| Saturday, 12th July 2025, 10:40 pm

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍; പുതിയ കേസുകളില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ മാത്രം. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും എറണാകുളത്ത് രണ്ട് പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

മലപ്പുറത്ത് 10 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ ഐ.സി.യുവിലാണ്. ജില്ലയില്‍ ഇതുവരെ 62 സാമ്പിളുകള്‍ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ അഞ്ച് പേരാണ് ഐസൊലേഷനില്‍ കഴിയുന്നത്. അഞ്ച് പേരെ ഡിസ്ചാര്‍ജ് ചെയ്തതായും മന്ത്രി അറിയിച്ചു.

കൂടാതെ സംസ്ഥാനത്ത് 14 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 82 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലുണ്ട്. കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ കേന്ദ്ര സംഘം മലപ്പുറം, പാലക്കാട് ജില്ലകള്‍ സന്ദര്‍ശിച്ചിരുന്നു. രോഗത്തിന്റെ സാഹചര്യങ്ങള്‍ പഠിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുകയാണ് പ്രധാനമായും സംഘത്തിന്റെ ലക്ഷ്യം.

ഇതിന് പുറമെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ സഹായിക്കുന്നതിനായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നിയോഗിച്ച നാഷണല്‍ ജോയിന്റ് ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീമും ജില്ലയില്‍ എത്തിയിരുന്നു.

കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴിവാക്കി നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുകയും ചെയ്തിരുന്നു. നിപയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്ന് (ശനി) ഉന്നതതല യോഗം ചേര്‍ന്നു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Content Highlight: Total 497 people on Nipah contact list in the state; no new cases

We use cookies to give you the best possible experience. Learn more