ഗോകുലിന്റെ കൂടെ കളിക്കുന്നതിനിടയില്‍ ഡാ എന്നൊരു വിളി വിളിച്ചു; സുരേഷ് ഗോപിയുമായുള്ള അനുഭവം പങ്കുവെച്ച് നിരഞ്ജ് മണിയന്‍പിള്ള രാജു
Malayalam Cinema
ഗോകുലിന്റെ കൂടെ കളിക്കുന്നതിനിടയില്‍ ഡാ എന്നൊരു വിളി വിളിച്ചു; സുരേഷ് ഗോപിയുമായുള്ള അനുഭവം പങ്കുവെച്ച് നിരഞ്ജ് മണിയന്‍പിള്ള രാജു
അശ്വിന്‍ രാജേന്ദ്രന്‍
Friday, 17th July 2026, 8:25 am

കുറഞ്ഞ കാലം കൊണ്ട് മലയാളത്തിലെ അഭിനേതാക്കള്‍ക്കിടയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് നിരഞ്ജ് മണിയന്‍പിള്ള രാജു. മലയാളത്തിലെ സീനിയര്‍ നടനും അഭിനേതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകനെന്ന ലേബലില്‍ സിനിമയിലെത്തിയ താരം അവസാനമായി പുറത്തിറങ്ങിയ കൃഷാന്ദ് സംവിധാനം ചെയ്ത മസ്തിഷ്‌ക മരണം എന്ന ചിത്രത്തിലൂടെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിരഞ്ജ് മണിയന്‍പിള്ള രാജു. Photo: The Hindu

2013ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നിരഞ്ജ് സകലകലാശാല, ഫൈനല്‍സ്, ഒരു താത്വിക അവലോകനം തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടുണ്ട്. അടുത്തിടെ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ അച്ഛന്റെ സുഹൃത്തും മലയാളത്തിലെ സൂപ്പര്‍ താരവുമായ സുരേഷ് ഗോപിയുമായുള്ള അനുഭവം പറയുന്ന നിരഞ്ജിന്റെ വാക്കുകളാണ് പ്രേക്ഷകരില്‍ ചിരി പടര്‍ത്തുന്നത്. തന്റെ കുട്ടിക്കാലത്ത് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷുമായി കളിക്കുന്നതിനിടയില്‍ ഉണ്ടായ അനുഭവമാണ് നിരഞ്ജ് പങ്കുവെച്ചത്.

നിരഞ്ജ് മണിയന്‍പിള്ള രാജു. Photo: The Hindu

പണ്ട് സുരേഷേട്ടന്റെ വീട്ടില്‍ താന്‍ കളിക്കാന്‍ പോകാറുണ്ടായിരുന്നുവെന്നും ഗോകുല്‍ തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും പറയുകയാണ് താരം. അവിടെ ഉണ്ടായിരുന്ന ചോക്ലേറ്റ്‌സില്‍ നിന്ന് ഒരെണ്ണം എടുക്കുമ്പോഴേക്കും ഗോകുല്‍ ഇല്ല തരില്ല എന്ന് പറഞ്ഞ് കരയാറുണ്ടെന്നും ഇത് കണ്ട് ഡാ കൊടുക്കെടാ എന്ന് പറഞ്ഞ് സുരേഷ് ഗോപി കണ്ണുരുട്ടാറുണ്ടെന്നും താരം ഓര്‍ത്തെടുക്കുന്നു.

സുരേഷ് ഗോപി കുടുംബത്തോടൊപ്പം (പഴയ ഫോട്ടോ). Photo: The Times Of India

‘കളിയെല്ലാം കഴിഞ്ഞാല്‍ അച്ഛന്‍ എന്നെ കൂട്ടാനായി വരും. ഞാന്‍ കാറില്‍ കയറി ഇരുന്നാലും അച്ഛനും പുള്ളിയും ചേര്‍ന്ന് അവിടെ അപ്പോഴും സംസാരിച്ച് കൊണ്ടിരിക്കുകയായിരിക്കും. ഇത് കണ്ടിട്ട് ഞാന്‍ കാറിലെ ഹോണ്‍ അടിച്ച് കൊണ്ടിരിക്കും. ഞാന്‍ വണ്ടിയില്‍ കയറി ഇരിക്കുകയല്ലേ പോകണ്ടേ എന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെ ഹോണ്‍ അടിക്കുന്നതിനിടയില്‍ സുരേഷേട്ടന്‍ ഡാ എന്നൊരു വിളി വിളിച്ചു. ഞെട്ടി പേടിച്ച് വണ്ടിയില്‍ തന്നെ ഞാന്‍ കുനിഞ്ഞിരുന്നു. കമ്മീഷ്ണറില്‍ എല്ലാം വിളിക്കുന്ന പോലെയാണ് വിളിച്ചത്.

Content Highlight: Niranj Maniyanpilla Raju talks about his childhood memory about Superstar Suresh Gopi

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.