| Wednesday, 25th June 2025, 2:23 pm

ആ സിനിമയുടെ റിലീസിന് മുമ്പ് എനിക്ക് ഉറങ്ങാനെ കഴിഞ്ഞില്ല: നിമിഷ സജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2017ല്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് നിമിഷ സജയന്‍. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2018ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടാന്‍ നിമിഷക്ക് സാധിച്ചിരുന്നു.

2021ല്‍ ഏറെ ചര്‍ച്ചാ വിഷയമായ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയിലെ പ്രകടനമികവ് നിമിഷക്ക് അന്യഭാഷയിലും ശ്രദ്ധ നേടികൊടുത്തിരുന്നു. ജിഗര്‍തണ്ട ഡബിള്‍ എക്‌സ്, ചിത്താ എന്നീ തമിഴ് സിനിമകളില്‍ അഭിനയിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ നിമിഷ നായികയായി എത്തിയ നാലാമത്തെ തമിഴ് സിനിമയാണ് ഡി.എന്‍.എ.

തന്റെ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ നിമിഷ സജയന്‍. സിനിമ റിലീസാകുന്നതിന് മുമ്പ് പ്രേക്ഷകരുടെ പ്രതികരണമെന്താണെന്ന് ഓര്‍ത്ത് തനിക്ക് പേടിയുണ്ടാകാറുണ്ടെന്നും ഡി.എന്‍.എ യുടെ പ്രിവ്യു ഷോ കഴിഞ്ഞ് പോയ അന്നും തനിക്ക് ഒട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും നടി പറയുന്നു.

തനിക്ക് ഒരുപാട് മെസേജുകളും മറ്റും ഫോണില്‍ വന്നിരുന്നുവെന്നും എല്ലാവരുടെയും സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ടെന്നും നിമിഷ കൂട്ടിച്ചേര്‍ത്തു. തനിക്ക് ഈ സിനിമയില്‍ നന്നായി അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിന് കാരണം സംവിധായകനാണെന്നും താന്‍ എപ്പോഴും ആ ക്രെഡിറ്റ് സംവിധായകര്‍ക്കാണ് കൊടുക്കാറുള്ളതെന്നും അവര്‍ പറയുന്നു. ഡി.എന്‍.എയുടെ പ്രൊമോഷന്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു നിമിഷ സജയന്‍.

‘എല്ലാ പടവും റിലീസാകുമ്പോള്‍ ഒരു പേടി കാണും. സിനിമ ആളുകള്‍ക്ക് ഇഷ്ടമാകുകയോ ഇല്ലയോ എന്ന്. ഈ സിനിമയുടെ പ്രിവ്യൂ ഷോ വെച്ചപ്പോള്‍ അതിന്റെ റെസ്‌പോണ്‍സ് കിട്ടിയപ്പോള്‍ ഞാന്‍ ശരിക്കും വീട്ടില്‍ പോയി ഉറങ്ങിയില്ല. എനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ലായിരുന്നു.

ഞാന്‍ രണ്ട് മണിക്ക് നെല്‍സണ്‍ സാറിനെ വിളിച്ചു. എനിക്ക് കുറെ മെസേജുകള്‍ വരുന്നുണ്ടായിരുന്നു. എനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല. എല്ലാവരുടെയും സ്‌നേഹത്തിന് ഒരുപാട് നന്ദി. എല്ലാവരും പറയുന്നുണ്ട് എന്റെ പെര്‍ഫോമന്‍സ് നന്നായിട്ടുണ്ട് എന്നൊക്കെ. അതിന്റെ എല്ലാ ക്രഡിറ്റ്‌സും ഞാന്‍ ഡയറക്ടറിന് കൊടുക്കുകയാണ്. എപ്പോഴും ഞാന്‍ എന്റെ പെര്‍ഫോമന്‍സ് നന്നായിട്ടുണ്ടെങ്കില്‍ പറയും അത് സംവിധായകന്‍ കാരണമാണെന്ന്,’ നിമിഷ പറയുന്നു.

Content Highlight: Nimisha sajayan talks about DNA movie

We use cookies to give you the best possible experience. Learn more