| Thursday, 6th June 2019, 8:25 am

ഞങ്ങള്‍ ഒപ്പമുണ്ട് അവനെ ഒറ്റപ്പെടുത്തില്ല; പിന്തുണയുമായി നിപാ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ നാട്ടുകാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിപാ വൈറസ് ബാധ ഒരുതവണ കൂടി കേരളത്തില്‍ സ്ഥീകരിച്ചതിന്റെ ഞെട്ടലിലായിരുന്നു മലയാളികള്‍. എന്നാല്‍ ഭയപ്പെടേണ്ട അവസരമല്ല ഇതെന്നും കൃത്യമായ ജാഗ്രതയും പ്രതിരോധവും ഉണ്ടെങ്കില്‍ രോഗത്തെ അതീജീവിക്കാമെന്നും തെളിയിച്ചു കഴിഞ്ഞു കേരളത്തിലെ ആരോഗ്യരംഗം.

നിപ്പയെ ചെറുത്ത് തോല്‍പ്പിക്കാനാകുമെന്ന ഉറച്ച ആത്മവിശ്വാസത്തില്‍ തന്നെയാണ് രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ നാടായ വടക്കേക്കര പഞ്ചായത്ത് നിവാസികള്‍.

കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും ബോധവത്ക്കരണത്തിലൂടെയും ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുകയാണ് ഈ നാട്ടുകാര്‍.

ഇവിടെ ആരേയും ഒറ്റപ്പെടുത്താനോ കുറ്റപ്പെടുത്താനോ തങ്ങളെ കിട്ടില്ലെന്നും തികഞ്ഞ ജാഗ്രതയിലും തങ്ങള്‍ ഒറ്റക്കെട്ടാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

ഇവിടെ കാര്യങ്ങളെല്ലാം മുന്‍പത്തേതു പോലെ തന്നെയാണ്. കടകളെല്ലാം തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ആളുകള്‍ ജോലിക്കു പോകുന്നുണ്ട്. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. ഭയന്ന് പേടിച്ച് വീട്ടിലിരിക്കേണ്ട കാര്യമൊന്നുമില്ല. പ്രതിരോധവും പരിചരണവും നല്‍കുക. അതില്‍ മാത്രമാണ് വിശ്വസിക്കുന്നത്. – നാട്ടുകാര്‍ വ്യക്തമാക്കുന്നു.

രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ പഞ്ചായത്തധികൃതരും ആരോഗ്യ പ്രവര്‍ത്തകരും ദിവസവും പോകുന്നുണ്ട്. അവര്‍ ഒരിക്കലും ഒറ്റയ്ക്കാവില്ലെന്നും നാട്ടുകാര്‍ പറയുന്നു.

നേരത്തെ കോഴിക്കോട് പേരാമ്പ്രയില്‍ നിപാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ഒരു കുടുംബം മാത്രമല്ല ഒരു നാട് തന്നെയായിരുന്നു ഒറ്റപ്പെട്ടത്. കടകള്‍ തുറക്കാതേയും പുറത്തിറങ്ങാതെയും വലിയ ഭീതിയിലായിരുന്നു ആളുകള്‍. എന്നാല്‍ ഇന്ന് സാഹചര്യം മാറി. നിപ എന്താണെന്നും അതിനെ എങ്ങിനെ നേരിടമെന്നും മനസിലാക്കിക്കഴിഞ്ഞു മലയാളികള്‍.

We use cookies to give you the best possible experience. Learn more