ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ 2026-2027 വര്‍ഷത്തെ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ച് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സ്ഥിരതയും സാമ്പത്തിക അച്ചടക്കവും സുസ്ഥിര വളര്‍ച്ചയും കൈവരിച്ചതായി നിര്‍മല സീതാരാമന്‍ പറഞ്ഞു.
കയറ്റുമതിയും നിക്ഷേപവും വര്‍ധിച്ചു. ദാരിദ്ര്യനിര്‍മാര്‍ജനത്തിന് പദ്ധതികള്‍ സ്വീകരിച്ചതായും പ്രതിരോധ ശേഷിയുള്ള സാമ്പത്തിക മേഖലയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് അടക്കമുള്ള സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ച് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
സാമ്പത്തിക വളര്‍ച്ചയും എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തവും വികസനവുമാണ് 2026-27 ബഡ്ജറ്റിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇത്തവണത്തേത് യുവശക്തി നയിക്കുന്ന ബഡ്ജറ്റായിരിക്കുമെന്നും സീതാരാമന്‍ പറഞ്ഞു.
രാജ്യത്തെ ആഗോള ബയോ ഫാര്‍മ ഉത്പാദന ഹബ്ബാക്കി മാറ്റുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി 10,000 കോടി രൂപയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ‘ബയോഫാര്‍മ ശക്തി’ പദ്ധതി എന്ന പേരില്‍ ഇത് നടപ്പിലാക്കും.
അപൂര്‍വ ധാതുക്കള്‍ക്കായി പ്രഖ്യാപിക്കപ്പെട്ട കോറിഡോറില്‍ കേരളത്തെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് പുറമെ തമിഴ്‌നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തും.
ധാതു ഖനനം, ഗവേഷണം, ഉത്പാദനം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സെമി കണ്ടക്ടര്‍ മിഷന് 40,000 കോടിയും വകയിരുത്തി. ചെറുകിട വ്യവസായത്തിന് 10,000 കോടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ടെക്സ്ടെയില്‍സ് മേഖലയുടെ വികസനത്തിനായി അഞ്ച് പദ്ധതികള്‍ നടപ്പിലാക്കും. പ്രകൃതിദത്ത നൂല് ഉത്പാദനം വര്‍ധിപ്പിക്കുമെന്നും നൂതനമായ സാങ്കേതിക വിദ്യയുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.
നാഷണല്‍ ഹാന്‍ഡ്‌ലൂം ആന്‍ഡ് ഹാൻഡിക്രാഫ്റ്റ് പ്രോഗാം ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ട്. മെഗാ ടെക്സ്ടെയിൽസ് പാര്‍ക്കും സ്ഥാപിക്കും. ഖാദി മേഖലയുടെ വികസനം ലക്ഷ്യമിട്ട് ‘മഹാത്മാ ഗാന്ധി ഗ്രാം സ്വരാജ് ഇനിഷ്യേറ്റീവ്’ എന്ന പദ്ധതിയ്ക്ക് തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു.
എം.എസ്.എം.ഇകളെ പിന്തുണക്കുന്നതിനായി സെല്‍ഫ് റിലയന്‍സ് ഇന്ത്യ ഫണ്ടിലേക്ക് 4,000 കോടി രൂപ നിക്ഷേപിക്കും. അഞ്ച് മെഡിക്കല്‍ റീജിയണല്‍ ഹബ്ബുകള്‍ കൊണ്ടുവരുമെന്നും മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
ആയുര്‍വേദ ഉത്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കും. ബഡ്ജറ്റില്‍ മൂന്ന് ആയുര്‍വേദ എയിംസും പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് അതിവേഗ റെയില്‍ ഇടനാഴികളും നിര്‍മിക്കും. തമിഴ്നാടിന് രണ്ട് ഹൈസ്പീഡ് റെയില്‍ ഇടനാഴികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്‌ബെംഗളൂരു, ഹൈദരാബാദ്‌ചെന്നൈ, ചെന്നൈ-ബെംഗളൂരു, ദല്‍ഹി-വാരണാസി, വാരാണസി-സിലിഗുരി എന്നിങ്ങനെയായിരിക്കും അതിവേഗ റെയിലുകള്‍.
എന്നാല്‍ ഈ പ്രഖ്യാപനത്തില്‍ കേരളത്തെ അവഗണിച്ചത് പാര്‍ലമെന്റില്‍ പ്രതിഷേധത്തിന് ഇടയാക്കി. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ കേരളം, കേരളം എന്ന് ഉച്ചത്തില്‍ വിളിച്ച് പറയുകയായിരുന്നു.
അതേസമയം കേരളത്തിന്റെ തീരദേശ മേഖലയുടെ വികസനം ഉൾപ്പെടെ ലക്ഷ്യമിട്ട് ‘തീരദേശ ടൂറിസ’ത്തിനും തുടക്കം കുറിക്കും. രാജ്യത്തുടനീളം 20 ദേശീയ ജലപാതകള്‍ നിര്‍മിക്കാനും കേന്ദ്രം ബജറ്റില്‍ പണം വകയിരുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഞായറാഴ്ച ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിയോടെയാണ് എല്ലാ വര്‍ഷവും ബഡ്ജറ്റ് അവതരിപ്പിക്കുക.
ഇതിനുപുറമെ, തുടര്‍ച്ചയായി ഒമ്പത് തവണ ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന നേട്ടമാണ് നിര്‍മല സീതാരാമന്‍ സ്വന്തമാക്കിയിരിക്കുന്നത്.
Content Highlight: Nirmala Seetharaman presents Union Budget 2026; Kerala does not have high-speed rail