ആളായിരുന്നു ഇന്ത്യന്‍ പ്രതിനിധി നിരുപം സെന്‍. സെന്നിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാനും ദല്‍ഹിക്ക് വിവരം നല്‍കാനും നിയോഗിച്ച ആളായിരുന്നു മല്‍ഹോത്ര. വിദേശകാര്യ സെക്രട്ടറി ശ്യാം ശരണിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് താന്‍ യു.എന്നിലെത്തിയതെന്നും ഇന്ത്യാ-അമേരിക്ക ബന്ധം കൂടുതല്‍ ദൃഢമാക്കാനുള്ള ചുമതലയാണ് തന്നെ ഏല്‍പ്പിച്ചിട്ടുള്ളതെന്നും അജയ് മല്‍ഹോത്ര വ്യക്തമാക്കിയിരുന്നുവെന്നും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
യു.എന്‍ പരിഷ്‌ക്കരണം: അമേരിക്കയുടെ യാഥാസ്ഥിതിക മുഖം
യു.എന്നിന്റെ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് അല്‍പ്പം പോലും മയമില്ലാത്ത നിലപാടായിരുന്നു അമേരിക്ക സ്വീകരിച്ചതെന്ന് വിക്കിലീക്‌സ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. പരിഷ്‌ക്കരണത്തിനായി വാദിക്കുന്ന ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളെ അവജ്ഞയോടെയാണ് അമേരിക്ക കണ്ടിരുന്നതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
യു.എന്നിനെ അമേരിക്കന്‍ മിഷന്‍ അയച്ച രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യു.എന്‍ പരിഷ്‌ക്കരണം നടപ്പാക്കുകയാണെങ്കില്‍ അത് തങ്ങളുടെ താല്‍പ്പര്യങ്ങളെ ബാധിക്കുമെന്ന് അമേരിക്ക ബാധിച്ചിരുന്നു. പരിഷ്‌ക്കരണം വേണമെന്ന ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങളുടെ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ ഭാവിയില്‍ അമേരിക്കയ്ക്ക് ദോഷകരമായി ഭവിക്കുമെന്നും ഭയപ്പെട്ടിരുന്നു.
പരിഷ്‌ക്കരണത്തിനായി കോലാഹലമുയര്‍ത്തുന്ന രാഷ്ട്രങ്ങള്‍ക്കിടയില്‍ ഒത്തൊരുമയില്ലെന്നും ഇതേനിലയില്‍ കുറേകൂടി മുന്നോട്ടുപോയാല്‍ പരിഷ്‌ക്കരണവാദികളുടെ ആവശ്യത്തിന്റെ തീവ്രത കുറയുമെന്നും അമേരിക്ക പ്രതീക്ഷിച്ചിരുന്നു.
പിടിവാശി വിടാതെ ഇന്ത്യ
യു.എന്‍ പരിഷ്‌ക്കരണ വിഷയത്തില്‍ ഇന്ത്യ മഹാ പിടിവാശി കാണിച്ചിരുന്നതായി രേഖകള്‍ പറയുന്നു. ജപ്പാന്‍, ബ്രസീല്‍, ജര്‍മനി എന്നീ രാഷ്ട്രങ്ങള്‍ തങ്ങളുടെ ആവശ്യത്തില്‍ അയവു വരുത്തിയപ്പോള്‍ ഇന്ത്യ പിടിച്ച പിടിയില്‍ തന്നെ നില്‍ക്കുകയായിരുന്നുവെന്ന് അമേരിക്ക നിരീക്ഷിച്ചിരുന്നു.
പരിഷ്‌ക്കരണം വേണമെന്ന ഇന്ത്യയുടെ പിടിവാശി അമേരിക്കയുമായുള്ള ബന്ധത്തെപോലും ബാധിക്കുമെന്ന നിലയിലെത്തിയിരുന്നു. വാശി തുടര്‍ന്നാല്‍ ഇന്ത്യയുമായുള്ള ബന്ധം തന്നെ പുന: പരിശോധിക്കേണ്ടി വരുമെന്ന് വിദേശകാര്യമന്ത്രാലയത്തിലെ അഡീ.സെക്രട്ടറി കെ.സി.സിംഗിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മൊഴിമാറ്റം: സുരാജ്.പിവി
‘പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് കേരളാ മാഫിയ’: വിക്കിലീക്‌സുമായി ദ ഹിന്ദു (ഒന്നാം ഭാഗം)
പണമെറിഞ്ഞു വീഴ്ത്തുന്ന ദക്ഷിണേന്ത്യന്‍ വോട്ട് (രണ്ടാം ഭാഗം)
വിശ്വാസവോട്ടിന് കോഴ: കോണ്‍ഗ്രസ് മുഖം വികൃതമാക്കി വിക്കിലീക്‌സ് (മൂന്നാം ഭാഗം)
പ്രണബ് മുഖര്‍ജി അമേരിക്കയ്ക്ക് അനഭിമതന്‍? (നാലാം ഭാഗം)
യു.എസ് ബന്ധം: ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ തുവല്‍പക്ഷികള്‍(അഞ്ചാം ഭാഗം)